ഒടുവിൽ ഭാവി വരനെ പരിചയപ്പെടുത്തി കാർത്തിക നായർ! കൗണ്ട്ഡൗൺ ആരംഭിച്ചെന്ന് നടി; ചിത്രങ്ങൾ വൈറൽ
ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് കാർത്തിക നായർ. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന പഴയകാല നടി രാധയുടെ മകളാണ് കാർത്തിക. മലയാളിയാണെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിലാണ് രാധ കൂടുതൽ തിളങ്ങിയത്. മലയാളം, കന്നഡ, തമിഴ്ഭാഷകളിലായി ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാനും രാധയ്ക്ക് സാധിച്ചിരുന്നു. അമ്മയുടെ പാത പിന്തുടർന്നെത്തിയ കാർത്തികയും മലയാളത്തിൽ ഉൾപ്പടെ എല്ലാ തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങിയിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് കാർത്തിക. അതിനിടെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്കും കടക്കുകയാണ് നടി. അടുത്തിടെയാണ് തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി കാർത്തിക ആരാധകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ മോതിരമണിഞ്ഞുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം സന്തോഷം പങ്കുവെച്ചത്. പിന്നാലെ അമ്മ രാധയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് എത്തുകയുണ്ടായി.

വികാരനിർഭരമായ ഒരു കുറിപ്പിനൊപ്പമായിരുന്നു രാധ ചിത്രങ്ങൾ പങ്കുവെച്ചത്. 'ഞങ്ങളുടെ മകളെ പുതിയൊരു കുടുംബത്തിലേക്ക് ഉടന്‍ നല്‍കുന്നു എന്ന അഭിമാനം എത്രത്തോളമാണെന്ന് എനിക്ക് പറയാന്‍ പറ്റുന്നില്ല. സന്തോഷവും വിജയകരവുമായ ദാമ്പത്യം നല്‍കി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. നിനക്ക് വേണ്ടി ഈ മനോഹരമായ കുടുംബം തിരഞ്ഞെടുക്കാൻ പറ്റിയതിൽ എന്നെ ഭാഗ്യവതിയെന്ന് വിളിക്കാൻ പറ്റുന്നില്ല. രണ്ട് കുടുംബങ്ങളും ഒന്നിക്കുന്നതാണ് വിവാഹം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
എന്റെ മനസ്സില്‍ ഇപ്പോള്‍ സമ്മിശ്രമായ ഒരുപാട് വികാരങ്ങളാണുള്ളത്. എന്നാല്‍ ഏറ്റവും വലിയ വൈബ്രേഷന്‍ നിന്റെ സ്‌നേഹവും സന്തോഷവുമാണ്. ഏതൊരു അമ്മയ്ക്കും ആഗ്രഹിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മകളാണ് നീ കാര്‍ത്തൂ. ഇരുകുടുംബങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല സമ്മാനമാണ് നീ. നീ എനിക്ക് നല്‍കിയ ഈ അത്ഭുമായ അനുഭവത്തിന് നന്ദി,' എന്നായിരുന്നു രാധ കുറിച്ചത്. നിരവധി പേരാണ് കാർത്തികയുടെയും രാധയുടെയും പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്.
ആശംസകൾ അറിയിച്ച് എത്തിയവർക്ക് അറിയേണ്ടതും ഒരേ കാര്യമായിരുന്നു. ആരാണ് വരൻ എന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചെങ്കിലും രാധയോ കാർത്തികയോ വരന്റെ ചിത്രങ്ങളോ മറ്റു വിവരങ്ങളോ പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ വരനെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് കാർത്തിക. സോഷ്യൽ മീഡിയയിൽ വരന്റെ മുഖം കാണുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.
'നിന്നെ കണ്ടുമുട്ടുക എന്നത് വിധിയായിരുന്നു... നിയുമായി പ്രണയത്തിലായത് കേവലം മായാജാലമായിരുന്നു. നമ്മുടെ കൗണ്ട്ഡൗൺ ആരംഭിക്കുന്നു' എന്ന ക്യാപ്ഷ്യനോടെയാണ് ഭാവി വരന്റെ മുഖം കാണുന്ന ചിത്രങ്ങൾ നടി പങ്കിട്ടത്. രോഹിത് മേനോന്‍ എന്നാണ് കാർത്തികയുടെ ഭാവി വരന്റെ പേര്. എന്നാല്‍ രോഹിത് ആരാണെന്നോ, എന്താണെന്നോ ഉള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. രോഹിത്തിന്റെ ഇന്‍സ്റ്റഗ്രാം പേജ് കാര്‍ത്തിക കൊളാബ് ചെയ്തിട്ടുണ്ടെങ്കിലും ആ അക്കൗണ്ട് പ്രൈവറ്റാണ്. പോസ്റ്റിന് താഴെ നിരവധി പേർ രണ്ടുപേർക്കും ആശംസകൾ നേർന്ന് എത്തുന്നുണ്ട്.

2009ൽ പുറത്തിറജിയ ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കാർത്തിക വെള്ളിത്തിരയിലേക്ക് എത്തുന്നത്. എന്നാൽ 2011ൽ പുറത്തിറങ്ങിയ കോ എന്ന തമിഴ് ചിത്രമാണ് കാർത്തികയ്ക്ക് ശ്രദ്ധനേടി കൊടുക്കുന്നത്. ജീവയും അജ്മൽ അമീറും പ്രധാന വേഷത്തിലെത്തിയ ചിത്രം കേരളത്തിലടക്കം ശ്രദ്ധനേടിയിരുന്നു. ഇതിനു പിന്നാലെ മകരമഞ്ഞ് എന്ന സിനിമയിലൂടെ കാർത്തിക മലയാളത്തിലേക്കും എത്തി. എന്നാൽ രണ്ടാമത് അഭിനയിച്ച കമ്മത്ത് ആൻഡ് കമ്മത്തിലൂടെയാണ് കാർത്തിക മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത്.
മമ്മൂട്ടിയും ദിലീപും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ ദിലീപിന്റെ നായികയുടെ വേഷമായിരുന്നു കാർത്തികയ്ക്ക്. ബാക്ക്പാക്കേഴ്സ് ആയിരുന്നു കാർത്തികയുടെ മലയാളത്തിലെ അവസാന സിനിമ. ആര്യയും വിജയ് സേതുപതിയും പ്രധാനവേഷങ്ങളിൽ എത്തിയ പുറമ്പോക്ക് എന്ന ചിത്രത്തിലാണ് കാർത്തിക അവസാനമായി അഭിനയിച്ചത്. 2015ൽ ആയിരുന്നു ഇത്.


Click it and Unblock the Notifications