ആറാം ക്ലാസ് മുതലുള്ള പ്രണയം, കുറേക്കാലം കഴിഞ്ഞപ്പോള്‍ രണ്ടാള്‍ക്കും മടുപ്പായി; ഡിവോഴ്‌സിനെപ്പറ്റി ലെന
മലയാള സിനിമയിലെ മുന്‍നിര നടിയാണ് ലെന. പ്രായം നോക്കാതെ ഏത് തരം വേഷവും ചെയ്യുന്ന നായിക. നായകന്റെ അമ്മയായടക്കം അഭിനയിച്ച് ലെന കയ്യടി നേടിയിട്ടുണ്ട്. സീരിയസ് വേഷം മുതല്‍ കോമഡി വരെ ചെയ്ത് ഫലിപ്പിക്കാന്‍ സാധിക്കുന്ന നടിമാരില്‍ ഒരാള്‍. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ലെന.
ഓണ്‍ സ്‌ക്രീനിലെ പ്രകടനം കൊണ്ട് കയ്യടി നേടുന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലെ ജീവിതത്തിലൂടെ നിരവധി പേര്‍ക്ക് പ്രചോദനമായി മാറാറുണ്ട് ലെന. വ്‌ളോഗിംഗിന്റേയും സോഷ്യല്‍ മീഡിയയുടേയും കാലത്തിനും മുമ്പേ യൂട്യൂബ് ചാനലിലൂടെ തന്റെ യാത്രാ വീഡിയോകള്‍ പങ്കുവച്ച് ശ്രദ്ധ നേടിയ താരം കൂടിയാണ് ലെന.

ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതത്തിലെ വിള്ളലുകളെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ലെന. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലെന മനസ് തുറക്കുന്നത്. ഒരിക്കലും ഞങ്ങള്‍ രണ്ടു പേരും ഒരു പ്രശ്നം ഉണ്ടാക്കി തല്ലുപിടിച്ച് വിവാഹമോചനത്തില്‍ എത്തിയതല്ല. പരസ്പരം മനസിലാക്കി, സംസാരിച്ച് പിരിഞ്ഞവരാണെന്നാണ് ലെന പറയുന്നത്.
''ഇപ്പോഴും ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാകുന്നത്. വിവാഹ സമയമെത്തിയപ്പോള്‍ ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചു. കുറേക്കാലം ഒരുമിച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരു ചെറിയ മടുപ്പ് തുടങ്ങി. ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്, ഇടയ്ക്കൊന്ന് തല്ലുപിടിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ രണ്ടു പേരും ഇപ്പോഴും ഒരുമിച്ച് ഉണ്ടായിരുന്നേനെ എന്ന്'' എന്നാണ് ലെന പറയുന്നത്.
തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും ലെന വാചാലയാകുന്നുണ്ട്. ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ എന്നെ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. സിനിമ എന്താണെന്ന് പോലും അറിയാത്ത പ്രായത്തിലാണ് ഞാന്‍ ഈ മേഖലയില്‍ എത്തുന്നത്. സ്നേഹം എന്ന ചിത്രത്തില്‍ ജയറാമിന്റെ അനിയത്തിയുടെ വേഷമായിരുന്നു ചെയ്തതെന്നാണ് ലെന പറയുന്നത്.
സെക്കന്‍ഡ് ഹാഫ് ആകുമ്പോള്‍ ചിത്രത്തില്‍ സിദ്ധീഖിന്റെ കഥാപാത്രം എന്നെ വിവാഹം കഴിക്കുന്ന സീനുണ്ട്. ആ സമയത്ത് അവിടെയുള്ളവരൊക്കെ എന്നെ റാഗ് ചെയ്തിട്ടുണ്ടെന്നും ലെന പറയുന്നു. കരിയറില്‍ തിരിഞ്ഞു നോക്കുകയാണെങ്കില്‍ എന്റെ ഏറ്റവും നല്ല ക്യാരക്ടറുകളില്‍ മിക്കതും സിദ്ധീഖ് ഇക്കയുടെ കൂടെയാണ്. വെള്ളിമൂങ്ങ, ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, അങ്ങനെ ഒരുപാട് സിനിമകളില്‍ ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിച്ചു കഴിഞ്ഞുവെന്ന് ലെന ചൂണ്ടിക്കാണിക്കുന്നു.
തന്റെ അതേ പ്രായക്കാരനായ നായകന്മാരുടെ അമ്മ വേഷത്തിലടക്കം ലെന അഭിനയിച്ചിട്ടുണ്ട്. മുപ്പതുകളില്‍ ഞാന്‍ നിരവധി നടന്മാരുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. ഇനി വയസാകുമ്പോള്‍ ഏതുതരം കഥാപാത്രം ചെയ്യുമെന്ന് ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ടെന്നാണ് ലെന പറയുന്നത്. അതേസമയം, പ്രായമുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നത് ഒരു ചലഞ്ച് തന്നെയാണെന്നും ലെന പറയുന്നു. പക്ഷെ അത് സ്ഥിരമായി വരുമ്പോള്‍ കരിയറില്‍ പ്രശ്നങ്ങളുണ്ടാകും. നല്ല കഥാപാത്രങ്ങള്‍ വരുമ്പോള്‍ അത് സ്വീകരിക്കാന്‍ മനസ് പറയും. ചിലത് റിപ്പീറ്റഡ് ആയി തോന്നുമ്പോള്‍ ഇടയ്ക്ക് ബ്രേക്ക് എടുക്കാറുണ്ടെന്നും ലെന പറയുന്നു.

അറുപത് വയസുള്ള കഥാപാത്രങ്ങള്‍ ഒരു നാല്‍പ്പത്തഞ്ച് വയസ് കഴിഞ്ഞതിന് ശേഷം ചെയ്താല്‍ പോരെ എന്ന് ഞാന്‍ ചോദിച്ചു തുടങ്ങിയിരുന്നു. എന്ന് നിന്റെ മൊയ്തീന്‍ സിനിമയില്‍ അഭിനയിച്ച ശേഷം അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് എനിക്ക് കൂടുതലും വന്നിരുന്നതെന്നാണ് ലെന പറയുന്നു. മൊയ്തീനിലെ ലെനയുടെ കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ട ഒന്നാണ്.
എല്ലാ സിനിമകളും എനിക്ക് പ്രിയപ്പെട്ടതാണ്. കഥാപാത്രങ്ങള്‍ വേറിട്ടതാണോ എന്ന് ശ്രദ്ധിക്കാറുണ്ട്. കഥാപാത്രം സിനിമയ്ക്ക് അഭിവാജ്യമായ ഘടകമാണോ എന്ന് പരിശോധിക്കുമെന്നാണ് തന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ലെന പറയുന്നത്. ഇനി ആ കഥാപാത്രമില്ലാതെ പോലും കഥയുടെ ഒഴുക്ക് നന്നായി പോകുന്നുണ്ടെങ്കില്‍ ഞാന്‍ ആ സിനിമ തെരഞ്ഞെടുക്കില്ല. ആ ഒരു തെരഞ്ഞെടുപ്പ് ട്രാഫിക് എന്ന സിനിമയ്ക്ക് ശേഷമാണ് ഞാന്‍ സ്വീകരിച്ചതെന്നും ലെന പറയുന്നു.


Click it and Unblock the Notifications











