ഐശ്വര്യയും ചന്ദ്രുവും വീണ്ടും കണ്ടുമുട്ടി: താങ്കൾ ഇന്ത്യൻ 3 യിൽ ഉണ്ടോ? ആരാധകന്റെ ചോദ്യം ശ്രദ്ധേയം
വർഷങ്ങൾക്കു ശേഷം ഐശ്വര്യയും ചന്ദ്രുവും വീണ്ടും കണ്ടുമുട്ടി. ഇത്തവണ പക്ഷേ സ്ക്രീനിൽ ഐശ്വര്യ ഇല്ല. 1996 ൽ റിലീസ് ചെയ്ത ഇന്ത്യൻ എന്ന തമിഴ് ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചവരാണ് മനീഷ കൊയ്രാളയും കമൽഹാസനും. ഇപ്പോൾ അതിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുമ്പോൾ വീണ്ടും കണ്ടതിന്റെ സന്തോഷം മനീഷ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വെച്ചിരുന്നു. ചിത്രത്തിനു താഴെ കമൽഹാസനെ കുറിച്ച് വലിയൊരു കുറിപ്പും എഴുതിയിട്ടുണ്ട്.
"ഞാൻ വർക്ക് ചെയ്തതിൽ ഏറ്റവും ബ്രില്ല്യന്റായ വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. പുസ്തകം, സിനിമ, ഫാഷൻ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ലോകം. നിരവധി പുസ്തകങ്ങൾ അദ്ദേഹം എന്നിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അതുല്യവും ആഴത്തിലുള്ളതുമായ നിരീക്ഷണങ്ങൾ പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ എന്നെ അത്ഭുതപ്പെടുത്തി. സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകൾ സമാനതകളില്ലാത്തതാണ്. മണിക്കൂറുകളോളം കമൽ ഹാസനയുമായി സംസാരിക്കുകയും അദ്ദേഹം പറയുന്ന കാര്യങ്ങൾ കേട്ടു കൊണ്ടിരിക്കുകയും ചെയ്യാം. നന്ദി കമൽ ജി, നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും. ഓരോ തവണ കാണുമ്പോഴും നിങ്ങൾ എന്നെ അത്ഭുതപ്പെടുത്തി കൊണ്ടേയിരിക്കുന്നു".

ഇന്ത്യൻ 2 രണ്ടാം ഭാഗം ഇറക്കുമ്പോൾ ചന്ദ്രുവിന്റെ ഐശ്വര്യ ഉണ്ടാവുമോ എന്ന രീതിയിൽ ചോദ്യങ്ങൾ ഉയർന്നിരുന്നു. "രണ്ട് പേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം, താങ്കളെ കൽകി 2 വിലോ, അല്ലെങ്കിൽ ഇന്ത്യൻ 3 യിലോ കാണാൻ സാധിക്കുമോ?." "രണ്ട് പേരും ഒരുമിച്ച് ഒരു സിനിമ ചെയ്യൂ." ഇതുപോലെ നിരവധി കമന്റുകളാണ് ഇരുവരെ കുറിച്ചും ആരാധകർക്ക് ചോദിക്കാനുള്ളത്. "ഈ ജോഡിയെ ഒരുപാട് മിസ് ചെയ്യുന്നു" എന്നാണ് പലരും പറയുന്നത്. കൂടാതെ കമൽ ഹാസനുമൊത്തുള്ള പഴയ ചിത്രവും പുതിയ ചിത്രവും കൊളാഷ് ചെയ്ത് ഒരു സ്റ്റോറിയും ഇട്ടിട്ടുണ്ട്.
ബോളിവുഡ് സിനിമയിൽ ഒരു കാലത്ത് തംരംഗം സൃഷ്ടിച്ച നായികയാണ് മനീഷ കൊയ്രാള. ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിൽ നിരവധി ചിത്രങ്ങളാണ് താരം ചെയ്തത്. മണി രത്നം സംവിധാനം ചെയ്ത ബോംബൈ എന്ന ചിത്രത്തിലൂടെയാണ് മനീഷ കൊയ്രാള തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം ഇന്ത്യൻ, മുതൽവൻ, ആളവന്താൻ, ബാബ, മാപ്പിളൈ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമകളിൽ ഇടക്കിടെ വന്നു.

'ഇന്ത്യൻ' സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. ടെലിഫോൺ മണിഫോൺ, മായ മച്ചിന്ദ്രാ എന്നീ ഗാനങ്ങൾ രോമാഞ്ചം തന്നിട്ടുണ്ട്. മനീഷ കൊയ്രാളയും കമൽഹാസനും ഒരുമിച്ച് അഭിനയിച്ച രണ്ട് പാട്ടും ആ കാലത്ത് എല്ലാവരും ഒരേ സ്വരത്തിൽ പാടി കൊണ്ടിരുന്നു. ചിത്രത്തിൽ ഇരുവരും ഒരുമിച്ചുള്ള സീനുകളും മനോഹരമായിരുന്നു. മനീഷക്കൊപ്പം ഊർമിള മറ്റോണ്ട്കറും നായിക പ്രാധാന്യമുള്ള വേഷത്തിൽ ചിത്രത്തിലുണ്ടായിരുന്നു.
നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത സഞ്ചയ് ലീലാ ബൻസാലിയുടെ ഹീരാമണ്ടി ദ ഡയമണ്ട് ബസാർ എന്ന വെബ് സീരീസിൽ മനീഷ കൊയ്രാള പ്രധാന വേഷത്തിലുണ്ടായിരുന്നു. ഈ വെബ്സീരീസ് വലിയ രീതിയിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഹീരാമണ്ടിയാണ് മനീഷയുടേതായി അവസാനം ഇറങ്ങിയ ചിത്രം.


Click it and Unblock the Notifications











