കുടിച്ച് നാല് കാലില്‍ സംഗീത സംവിധായകന്‍! അച്ഛന്‍ വന്നതുകൊണ്ട് രക്ഷപ്പെട്ടു; ദുരനുഭവം പറഞ്ഞ് നടി
ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് മഞ്ജുവാണി. ജീവിതത്തില്‍ വക്കീല്‍ കൂടിയായ മഞ്ജു ഡബ്ബിംഗ് ആര്‍ട്ടിസ്‌റ്റെന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു. പാട്ടുകാരിയാകാനായിരുന്നു മഞ്ജുവിന്റെ ആഗ്രഹം. എന്നാല്‍ ഒരിക്കലൊരു സംഗീത സംവിധായകനില്‍ നിന്നുമുണ്ടായ മോശം അനുഭവത്തെ തുടര്‍ന്നാണ് താരം ഗായികയാകാനുള്ള മോഹം ഉപേക്ഷിക്കുന്നത്. ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ അനുഭവം തുറന്ന് പറയുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ഇന്നെനിക്ക് തെറ്റായിരുന്നു ആ തീരുമാനം എന്ന് തോന്നുന്നുണ്ട്. ഇരുപതാം വയസ് വരെ പാട്ട് പഠിച്ചിരുന്നു. കച്ചേരിയൊക്കെ പഠിച്ചിരുന്നു. ക്ലാസിക്കല്‍ അല്ലാതെ, ലളിതഗാനമോ സിനിമാ പാട്ടോ പാടുന്നത് അച്ഛനും അമ്മയ്ക്കും ഇഷ്ടമായിരുന്നില്ല. ഒളിച്ചും പാത്തുമാണ് സിനിമാ പാട്ടൊക്കെ പാടിയിരുന്നത്. വളരെ ചിട്ടയോടെയായിരുന്നു ശാസ്ത്രീയ സംഗീതം പഠിച്ചത്. രാവിലെ ഒരു മണിക്കൂര്‍ സാധകം ചെയ്തിരുന്നുവെന്നും മഞ്ജുവാണി പറയുന്നു.

പാലക്കാട് വിക്ടോറിയയിലാണ് പീഡിഗ്രി പഠിച്ചത്. അവിടെ വച്ച് പാട്ട് പാടുമ്പോള്‍ നല്ല ശബ്ദമാണ് സിനിമയില്‍ പാടിക്കൂടെയെന്ന് സുഹൃത്തുക്കള്‍ ചോദിക്കും. അങ്ങനെയാണ് സിനിമയില്‍ പാടാനുള്ള മോഹം ആരംഭിക്കുന്നതെന്നാണ് മഞ്ജു പറയുന്നത്. അതേസമയം പാട്ട് വേണ്ട എന്ന് തീരുമാനിക്കുന്നത് തന്റെ അമ്മയുടെ മനസ് നൊന്തുള്ള താക്കീതിലാണെന്നും താരം പറയുന്നു. പിന്നാലെ ആ സംഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് മഞ്ജുവാണി.
എറണാകുളത്ത് വക്കീലായി പ്രാക്ടീസ് ചെയ്തിരുന്ന സമയത്ത് ഹോസ്റ്റലിലായിരുന്നു താമസം. വാടകയായ 1250 രൂപ അമ്മ അയച്ചു തരുമായിരുന്നു. കൂടുതലായി ചോദിച്ച് വാങ്ങുന്ന അമ്പത് രൂപയായിരുന്നു ഒരു മാസത്തെ ലക്ഷ്വറി. അന്ന് മൊബൈല്‍ ഫോണൊക്കെ പ്രചരണത്തില്‍ വരുന്നേയുള്ളൂ. ഒരിക്കല്‍ ഒരു സംഗീത സംവിധായകന്റെ നമ്പര്‍ സംഘടിപ്പിച്ചു. അച്ഛനെക്കൊണ്ട് വിളിപ്പിച്ചു. വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞു. അച്ഛനേയും കൂട്ടിച്ചെന്നു. ഓഡിഷന്‍ പോലെ ഒന്ന് രണ്ട് പാട്ട് പാടിപ്പിച്ചു. നല്ല ശബ്ദമാണ്. വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

2002 ലാണ്. അദ്ദേഹം ലൈം ലൈറ്റില്‍ ടോപ്പില്‍ നില്‍ക്കുന്ന സമയം. ഒരു രാത്രി ഒമ്പത് മണിയ്ക്ക് വിളിച്ചിട്ട് ജാനകിയമ്മയുടെ പാട്ട് പാടാന്‍ പറഞ്ഞു. കുടിച്ചിട്ടാണ് വിളിക്കുന്നത്. ചിലപ്പോള്‍ ഓഡിഷനാണെങ്കിലോ എന്ന് കരുതി ഞാന്‍ പാടി. വേറൊരു പാട്ട് പാടാന്‍ പറഞ്ഞു. അതും പാടി. നാളെ സ്റ്റുഡിയോയിലേക്ക് വരൂ, ദാസേട്ടന്‍ പാടുന്ന പാട്ടിന്റെ ഫീമെയില്‍ വേര്‍ഷന്‍ നിന്നെക്കൊണ്ട് പാടിക്കാം എന്ന് പറഞ്ഞു. എനിക്ക് സന്തോഷമായി. രാവിലെ ഹോസ്റ്റലില്‍ നിന്നും ഇറങ്ങി. ബസില്‍ കയറാനായി സ്‌റ്റെപ്പില്‍ കാല് വച്ചതും അദ്ദേഹത്തിന്റെ കോള്‍ വന്നു.
നിന്നെ ഞാന്‍ ഇന്നലെ വിളിച്ചിരുന്നുവോ എന്ന് ചോദിച്ചു. വിളിച്ചിരുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്താണ് ഞാന്‍ പറഞ്ഞതെന്ന് പറഞ്ഞു. അയാള്‍ക്ക് ഓര്‍മ്മയില്ല. വരാന്‍ പറഞ്ഞുവെന്ന് പറഞ്ഞപ്പോള്‍ വരണ്ടാ ട്ടോ എന്ന് പറഞ്ഞ് കട്ടാക്കി. അന്ന് രാത്രി വീണ്ടും വിളിച്ചു. കുടിച്ചിട്ടാണ്. ഭയങ്കര മാപ്പ് പറച്ചില്‍. നീ വിഷമിക്കണ്ട നിനക്ക് ഞാന്‍ നല്ല ബ്രേക്ക് തരുമെന്നും നിന്നെ ഞാനായിരിക്കും ലോഞ്ച് ചെയ്യുകയെന്നും പറഞ്ഞു.

ഏകദേശം ഒരു വര്‍ഷം കഴിഞ്ഞു. ഇതിനിടെ ഞാനൊരു സിനിമയില്‍ പാട്ട് പാടി. രണ്ട് പാട്ടുകളാണ് പാടിയത്. ആ സംഗീത സംവിധായകന്‍ വീണ്ടും വിളിച്ചു. ഇത്തവണ നോര്‍മല്‍ ആയിട്ടാണ് സംസാരിച്ചത്. പുതിയ സിനിമയിലൊരു ഫീമെയില്‍ ഡ്യുയറ്റ് പാട്ടുണ്ടെന്ന് പറഞ്ഞു. അദ്ദേഹം ലോഞ്ച് ചെയ്ത സൂപ്പര്‍ ഹിറ്റായ ഗായികയും ഒപ്പമുണ്ടായിരിക്കും. നാളെ 11.30 യ്ക്ക് വരാന്‍ പറഞ്ഞു. മുന്‍ അനുഭവത്തിന്റെ ഓര്‍മ്മയില്‍ അച്ഛനെ വിളിച്ചു. പക്ഷെ വരണ്ടാ ഞാന്‍ പോയി നോക്കിയിട്ട് പറയാമെന്ന് പറഞ്ഞു.
പത്ത് മണിയ്‌ക്കെത്തുമ്പോള്‍ മറ്റേ ഗായികയുണ്ട്. അവര്‍ പാട്ട് പഠിക്കുകയാണ്. കേട്ട് പഠിക്കാന്‍ പറഞ്ഞു. നാല് മണിയായപ്പോള്‍ ആ കുട്ടി റെക്കോര്‍ഡിംഗ് കഴിഞ്ഞ് പോയി. ഞാന്‍ ക്ഷീണിതനായി, ഒന്ന് റിഫ്രഷായിട്ട് വരാം എന്നിട്ട് നിന്റെ പാട്ടെടുക്കാം എന്ന് അദ്ദേഹം പറഞ്ഞു. പാന്റ്‌സ് ഒക്കെ വലിച്ച് കയറ്റിയുള്ള ആ നില്‍പ്പ് ഇപ്പോഴും ഓര്‍മ്മയുണ്ട്. അഞ്ച് മണിയായി, ആറ് മണിയായി, ആറരയായി. ഞാന്‍ ഒന്നിനെക്കുറിച്ച് അവേറല്ല. അപ്പോഴേക്കും സൗണ്ട് എഞ്ചിനീയര്‍ സ്റ്റുഡിയോയും പൂട്ടി പോയി.

ഏഴ് മണിയായപ്പോള്‍ അച്ഛന്‍ കയറി വന്നു. പാലക്കാട്ടു നിന്നുമാണ് വരുന്നത്. കഴിഞ്ഞോന്ന് ചോദിച്ചു. ഇല്ല, തുടങ്ങിയിട്ടില്ലെന്ന് പറഞ്ഞു. ഒന്നും മിണ്ടാതെ അച്ഛന്‍ അവിടെയിരുന്നു. ഏഴരയായപ്പോള്‍ സംഗീത സംവിധായകന്‍ എത്തി. കുടിച്ച് നാല് കാലിലാണ് വരുന്നത്. കണ്ണൊക്കെ ചുവന്ന്, ഡ്രസ് ഒക്കെ അലങ്കോലമായിട്ടുണ്ട്. അച്ഛനെ കണ്ടതും ആളുടെ മുഖം വെള്ള പേപ്പറായി. പിന്നെ അരിശമാണ്. ആ കയറ് പാട് എന്ന് പറഞ്ഞു. ഞാന്‍ ചിട്ടയായി പാടി. പുള്ള അത് റെക്കോര്‍ഡ് ചെയ്തിട്ടുണ്ടോന്ന് പോലും എനിക്കറിയില്ല.
എന്റെ അച്ഛനെയോ ഞാന്‍ അത്രയും സമയം അവിടെ കാത്തു നിന്ന് പാടിയതനെയോ ബഹുമാനിക്കാതെ അയാള്‍ എനിക്ക് നല്ല തലവേദനയാണ് ഞാന്‍ നോക്കിയിട്ട് നാളെയോ മറ്റന്നാളോ പറയാം ശരിയെന്ന് പറഞ്ഞു. പോകൂവെന്ന അര്‍ത്ഥത്തിലാണ്. എനിക്കത് ഭയങ്കര അടിയായി. എന്നെ പാടിക്കാനുള്ള ഉദ്ദേശം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അച്ഛനൊന്നും മിണ്ടിയില്ല.

തിരിച്ചു വരുന്ന വഴി അമ്മയുടെ ഫോണ്‍ വന്നു. ഇതൊക്കെ അറിഞ്ഞിട്ടുണ്ടാകണം. എന്തായി പാടാന്‍ പോയിട്ട് ഗായിക? എന്ന് ചോദിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല. കാശ് വല്ലതും തന്നോ? ഞാന്‍ മിണ്ടിയില്ല. എനിക്ക് കാശിന് ആര്‍ത്തിയാണെന്നാണ് പലരും പറയുന്നത്, എന്റെ തൊണ്ടയിലെ വെള്ളം വറ്റിച്ച് ചോര നീരാക്കിയാണ് ഞാന്‍ നിനക്ക് ഹോസ്റ്റല്‍ ഫീസ് തരുന്നത്. അതില്‍ നീ പട്ടിണി കിടന്ന് ഉമിനീര് വറ്റിച്ചിട്ട് ആ കാശുംകൊണ്ട് കേരളം മുഴുവന്‍ പാട്ട് പാടാനായി നടന്ന് വരുമാനവും ഇല്ലാത്ത അവസ്ഥ ശരിയാവില്ല. ഈ കോല് ഇവിടെ ഒടിച്ചിട്ടോ, ഇല്ലേല്‍ എന്റെ വിധം മാറുമെന്നും അമ്മ പറഞ്ഞു.
ആ മനുഷ്യനെ പ്രൊട്ടക്റ്റ് ചെയ്യാന്‍ വേണ്ടിയല്ല പേര് പറയാതിരിക്കുന്നത്. ആ മനുഷ്യന്‍ അന്നേ അര്‍ധപ്രാണനാണ്, പിന്നെ പുള്ളി ലൈംലൈറ്റില്‍ ഇല്ല. പാട്ടുകാരിയല്ലെങ്കില്‍ പോലും നടിയായും ഡബ്ബിംഗ് ആര്‍ടിസ്റ്റായും ആളുകള്‍ക്ക് എന്നെ അറിയാം. ആ സംഭവത്തിന് ശേഷം ആ വ്യക്തിയെ എവിടെയും കണ്ടിട്ടില്ല. എന്നിലൂടെ ആ വ്യക്തിയെക്കുറിച്ച് അറിഞ്ഞ് അങ്ങനെയൊരു പ്രശസ്തി കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതാണ് പേര് പറയാത്തത് എന്നാണ് താരം പറയുന്നത്.


Click it and Unblock the Notifications