'സത്യൻ അങ്കിൾ സിനിമയിലൂടെ തിരിച്ചുവരണമെന്ന് ആഗ്രഹമായിരുന്നു, നിർമാണവും ആലോചിക്കുന്നു'; മീര
മലയാള സിനിമാ മേഖലയിൽ ഒരു കാലത്ത് അഭിനയം കൊണ്ട് വിസ്മയിപ്പിച്ച നടി ആയിരുന്നു മീര ജാസ്മിൻ. കസ്തൂരിമാൻ, പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, സ്വപനക്കൂട്, അച്ചുവിന്റെ അമ്മ, ഗ്രാമഫോൺ, ഒരേ കടൽ, കൽക്കട്ട ന്യൂസ്, വിനോദയാത്ര അങ്ങനെ ഒരുപിടി നല്ല സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട് മീര. അന്നും ഇന്നും എന്നും മീരയെ മലയാളിക്ക് ഇഷ്ടമാണ്. അതുകൊണ്ട് തന്നെയാണ് മീര വീണ്ടും സിനിമയിൽ അഭിനയിക്കുന്ന എന്ന വാർത്ത വന്നപ്പോൾ സിനിമാപ്രേമികൾ ആ വാർത്ത ആഘോഷിച്ചതും.

മീര ജാസ്മിൻ കരിയറിന്റെ തുടക്കത്തിൽ തന്നെ ദേശീയ അവാർഡ് നേടിയ അഭിനേത്രിയാണ്. തുടരെ തുടരെ മികച്ച ചിത്രങ്ങൾ മീരയ്ക്ക് സംഭവിച്ചു. മമ്മൂട്ടിയും മോഹൻലാലും വിജയും അജിത്തും ഉൾപ്പെട്ട മലയാളത്തിലേയും തമിഴിലേയുമെല്ലാം മുൻനിരതാരങ്ങളുടെ നായികയായി വേഷങ്ങൾ ചെയ്തിട്ടുണ്ട് മീര. ഇപ്പോൾ നീണ്ട നാളത്തെ ഇടവേളയ്‌ക്ക് ശേഷം മീരാ ജാസ്മിൻ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ചിത്രത്തിന് വിജയദശമി നാളിലാണ് തുടക്കമായത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ചിത്രീകരണം പൂർത്തിയായത്.
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം നായകനാകുന്ന ചിത്രത്തിലാണ് മീരാ ജാസ്മിൻ നായികയാകുന്നത്. ചിത്രം ഇക്കഴിഞ്ഞ വിഷു ദിനത്തിലാണ് പ്രഖ്യാപിച്ചത്. മകൾ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഞാൻ പ്രകാശൻ സിനിമയിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സത്യൻ അന്തിക്കാട് സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക് വരിക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ നടി മീര ജാസ്മിൻ. എന്തുകൊണ്ട് സിനിമയിൽ നിന്നും വിട്ടുനിന്നുവെന്നും ഭാവിയിലേക്ക് സിനിമയിൽ എങ്ങനെ സജീവമാകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മീര ജാസ് മിൻ.
'സിനിമയിലേക്ക് തിരിച്ചുവരാൻ ഞാൻ മാനസികമായി തയ്യാറായ സമയം മുതൽ അതായത് ഒരു 2019ന്റെ ഒക്കെ തുടക്കത്തിൽ ഞാൻ ഇങ്ങനെ ചിന്തിക്കുമായിരുന്നു സത്യൻ അങ്കിളിന്റെ ഒരു മൂവി ഇപ്പോ വന്നിരുന്നെങ്കിൽ ചെയ്യാമായിരുന്നു. സത്യൻ അങ്കിളിന്റെ സിനിമയിലൂടെ തിരിച്ചുവരായിരുന്നു എന്നൊക്കെ. എന്റെ ആ സമയത്തെ ഒരു തോന്നലായിരുന്നു അത്. അത് ഞാൻ ആരോടും പറഞ്ഞില്ല. സത്യൻ അങ്കിളിനെ ഒന്നു വിളിക്കുകപോലും ചെയ്തില്ല. അത് മനസിൽ അങ്ങനെ ഇരുന്നു. പക്ഷെ അവിടുന്ന് ഒരു രണ്ട് മാസം കഴിഞ്ഞപ്പോൾ ഈ കൊവിഡ് ഔട്ട് ബ്രേക്കിന് മുമ്പ് തീർത്തും യാദൃശ്ചികമായി. ഈ ടെലിപ്പതി എന്നൊക്കെ പറയില്ലെ അതുപോലെ അങ്കിൾ എന്നെ ഇങ്ങോട്ട് കോൺടാക്ട് ചെയ്തതാണ്. ശരിക്കും ഒരു അത്ഭുതം ആയിരുന്നു അങ്കിളിന്റെ ആ ഫോൺ കോൾ' മീര പറയുന്നു.
Also Read: 'സ്ഫടിക'മില്ലാതെ അൽഫോൺസിന്റെ ഇഷ്ട സിനിമകളുടെ ലിസ്റ്റ്, മനപൂർവം ഒഴിവാക്കിയതാണോയെന്ന് ആരാധകർ!
'ഞാൻ നടിയായതും ജീവിതത്തിൽ എനിക്ക് ഉണ്ടായ നേട്ടങ്ങൾ എല്ലാം തന്നതും മലയാളമാണ്... ഈ മണ്ണാണ്. മലയാളിക്ക് എന്നോട് ഉള്ള ഇഷ്ടം ഇപ്പോളും ഉണ്ട് എന്നതും എനിക്ക് വളരെ സന്തോഷവും പ്രതീക്ഷയും തരുന്ന കാര്യമാണ്. ഈ സിനിമ അനൗൺസ് ചെയ്തപ്പോളും സ്‌നേഹവും പിന്തുണയുമാണ് എനിക്ക് ഇവിടുന്ന് കിട്ടിയത്. മീര ഇനി സജീവമായിരിക്കുമോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. സജീവമായിരിക്കും പക്ഷെ ഞാൻ സെലക്ടീവ് ആയിരിക്കും. ഇനി ഏതെങ്കിലും ഒരു ഭാഷാ ചിത്രം എന്നതിലുപരി കണ്ടന്റിനായിരിക്കും ഞാൻ പ്രാധാന്യം നൽകുക. ചിലപ്പോൾ ഈ സിനിമ ഇറങ്ങി കുറച്ച് സമയത്തേക്ക് നല്ല കഥാപാത്രങ്ങൾ കിട്ടിയില്ലെങ്കിൽ ഒരു ഗ്യാപ്പ് വന്നേക്കാം അതല്ല ഉടൻ നല്ല കഥാപാത്രം കിട്ടിയാൽ ആ ഗ്യാപ്പ് ഉണ്ടാവുകയും ഇല്ല. ദൈവം അവസരവും ആയുസ്സും തന്നാൽ എനിക്ക് പ്രായമാകുന്ന വാർധക്യകാലത്തൊക്കെ അഭിനയിക്കണം. പക്ഷെ കഥാപാത്രങ്ങളും ഒപ്പം സിനിമ ഏത് ടീമാണ് ചെയ്യുക എന്നൊക്കെ നോക്കിയായിരിക്കും ഇനി സിനിമ തെരഞ്ഞെടുക്കുന്നത്. സംവിധാനം പഠിക്കണം എന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷെ അത് അഭിനയം പോലെ അത്ര എളുപ്പമല്ല. സംവിധാനം പഠിക്കാൻ ഒരു അവസരം കിട്ടിയാൽ തീർച്ചയായും ഞാൻ പഠിക്കുക തന്നെ ചെയ്യും. പിന്നെ പ്രൊഡക്ക്ഷൻ ചെയ്യണം എന്നും ആഗ്രഹം ഉണ്ട്. കുറച്ച് കാലം കഴിയുമ്പോ പ്രൊഡക്ഷനിലും എന്നെ പ്രതീക്ഷാം' മീര കൂട്ടിച്ചേർക്കുന്നു.


Click it and Unblock the Notifications