ഭാവങ്ങളില്ലെന്ന് ആര് പറഞ്ഞു; സെറ്റിൽ കുറുമ്പു കാട്ടി ഓടി നടന്ന് നിഖില വിമൽ : വീഡിയോ വൈറലായി
സിനിമയിൽ ഭാവങ്ങൾ വരുന്നില്ല, ഒരേ എക്സ്പ്രഷൻസായിരുന്നു ചിത്രത്തിലുടനീളം എന്നായിരുന്നു ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിലൂടെ നിഖില വിമൽ നേരിട്ട കളിയാക്കലുകൾ. പക്ഷേ സെക്കന്റുകൾ കൊണ്ട് വിവിധ ഭാവങ്ങൾ തനിക്ക് ചെയ്യാൻ സാധിക്കുമെന്ന് പുതിയ വീഡിയോയിലൂടെ നിഖില തെളിയിച്ചിരിക്കുകയാണ്. ഐസ് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് വ്ലോഗറും ഫാഷൻ ഫോട്ടോഗ്രാഫറുമായ ജിയോ ജോമി പകർത്തിയ രസകരമായ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.
നടി നിഖില വിമലിന്റെ രസകരമായ ഭാവങ്ങളാണ് ജിയോ ജോമി ക്യാമറയിൽ പകർത്തിയത്. ഞൊടിയിടയിലാണ് നിഖിലയുടെ മുഖത്ത് ഭാവങ്ങൾ മിന്നിമറയുന്നത്. ചെറിയ കുട്ടികളെ പോലെയുള്ള ചില ആക്ഷനുകളും വീഡിയോയിൽ കാണാം. 'ക്യാമറ റോൾ ചെയ്യാത്തപ്പോഴാണ് യഥാർഥ മാജിക് സംഭവിക്കുന്നത്' എന്ന അടിക്കുറിപ്പോടെയാണ് ജിയോ ജോമി വിഡിയോ പങ്കുവച്ചത്. സെറ്റിൽ തമാശ പറഞ്ഞും കുസൃതികാട്ടിയും കറങ്ങി നടക്കുന്ന നിഖിലയേയാണ് വീഡിയോയിൽ കാണാനാവുക. ശരിക്കും ഒരു സ്കൂൾ കുട്ടിയെ പോലെയാണ് തോന്നുന്നത്.

മറ്റൊരാൾ ഫോണിൽ നിഖിലയുടെ വീഡിയോ എടുക്കുന്നുണ്ട്. എന്തൊക്കെയോ പറഞ്ഞ് അവസാനം കൈകൂപ്പി ഇപ്പോഴത്തെ വൈറൽ ഡയലോഗായ ഷിബുദിനം എന്നു പറയുന്നതും വീഡിയോയിലുണ്ട്. വെള്ളയിൽ നീല പൂക്കളുള്ള സിമ്പിൾ കുർത്തിയാണ് നിഖില വിമൽ ധരിച്ചിരിക്കുന്നത്. വീഡിയോ കണ്ടയുടൻ നിരവധി പേരാണ് കമന്റ് ഇടുന്നത്. 'തഗ് ലേഡി' എന്നാണ് സംവിധായകൻ മനു അശോകന്റെ ഭാര്യ ശ്രേയ ഈ വീഡിയോക്ക് കമന്റ് ചെയ്തത്.
'ഐസ്' എന്ന പുതിയ വെബ് സീരീസിന്റെ സെറ്റിൽ വെച്ചാണ് വൈറൽ വീഡിയോ ഉണ്ടായത്. ഷൂട്ടിംഗ് ഇടവേളകളിലെ നിഖിലയുടെ കുസൃതികളും വീഡിയോയിൽ കൃത്യമായി കാണാം. ഒരേ സമയം നിരവധി ഭാവങ്ങളും കാണാം. പണ്ടേ നിഖില ഒരു കുറുമ്പി ആണെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞിരുന്നു. "ഭാഗ്യ ദേവതയുടെ ഷൂട്ടിംഗ് സമയത്ത് നിഖില എന്നെ വിളിച്ചിരുന്നു. ഫോൺ എടുത്തയുടൻ ഞാൻ സത്യനാണെന്ന് പറഞ്ഞപ്പോൾ അല്ലാന്ന് ഞാൻ പറഞ്ഞില്ലല്ലോ" എന്നായിരുന്നു നിഖിലയുടെ മറുപടിയെന്ന് അദ്ദേഹം ഓർത്തെടുത്തിരുന്നു.

നിഖിലയുടെ അവസാനം റിലീസ് ചെയ്ത ചിത്രം വിപിൻ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയിൽ ആണ്. ചിത്രത്തിലെ നിഖിലയുടെ അഭിനയത്തിന് രൂക്ഷ വിമർശനമായിരുന്നു പൊതുവേ. മാത്രമല്ല നിരവധി ട്രോളുകളായിരുന്നു സോഷ്യൽ മീഡിയയിലും. പുതിയ വീഡിയോ കണ്ടാൽ നിഖിലക്ക് അഭിനയിക്കാൻ അറിയില്ലെന്ന് ആരും പറയില്ല.
ഉയരെ, കാണെക്കാണെ എന്ന ചിത്രങ്ങൾക്കു ശേഷം മനു അശോകനും ബോബി സഞ്ജയും ഒന്നിക്കുന്ന പ്രോജക്ടാണ് 'ഐസ്'. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെബ് സീരീസാണ് ഐസ്. കനി കുസൃതി, ശ്രുതി രാമചന്ദ്രൻ, സാനിയ ഇയ്യപ്പൻ, ദേവ് മോഹൻ തുടങ്ങിയ താരങ്ങൾ സീരീസിൽ അഭിനയിക്കുന്നുണ്ട്. നേരത്തേ മത്തകം, പേരില്ലൂർ പ്രീമിയർ ലീഗ് എന്നീ വെബ് സീരീസുകളിൽ നിഖില അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











