എല്ലാം തുറന്ന് പറഞ്ഞതിന് വീട്ടിൽനിന്ന് നല്ല ചീത്ത കേട്ടു, അവർക്ക് എന്റെ അഭിമുഖം കാണുന്നത് പേടിയാണ്: നിത്യ ദാസ്
തന്റെ അഭിമുഖങ്ങൾ കണ്ടശേഷം വീട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണത്തെ കുറിച്ച് പറയുകയാണ് നിത്യ ദാസ്
മലയാളികൾക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ഒന്നും ആവശ്യമില്ലാത്ത നടിയാണ് നിത്യ ദാസ്. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറുകയായിരുന്നു താരം. ദിലീപ് നായകനായ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം ബ്ലോക്ക് ബസ്റ്റർ ഹിറ്റായതോടെ നിത്യയും മലയാളികൾക്ക് പ്രിയങ്കരിയാവുകയായിരുന്നു.
ഈ പറക്കും തളികയ്ക്ക് ഒരുപിടി ചിത്രങ്ങളിൽ നിത്യ അഭിനയിച്ചിരുന്നു. തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം അവസരങ്ങൾ ലഭിച്ചിരുന്നു. എന്നിരുന്നാലും കൂടുതൽ പേർക്കും പറക്കും തളികയിലെ ബാസന്തി ആയിട്ടാണ് നിത്യയെ അറിയുന്നത്. അതേസമയം, വിവാഹിത ആയതോടെ താരം സിനിമയിൽ നിന്നൊക്കെ മാറി നിന്നിരുന്നു.
സിനിമയിൽ സജീവമായിരിക്കെ 2007 ൽ ആയിരുന്നു നിത്യയുടെ വിവാഹം. പഞ്ചാബിയായ അരവിന്ദ് സിങ് ജംവാളിനെയാണ് താരം വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇപ്പോൾ രണ്ടു മകളും ഇവർക്കുണ്ട്. വിവാഹശേഷം സീരിയലിലൂടെ നിത്യ അഭിനയത്തിലേക്ക് മടങ്ങി എത്തിയിരുന്നു. തമിഴ് സീരിയലിൽ ആയിരുന്നു താരം അഭിനയിച്ചത്.

പിന്നീട് വീണ്ടും ഇടവേളയിലേക്ക് പോയ നിത്യ സീ കേരളത്തിലെ ഞാനും എന്റാളും എന്ന പരിപാടിയിൽ വിധികർത്താവായി മലയാള മിനിസ്ക്രീനിലേക്ക് തിരിച്ചെത്തുകയായിരുന്നു. അതിനിടെ, 15 വർഷങ്ങൾക്ക് ശേഷം സിനിമയിലേക്കും തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. പള്ളിമണി എന്ന ചിത്രത്തിലൂടെയാണ് നിത്യ വീണ്ടും ബിഗ് സ്‌ക്രീനിലെത്തിയത്.
അതേസമയം, ചിത്രത്തിന്റെ ഭാഗമായി നിരവധി അഭിമുഖങ്ങൾ നിത്യ നൽകിയിരുന്നു. മാറിയ സിനിമ പ്രമോഷൻ രീതികളെ കുറിച്ചൊക്കെ പല അഭിമുഖങ്ങളിൽ നിത്യ വാചാല ആയിരുന്നു. തന്റെ കുടുംബത്തെ കുറിച്ചുമൊക്കെ നിത്യ സംസാരിച്ചിരുന്നു. ഇപ്പോഴിതാ, കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ അഭിമുഖങ്ങൾ കാണുന്നത് കുടുംബത്തിന് പേടിയാണ് എന്ന് പറയുകയാണ് നിത്യ ദാസ്.
അഭിമുഖങ്ങളിൽ താൻ എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന ആളാണെന്നും അത് കൊണ്ട് തന്നെ തന്റെ അഭിമുഖങ്ങൾ കാണുന്നത് കുടുംബത്തിന് പേടിയാണെന്നും ചിന്തിച്ച് വേണം കാര്യങ്ങൾ പറയാനെന്ന് അവർ ഉപദേശിക്കാറുണ്ടെന്നുമാണ് നിത്യ പറഞ്ഞത്. പണ്ടൊക്കെ സിനിമയുടെ ഷൂട്ട് കഴിഞ്ഞാൽ വീട്ടിൽപോയി കിടന്നുറങ്ങിയാൽ മതിയായിരുന്നുവെന്നും എന്നാൽ ഇന്ന് അത് നടക്കില്ലെന്നും നിത്യ പറഞ്ഞു.
അന്ന് സിനിമക്ക് പ്രൊമോഷൻ കൊടുക്കുന്ന രീതിയൊന്നും ഇല്ലല്ലോ. നമ്മൾ അഭിനയിക്കുന്നു അത് കഴിഞ്ഞ് വീട്ടിൽ പോയി കിടന്നുറങ്ങുന്നു, അങ്ങനെയൊരു രീതി ആയിരുന്നല്ലോ അന്ന്. ഇപ്പോഴാണെങ്കിൽ അങ്ങനെയല്ല. പൊതുവെ എനിക്ക് അഭിമുഖങ്ങൾ കൊടുക്കാൻ താൽപര്യമില്ല. എന്റെ വീട്ടുകാർക്കൊക്കെ ഞാൻ പങ്കെടുക്കുന്ന അഭിമുഖങ്ങൾ കാണാൻ ഭയങ്കര പേടിയാണ്.
കാരണം എല്ലാം കാര്യങ്ങളും തുറന്ന് പറയും. എന്നോട് എപ്പോഴും അവർ പറയും ആലോചിച്ചും ചിന്തിച്ചുമൊക്കെ കാര്യങ്ങൾ പറയണമെന്ന്. പക്ഷെ ചോദ്യങ്ങൾ കേൾക്കുമ്പോൾ ചിന്തിക്കാനുള്ള സമയം എനിക്ക് കിട്ടുന്നില്ല എന്നാണ് നിത്യ പറയുന്നത്.

അതുകൊണ്ട് അഭിമുഖങ്ങൾ നൽകുക എന്നത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ നമ്മുടെ സിനിമയെ സംബന്ധിച്ചിടത്തോളം പ്രൊമോഷൻ എന്നു പറയുന്നത് ഒരു അത്യാവശ്യ ഘടകമാണ്, ഞാൻ ഭയക്കുന്ന ഒരു കാര്യമാണെങ്കിൽ പോലും നമുക്ക് അഭിമുഖങ്ങൾ കൊടുക്കാതിരിക്കാൻ കഴിയില്ല.
ഇങ്ങനെ പലതും തുറന്ന് പറഞ്ഞതിന് വീട്ടിൽ നിന്നൊക്കെ നല്ല ചീത്ത കേട്ടിട്ടുണ്ട്. എന്റെ ഭർത്താവിനെ കുറിച്ച് ഞാൻ ഭയങ്കര മോശമായിട്ടാണ് ഓരോന്ന് പറയുന്നത് എന്നാണ് എല്ലാവരും കരുതുന്നത്. പക്ഷെ അങ്ങനെയല്ല. ഞാൻ പറയുന്നതെല്ലാം സത്യമാണ്. ഞാൻ പറയുന്നതൊക്കെ നല്ല കാര്യങ്ങളാണ് പക്ഷെ അതിനെ ആൾക്കാർ എടുക്കുന്ന രീതിയിലാണ് വ്യത്യാസമമെന്നും നിത്യ പറഞ്ഞു. ഭർത്താവ് എല്ലാം വൃത്തിയാക്കി വെക്കുമെന്ന് ആളുടെ ഗുണമായി പറഞ്ഞത് ട്രോളായതിനെ കുറിച്ചും നിത്യ പറഞ്ഞു.


Click it and Unblock the Notifications











