എന്ത് വെറുപ്പിക്കല്‍ ആണ് ഈ അമ്മയും മോളും! പറയുന്നവര്‍ പറയട്ടെ, വീഡീയോ കാണണ്ട: നിത്യ ദാസ്
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യ ദാസ്. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് നിത്യ ദാസ്. എന്നാല്‍ ടെലിവിഷനിലൂടെ നിത്യ ദാസ് വീണ്ടും ആരാധകരുടെ മുന്നിലേക്ക് എത്തി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലും താരമായി മാറിയിരിക്കുകയാണ് നിത്യ ദാസ്. മകള്‍ നൈനയ്ക്ക് ഒപ്പമുള്ള ഡാന്‍സ് വീഡിയോകളിലൂടെയാണ് നിത്യ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്. അമ്മയും മകളുമാണോ അതോ ചേച്ചിയും അനിയത്തിയുമാണോ എന്നാണ് ഈ വീഡിയോകള്‍ കണ്ട ആരാധകര്‍ ചോദിക്കുന്നത്. നിത്യയ്ക്ക് അന്നും ഇന്നും ഒരു മാറ്റവും വന്നിട്ടില്ലെന്നും ആരാധകര്‍ പറയുന്നു.
ഇപ്പോഴിതാ തങ്ങളുടെ വീഡിയോകളേക്കുറിച്ചും സോഷ്യല്‍ മീഡിയയെക്കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് നിത്യ ദാസ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ ദാസ് മറുപടി നല്‍കിയത്. മകളാണ് താന്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ചെയ്യാനുള്ള കാരണമെന്നാണ് നിത്യ ദാസ് പറയുന്നത്. തുടങ്ങിയപ്പോള്‍ നല്ല ധൈര്യം കിട്ടിയെന്നും അത് പിന്നെ തുടരുകയായിരുന്നുവെന്നും നിത്യ പറയുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ആളായിരുന്നില്ല താന്‍ എന്നാണ് നിത്യ ദാസ് പറയുന്നത്. ഇപ്പോഴും ഫേസ്ബുക്ക് ഉപയോഗിക്കാറില്ലെന്നും താരം ചൂണ്ടിക്കാണിക്കുന്നു. ഇത്രയും നാള്‍ എനിക്ക് ഇന്‍സ്റ്റാഗ്രാമിനെപ്പറ്റി വലിയ ധാരണ ഇല്ലായിരുന്നുവെന്നും നിത്യ പറയുന്നു. പക്ഷെ മകള്‍ നൈനയ്ക്ക് നൃത്തത്തില്‍ വലിയ താല്പര്യമാണ്. ചെറുപ്പത്തില്‍ അവളെ കുറച്ചു നൃത്തം പഠിപ്പിച്ചിട്ടുമുണ്ട്. അവള്‍ ഇന്‍സ്റ്റാഗ്രാം റീല്‍ വിഡിയോകള്‍ ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ചപ്പോഴാണ് എനിക്കും അവളുടെ കൂടെ നൃത്തം ചെയ്യാനും വിഡിയോകള്‍ പോസ്റ്റ് ചെയ്യാനും തോന്നിയതെന്നാണ് നിത്യ പറയുന്നത്. തുടങ്ങിക്കഴിഞ്ഞപ്പോള്‍ എവിടെനിന്നോ ധൈര്യം കിട്ടി. പിന്നെ അതങ്ങു തുടരുകയായിരുന്നുവെന്നും താരം പറയുന്നു. അതേസമയം തങ്ങളുടെ വീഡിയയോക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ചിലപ്പോള്‍ മോശം പ്രതികരണങ്ങള്‍ ലഭിക്കാറുണ്ടെന്നും നിത്യ ദാസ് പറയുന്നു.

ഞങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുന്ന നൃത്ത വിഡിയോകള്‍ മറ്റുള്ളവര്‍ മോശമായ രീതിയില്‍ തലക്കെട്ട് കൊടുത്ത് മറ്റു പേജുകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. പിന്നാലെ 'ഓ ഇവള്‍ എന്താ ഈ കാണിക്കുന്നത്' എന്ന രീതിയില്‍ ചിലര്‍ പ്രതികരിക്കും. ഞാന്‍ എന്റെ ചെറിയ സന്തോഷങ്ങള്‍ സമൂഹമാധ്യമ പേജിലൂടെയാണ് പങ്കുവയ്ക്കുന്നത്. അത് എടുത്തുകൊണ്ടുപോയി മോശമായി പ്രചരിപ്പിക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്നാണ് നിത്യ പറയുന്നത്. അതേസമയം ഞാന്‍ നൃത്തം ചെയ്യുന്നതും വിഡിയോ പോസ്റ്റ് ചെയ്യുന്നതും എന്റെ സന്തോഷത്തിനു വേണ്ടിയാണ്. അത് മോശമായി പ്രചരിപ്പിച്ച് മോശം കമന്റുകള്‍ കാണുകയും വായിക്കുകയും ചെയ്യുന്നത് അവര്‍ക്കു സന്തോഷം നല്‍കുമെങ്കില്‍ അത് തുടരട്ടെയെന്നും എനിക്കു കുഴപ്പമില്ലെന്നും നിത്യ ദാസ് പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

മുന്‍കൂട്ടി തയ്യാറെടുത്ത ശേഷമല്ല സമൂഹമാധ്യമങ്ങളിലും മറ്റും എത്തിയത്. മകള്‍ റീല്‍സ് ചെയ്യാന്‍ ഇഷ്ടം കാണിച്ചപ്പോള്‍ അതില്‍ പങ്കുചേര്‍ന്നു എന്നു മാത്രമാണെന്നും താരം പറയുന്നു. അതേസമയം മോശം കമന്റുകള്‍ തന്നെ വിഷമിപ്പിക്കാറില്ലെന്നും അതിനൊന്നും മറുപടി പറയാന്‍ താത്പര്യവുമില്ലെന്നും നിത്യ ദാസ് വ്യക്തമാക്കുന്നു. എന്നെ ചീത്ത പറഞ്ഞ് സന്തോഷം കണ്ടെത്തുന്നവര്‍ അങ്ങനെ ചെയ്യട്ടെ എന്നാണ് നിത്യയുടെ നിലപാട്. എന്തായാലും റീല്‍ വിഡിയോകള്‍ ഞാന്‍ ഒഴിവാക്കില്ലെന്നും താരം ഉറപ്പിച്ചു പറയുന്നു. ഇതൊക്കെയല്ലെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നാണ് നിത്യ ദാസ് ചോദിക്കുന്നത്. സന്തോഷമായിരിക്കുകയെന്നതാണു പ്രധാനം. എന്ത് വെറുപ്പിക്കല്‍ ആണ് ഈ അമ്മയും മോളും എന്നു പറയുന്നവരോട് ഞങ്ങളുടെ വീഡിയോ കാണാതിരിക്കുക എന്നു മാത്രമേ പറയാനുള്ളൂവെന്നും നിത്യ ദാസ് പറയുന്നു.
Recommended Video

അതേസമയം സിനിമയില്‍ നിന്നും താന്‍ ഇടവേള എടുത്തതിനെക്കുറിച്ചും നിത്യ ദാസ് മനസ് തുറക്കുന്നുണ്ട്. താന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുക മാത്രമാണ് ചെയ്തതെന്നും അഭിനയം ഒരിക്കലും നിര്‍ത്തിയിരുന്നില്ലെന്നുമാണ് നിത്യ പറയുന്നത്. ഞാന്‍ അഭിനയം നിര്‍ത്തി എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അഭിനയം എന്നും എനിക്ക് പാഷന്‍ ആണ്. വിവാഹം കഴിഞ്ഞപ്പോള്‍ തിരക്കുകള്‍ കൊണ്ടു മാറി നിന്നു എന്നു മാത്രം. മക്കള്‍ ചെറുതായിരിക്കുമ്പോള്‍ അവരെ നോക്കുന്നതിനൊപ്പം മറ്റൊന്നിനും സമയം ഉണ്ടാകില്ലല്ലോ. ഇപ്പോള്‍ അവര്‍ കുറച്ചു വലുതായതുകൊണ്ടാണ് അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ വീണ്ടും സ്വീകരിച്ചത്. മുന്‍പും ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ മനസ്സിന് ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ കിട്ടാത്തതുകൊണ്ട് ഒന്നും ഏറ്റെടുത്തില്ല. എന്നാണ് നിത്യ ദാസ് പറയുന്നത്.


Click it and Unblock the Notifications











