നാൽപത് വയസ്സ് വരെ കാത്തിരിക്കാൻ കഴിഞ്ഞില്ലെന്ന് പ്രയാഗ; അപ്പോൾ അബദ്ധമല്ലേയെന്ന് ആരാധകർ! പുതിയ ചിത്രവും വൈറൽ
മോഹൻലാൽ ചിത്രം സാഗർ ഏലിയാസ് ജാക്കിയുടെ ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മലയാളത്തിലെ യുവാനായികമാരിൽ ശ്രദ്ധേയ താരമായി മാറിയ നടിയാണ് പ്രയാഗ മാർട്ടിൻ. ഒരു മുറൈ വന്ത് പാർത്തായ, പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഫുക്രി, രാമലീല, ബ്രദേഴ്‌സ് ഡേ തുടങ്ങിയ സിനിമകളിലൂടെയാണ് പ്രയാഗ ശ്രദ്ധിക്കപ്പെടുന്നത്.
സൂപ്പർ ഹിറ്റ് ചിത്രമായ ഉസ്താദ് ഹോട്ടലിൽ ചെറിയ വേഷത്തിൽ എത്തിയ പ്രയാഗ, പിസാസ് എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ എത്തിയ ശേഷമാണ് മലയാളത്തിൽ നായികയാകുന്നത്. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായിട്ടായിരുന്നു തുടക്കം. പിന്നീട് നിരവധി അവസരങ്ങളാണ് അന്യഭാഷകളിൽ നിന്നുൾപ്പെടെ നടിയെ തേടിയെത്തിയത്.
കുറച്ചു നാളുകളായി സിനിമകളിൽ അത്ര സജീവമല്ല പ്രയാഗ. 2020 ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം ആണ് പ്രയാഗയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അതേസമയം, കഴിഞ്ഞ ദിവസം നടിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മുടിയുടെ നിറം മാറ്റി അപ്പാടെ മാറ്റത്തോടെയാണ് പ്രയാഗ പ്രത്യക്ഷപ്പെട്ടത്.

പ്രയാഗ തന്നെ ആയിരുന്നു ചിത്രം പങ്കുവച്ചത്. ഇത് പ്രയാഗ തന്നെയാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ചിത്രം. പിന്നീട് ഒരു ഉദ്‌ഘാടന വേദിയിലും സിസിഎല്ലിന്റെ ടീം പ്രഖ്യാപന ചടങ്ങിലും അതേ ലുക്കില്‍ പ്രയാഗ എത്തിയിരുന്നു. സിസിഎൽ ചടങ്ങിൽ തന്റെ ലുക്കിനെ കുറിച്ച് പ്രയാഗ പറഞ്ഞ വാക്കുകളും ശ്രദ്ധനേടി.
ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ തന്റെ മുടിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രയാഗ. ചിത്രത്തേക്കാൾ പ്രയാഗ അതിന് നൽകിയ ക്യാപ്‌ഷനാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. 'ഇതാ, കഴിക്കൂ.. എന്റെ വെളുത്ത നരകള്‍ക്ക് വേണ്ടി നാല്‍പത് വയസ്സ് വരെ കാത്ത് നില്‍ക്കാനൊന്നും കഴിഞ്ഞില്ല. ഈ കളര്‍ തന്നതിനും സ്‌നേഹത്തിനും ബോന്തയ്ക്കും ഗ്യാങിനും നന്ദി' എന്ന് പറഞ്ഞുകൊണ്ടാണ് പ്രയാഗയുടെ പോസ്റ്റ്. മുടി സ്റ്റൈൽ ചെയ്ത് തന്നവരുടെ ചിത്രവും പ്രയാഗ പങ്കുവച്ചിട്ടുണ്ട്.
ശരണ്യ, അഭിരാമി, രചന നാരായണന്‍കുട്ടി തുടങ്ങി താരങ്ങളടക്കം നിരവധി പേരാണ് നടിയുടെ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് പുതിയ ലുക്കിനെ അഭിനന്ദിച്ച് കമന്റ് ചെയ്യുന്നത്. അബദ്ധമല്ലേയെന്ന് ചിലർ ചോദിക്കുന്നുണ്ട്. അതേസമയം, നെഗറ്റീവ് കമന്റുകളും ഒരുപാട് വരുന്നുണ്ട്. അബദ്ധം പറ്റിയതല്ലേ പോയി കളർ മാറ്റിക്കോ. ചേച്ചി പറഞ്ഞത് അവർക്ക് മാനസിലാവാഞ്ഞിട്ട് ആകും. ഒരു മച്ചുമില്ല എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഹോളിവുഡ് ആണോ ലക്ഷ്യമെന്നാണ് ഒരാളുടെ കമന്റ്.

കഴിഞ്ഞ ദിവസം സിസിഎലിന്റെ പരിപാടിയിൽ ഉദ്ദേശിച്ച കളർ ഇതായിരുന്നില്ല എന്ന് പ്രയാഗ പറഞ്ഞിരുന്നു. സിസിഎല്ലിന് വേണ്ടിയുള്ള മാറ്റമല്ലെന്നും നടി വ്യകത്മാക്കിയിരുന്നു. 'മേക്കോവര്‍ നടത്തണം എന്നേ ഉദ്ദേശിച്ചിട്ടില്ല. മുടി കളര്‍ ചെയ്യാന്‍ പോയപ്പോള്‍ വന്നുപോയതാണ്. ഞാന്‍ ഉദ്ദേശിച്ച കളര്‍ ഇതായിരുന്നില്ല. മുടിവെട്ടി എങ്കില്‍ കളറും ചെയ്‌തേക്കാം എന്ന് കരുതി. പക്ഷേ ഞാന്‍ കരുതിയ കളര്‍ അല്ല ആയി വന്നത്. അതൊരു അബദ്ധം പറ്റിയതാണ്. മനഃപൂർവം ലുക്ക് മാറ്റിയത് അല്ല,' എന്നായിരുന്നു പ്രയാഗ പറഞ്ഞത്.
'ഇനി കുറച്ച് കാലം സിനിമയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുക്കാം എന്ന് തീരുമാനിച്ചിരിക്കുകയാണ്. അതിനും പ്രത്യേകിച്ച് കാരണമൊന്നും ഇല്ല. എനിക്ക് തോന്നി, ഞാൻ ബ്രേക്ക് എടുക്കുന്നു, അത്രമാത്രം. മാത്രമല്ല ഒരു സിനിമയിലും നിലവിൽ കമ്മിറ്റ് ചെയ്തിട്ടില്ല. അപ്പോള്‍ പിന്നെ ലുക്ക് ഏത് ആയാലും കുഴപ്പമില്ലല്ലോ,' അതാണ് ഈ തീരുമാനത്തിന് പിന്നിലെന്നും പ്രയാഗ പറഞ്ഞിരുന്നു.
അതേസമയം, ബുള്ളറ്റ് ഡയറീസ്, ജമാലിന്റെ പുഞ്ചിരി തുടങ്ങിയവയാണ് പ്രയാഗയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾ.


Click it and Unblock the Notifications











