മോൻ അക്കാര്യം മിസ്സ് ചെയ്യരുതെന്ന് നിർബന്ധമുണ്ടായിരുന്നു; അടുത്ത മോമെന്റിൽ എന്താണെന്ന് അറിയില്ലല്ലോ: പ്രിയങ്ക
ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് പ്രിയങ്ക നായര്‍. തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് താരം. മലയാളി ആണെങ്കിലും 2006 ൽ വെയ്യിൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. സുരേഷ് ഗോപി നായകനായ കിച്ചാമണി എംബിഎ ആണ് പ്രിയങ്കയുടെ ആദ്യ മലയാള ചിത്രം. പിന്നീട് അങ്ങോട്ട് നായികയായും സഹനടിയായുമൊക്കെ പ്രിയങ്ക നായര്‍ മലയാളത്തിലെ സജീവ സാന്നിധ്യമായി മാറുകയായിരുന്നു.
അതിനിടെ ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലൂടെ 2008 ൽ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും പ്രിയങ്ക നേടി. സിനിമകൾക്ക് പുറമെ മിനിസ്‌ക്രീനിലും താരം തിളങ്ങിയിട്ടുണ്ട്. നിരവധി പരമ്പരകളിലും ഒപ്പം തന്നെ ടെലിവിഷൻ പ്രോഗ്രാമുകളിലും പ്രിയങ്ക സാന്നിധ്യം അറിയിച്ചു. ഇപ്പോൾ പൂർണമായും സിനിമയിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചില മലയാള ചിത്രങ്ങളില്‍ പ്രിയങ്ക പ്രധാന വേഷത്തിൽ എത്തിയിരുന്നു. അന്താക്ഷരി, ട്വല്‍ത്ത് മാന്‍, കടുവ തുടങ്ങിയവയാണ് അവയിൽ ചിലത്.

കരിയറിനൊപ്പം തന്നെ പ്രിയങ്കയുടെ സ്വകാര്യ ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. സിംഗിൾ മദറാണ് താരം. തമിഴ് നടനും സംവിധായകനുമായ ലോറൻസ് റാം ആയിരുന്നു പ്രിയങ്കയുടെ ഭർത്താവ്. 2012 ൽ വിവാഹിതരായ ഇരുവരും 2015 ൽ വേർപിരിഞ്ഞു. ഒരു മകനാണ് പ്രിയങ്കയ്ക്ക് ഉള്ളത്. മകന് വേണ്ടിയാണു താൻ ജീവിക്കുന്നതെന്ന് പ്രിയങ്ക മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ മകനെ കുറിച്ചും മകന് വേണ്ടി സിനിമകൾ ചെയ്യുന്നത് കുറച്ചതിനെ കുറിച്ചുമൊക്കെ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക നായർ. മകന് തന്നെ മിസ്സ് ചെയ്യാനുള്ളൊരു സാഹചര്യം കൊടുക്കാറില്ലെന്ന് പ്രിയങ്ക പറയുന്നു.
'കുഞ്ഞായിരുന്ന സമയത്ത് ലൊക്കേഷനിലേക്ക് കൊണ്ട് പോകുമായിരുന്നു. കുറേദിവസം ഞാന്‍ ഷൂട്ടിലാണെങ്കില്‍ ഇടയ്ക്ക് അവന്‍ ലൊക്കേഷനിലേക്ക് വരും. കുറച്ചുമുന്‍പ് വരെ നല്ല ഗ്യാപ്പെടുത്താണ് സിനിമകള്‍ ചെയ്തിരുന്നത്. മോന്റെ വളര്‍ച്ചയില്‍ അമ്മയുടെ പ്രസന്‍സ് ഉണ്ടാവണം എന്ന് നിര്‍ബന്ധമായിരുന്നു. ഇപ്പോള്‍ അവന്‍ കുറച്ചൂടെ വലുതായി. ഇത് അമ്മയുടെ ജോലിയാണെന്ന് അവനറിയാം', പ്രിയങ്ക പറഞ്ഞു.
ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം തന്നെ വേണമെന്നുണ്ടെന്നും പ്രിയങ്ക അഭിമുഖത്തിൽ പറഞ്ഞു. അമ്മേ, ഞാന്‍ അവിടെ വന്നിട്ടേ കഴിക്കുള്ളൂ എന്ന് വിളിച്ച് പറയാറുണ്ട്. ഒരു കഞ്ഞി കിട്ടിയാലും ഞാന്‍ ഹാപ്പിയാണ്. വീട്ടിലെപ്പോഴും മൂന്നാല് കറികളുണ്ടാവും. പച്ചക്കറി കുറേ കഴിപ്പിക്കാനുള്ള അടവുകളിലൊന്നാണ് അത്. ചോറും തൈരും കൊടുത്താലും ടേസ്‌റ്റോടെ കൊടുക്കണമെന്നാണ്.

നല്ല കുത്തരിച്ചോറും പരിപ്പും നെയ്യുമുണ്ടെങ്കില്‍ എനിക്ക് വേറെ കറികളൊന്നും വേണ്ട. അച്ഛന്റെ ഇഷ്ടം എനിക്ക് കിട്ടി. നേരത്തെ മോനത് ഇഷ്ടമായിരുന്നില്ല. ഇപ്പോള്‍ ഇഷ്ടമാണ്. ഈ നിമിഷം പ്രിയപ്പെട്ടവരുടെ കൂടെ കഴിയുക, അടുത്ത മോമെന്റിൽ എന്താണെന്ന് നമുക്കറിയില്ലല്ലോ. അതിന് താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും പ്രിയങ്ക പറഞ്ഞു. മുകുന്ദ് റാം എന്നാണ് പ്രിയങ്കയുടെ മകന്റെ പേര്. പത്ത് വയസ്സാണ് മകന് പ്രായം.
അതേസമയം ഇപ്പോൾ സിനിമകളിൽ വളരെ സജീവമാണ് പ്രിയങ്ക. മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം റാം അടക്കം മൂന്ന് ചിത്രങ്ങളാണ് അണിയറയിൽ ഉള്ളത്. ഇതിലൊന്ന് തമിഴ് ചിത്രമാണ്. അനൂപ് മേനോൻ നായകനായ വരാൽ ആണ് പ്രിയങ്കയുടേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ.


Click it and Unblock the Notifications











