അന്ന് ഡിപ്രഷനിലേക്ക് പോയി; ആര് കൂടെയുണ്ടെങ്കിലും ഭർത്താവ് ഒപ്പമില്ലെങ്കിൽ പ്രശ്നമാണ്: രമ്യ സുരേഷ്
വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിൽ ഒരിടം കണ്ടെത്തിയ അഭിനേത്രിയാണ് രമ്യ സുരേഷ്. ചെറിയ വേഷങ്ങളിലാണ് കൂടുതൽ അഭിനയിച്ചതെങ്കിലും പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടുകയായിരുന്നു താരം. ഞാൻ പ്രകാശൻ അടക്കമുള്ള സിനിമകളിലെ രമ്യയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. അതിന് ശേഷം വന്ന സബാഷ് ചന്ദ്രബോസ് എന്ന ചിത്രത്തിലെ അഭിനയം കണ്ട് മമ്മൂട്ടി വരെ താരത്തെ പ്രശംസിച്ചിട്ടുണ്ട്.
ഇന്ന് കൈനിറയെ അവസരങ്ങളുമായി തിളങ്ങി നിൽക്കുകയാണ് രമ്യ. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ താരത്തെ തേടിയെത്തുന്നുണ്ട്. അതേസമയം സിനിമയിൽ സജീവമായി വരുന്ന സമയത്ത് അപ്രതീക്ഷിതമായ ചില പ്രതിസന്ധികൾ രമ്യക്ക് നേരിടേണ്ടി വന്നത്. അതിലൊന്നാണ് നടിയുടെ മോർഫ് ചെയ്ത അശ്‌ളീല വീഡിയോ പ്രചരിച്ചത്. ഇതുകൂടാതെ നടിയുടെ ഒരു പാട്ട് വൈറലാവുകയും അതിനെതിരെ വ്യാപക ട്രോളുകളും വിമർശനങ്ങളും ഉയരുന്ന സാഹചര്യവും ഉണ്ടായിരുന്നു.

ഇപ്പോഴിതാ ആ സംഭവങ്ങളെ കുറിച്ചും അന്നേരം ഭർത്താവ് നൽകിയ പിന്തുണയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് രമ്യ. ലോകം മുഴുവൻ ഒപ്പമുണ്ടെങ്കിലും ഭർത്താവ് കൂടെ ഇല്ലെങ്കിൽ താൻ തകർന്നുപോകുമെന്ന് രമ്യ പറയുന്നു. അത്തരമൊരു അനുഭവവും താരം പങ്കുവെച്ചു. മൗലി ഫിലിംസ് എന്ന യൂട്യൂബ് ചാനലുമായി സംസാരിക്കുകയായിരുന്നു നടി.
'അന്ന് എനിക്ക് സപ്പോർട്ടായി നിന്നത് ഭർത്താവും സുഹൃത്തുക്കളുമാണ്. ഞാൻ അത് കണ്ട ഉടനെ ആദ്യം ഭർത്താവിനാണ് അയച്ചു കൊടുത്തത്. അദ്ദേഹം എന്റെയൊപ്പം നിന്നു. പിന്നീട് സൈബർ സെല്ലിൽ പരാതി നൽകി. കുറെനാൾ അതിന്റെ പുറകെ നടന്നു. പക്ഷെ ഒരു കാര്യവുമുണ്ടായില്ല. ഇങ്ങനത്തെ സംഭവങ്ങൾ വരുമ്പോൾ പേടിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ബ്ലാക്ക്‌മെയിലും മറ്റുമായി വന്നാൽ അതിൽ പേടിച്ച് വീണ്ടും ഓരോന്ന് ചെയ്യാതിരിക്കുക. അതുപോലെ എന്തെങ്കിലും വന്നാൽ പോലീസിന്റെ അടുത്ത് പോകാം. തെളിവുണ്ടെങ്കിൽ കുഴപ്പമില്ല,'
'ഒരിക്കലും പതറരുത്. കുടുംബത്തിൽ ആർക്കെങ്കിലും ആണ് വരുന്നതെങ്കിൽ അവർക്ക് കഴിയുന്നത്ര സപ്പോർട്ട് നൽകണം. അവരുടെ മാനസികാവസ്ഥ എന്താണെന്നോ ഏതാണെന്നോ എന്നൊന്നും നമുക്ക് അറിയാൻ കഴിയില്ല. അവരെ സമാധാനിപ്പിക്കാൻ സാധിക്കുക കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊക്കെയാണ്,' രമ്യ സുരേഷ് പറയുന്നു.
'എന്നെ സംബന്ധിച്ച് സപ്പോർട്ട് ചെയ്യാൻ ഒരാൾ മതി. എന്റെ സുഹൃത്തുക്കളോ കുടുംബമോ ആരും കൂടെയില്ലെങ്കിലും എന്റെ ഭർത്താവ് കൂടെ ഉണ്ടെങ്കിൽ അത് ഭയങ്കര ധൈര്യമാണ്. എന്നാൽ മറ്റെല്ലാവരും ഉണ്ട്, ഭർത്താവ് കൂടെ ഇല്ല എന്നാണെങ്കിൽ എനിക്ക് ആ സിറ്റുവേഷനെ ഫേസ് ചെയ്യാൻ സാധിക്കില്ല. ഞാൻ തകർന്ന് പോകും. ജീവിതത്തിലെ വലിയൊരു പില്ലറാണ് പുള്ളി. അങ്ങനെ ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഞാൻ ഒരു പാട്ടുപാടി, അതാ വൈറലായി ഒരുപാട് ട്രോളുകളൊക്കെ വന്നതാണ്,'

'അന്ന് ഞാൻ ഡിപ്രഷനിലേക്ക് ഒക്കെ പോയതാണ്. പക്ഷെ എന്റെ വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും എല്ലാം കൂടെ ഉണ്ടായിരുന്നു. രണ്ടുമാസം കൊണ്ടാണ് ഞാൻ അതിനെയൊക്കെ തരണം ചെയ്തത്. പിന്നീട് ഞാൻ വിചാരിച്ചു, ഞാൻ ചുമ്മ ഒരു പാട്ട് പാടി ഇട്ടതിന് ഇവന്മാർ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കി. എങ്കിൽ ഞാൻ തന്നെ ഒന്ന് പാടിയിട്ടാലോ എന്ന്. അങ്ങനെ ഒരു പാട്ട് പാടിയിട്ടു. അത് വൈറലായി. അതിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. പക്ഷെ അങ്ങനെ ഇട്ടത് ചേട്ടായിക്ക് ഇഷ്ടമായില്ല,'
'എന്നോട് എന്തിനായിരുന്നു അത്, നമുക്ക് ആദ്യം അങ്ങനെയൊരു പ്രശ്നം പറ്റിയതല്ലേ എന്നൊക്കെ ചോദിച്ചു. അത്രയേ പറഞ്ഞുള്ളു. പക്ഷേ ഞാൻ തകർന്നു പോയി. ഞാൻ എന്തോ വലിയ തെറ്റ് ചെയ്‌തെന്ന് തോന്നിപ്പോയി. അപ്പോഴാണ് എനിക്ക് മനസിലായത്, ആര് എന്റെ കൂടെയുണ്ടെങ്കിലും ഭർത്താവ് കൂടെ ഇല്ലെങ്കിൽ പ്രശ്നമാകുമെന്ന്. എന്നാൽ അദ്ദേഹം എന്റെ എല്ലാ പൊട്ടത്തരങ്ങൾക്കും തോന്നിവാസങ്ങൾക്കുമെല്ലാം കൂടെ നിൽക്കുന്ന ആളാണ്. കൂടെ ഇല്ലെന്ന് എനിക്ക് തോന്നിയാൽ തീർന്നു,' രമ്യ പറയുന്നു.


Click it and Unblock the Notifications











