ഫ്രീയായി നടക്കാം, ബിക്കിനി ധരിച്ചാലും ആരും മൈൻഡ് ചെയ്യില്ല; മനഃസമാധാനമുള്ള സ്ഥലം; രസ്ന പവിത്രൻ പറയുന്നു
വളരെ കുറച്ചു സിനിമകളിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടി രസ്‌ന പവിത്രന്‍. ഊഴം, ജോമോന്റെ സുവിശേഷങ്ങള്‍, ആമി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. പൃഥ്വിരാജിന്റേയും ദുല്‍ഖറിന്റേയും സഹോദരിയായി അഭിനയിക്കാനുള്ള ഭാഗ്യമായിരുന്നു തുടക്കത്തില്‍ തന്നെ താരത്തിന് ലഭിച്ചത്. വിവാഹത്തോടെ അഭിനയരംഗത്തുനിന്നും ഇടവേളയെടുത്ത രസ്ന ഇപ്പോൾ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.
ഒരുപിടി ചിത്രങ്ങളുമായി മലയാളത്തിലും തമിഴിലുമെല്ലാം സജീവമാകാൻ ഒരുങ്ങുകയാണ് താരം. സിനിമയിൽ നിന്ന് മാറി നിന്നപ്പോഴും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായിരുന്നു രസ്ന. രസ്‌നയുടെ ഫോട്ടോഷൂട്ടുകൾ ആരാധക ശ്രദ്ധ നേടാറുണ്ട്. തന്റെ യാത്ര വിശേഷങ്ങളും രസ്ന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. വിവാഹത്തിന് മുൻപും ശേഷവുമെല്ലാം നിരവധി യാത്രകൾ നടത്തിയിട്ടുണ്ട് രസ്ന. യാത്രകളോട് വല്ലാത്തൊരു ഇഷ്ടവും താരത്തിനുണ്ട്.

അടുത്തിടെയാണ് രസ്ന ബാലി യാത്ര നടത്തിയത്. ഇതിന്റെ വീഡിയോയും മറ്റും താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ബാലിയിൽ അനുഭവിച്ച സ്വാതന്ത്രത്തെ കുറിച്ച് പറയുകയാണ് രസ്ന. വളരെ മനഃസമാധാനമുള്ള നാടായി ബാലി തോന്നിയെന്ന് രസ്ന പറയുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ആരാലും ജഡ്ജ് ചെയ്യപ്പെടാതെ നടക്കാൻ സാധിച്ചുവെന്നും നടി പറഞ്ഞു. മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രസ്ന പവിത്രൻ.
ഒരുപാട് കാലത്തെ തന്റെ ആഗ്രഹമായിരുന്നു ബാലി യാത്രയെന്ന് രസ്ന പറയുന്നു. വിഡിയോകൾ കാണുമ്പോഴും പലരും അവിടെ പോയതിനെപ്പറ്റി പറയുമ്പോഴും മനസ്സിൽ കയറിക്കൂടിയതാണ് അവിടെ പോകണമെന്നത്. ഇൻസ്റ്റഗ്രാമിൽ റീൽസും മറ്റും കാണുമ്പോഴൊക്കെ കൊതിക്കും അവിടെ പോകാൻ. നമ്മുടെ നാട്ടിൽനിന്നു വിട്ടുനിൽക്കുകയാണെന്ന് അവിടെ ചെന്നപ്പോൾ തോന്നിയില്ല. മനഃസമാധാനമുള്ള ഒരു നാട് എന്നു ബാലിയെ വിളിക്കാമെന്ന് രസ്ന പറയുന്നു.
അവിടുത്തെ സ്വാതന്ത്ര്യമായിരുന്നു തന്നെ ഏറ്റവും കൂടുതൽ ആകര്ഷിച്ചതെന്നും താരം പറഞ്ഞു. ലോകത്തിന്റെ നാനാദിക്കിൽ നിന്നുമുള്ള ആളുകൾ സന്ദർശിക്കുന്ന ബാലി സാംസ്കാരികമായി ഏറെ മുന്നിൽ നിൽക്കുന്ന നാടാണ്. അവിടെ ആയിരുന്നപ്പോൾ ഏറ്റവും കൂടുതൽ ആസ്വദിച്ചത് സ്വാതന്ത്ര്യമായിരുന്നു. നമ്മൾ ആരാണ്, എന്താണ് ധരിച്ചിരിക്കുന്നത് എന്നൊന്നും ആരും നോക്കില്ല. ഇഷ്ടമുള്ള വസ്ത്രം ധരിച്ച്, ജഡ്ജ് ചെയ്യപ്പെടാതെ സന്തോഷത്തോടെ എല്ലാം ആസ്വദിച്ച് നമ്മളായി അവിടെ നടക്കാം.

സ്വസ്ഥമായൊരു സന്ദർശനം. നമ്മുടെ നാട്ടിൽ ഒരൽപം ഇറക്കം കുറഞ്ഞ ഡ്രസ് ഇട്ടാലോ മറ്റുള്ളവരുടെ കണ്ണിൽ മോശമെന്നു തോന്നിയാലോ ചിലപ്പോഴൊക്കെ ഉണ്ടാകാറുള്ള അതിരുകടന്ന കമന്റുകളോ നോട്ടങ്ങളോ മുൻവിധികളോ ഒന്നും ആ നാട്ടിൽ കാണാനാവില്ല. ആയിരക്കണക്കിന് സഞ്ചാരികളിൽ ഒരാൾ മാത്രമായിരിക്കും നമ്മൾ. ബിക്കിനി ധരിച്ച് ബീച്ചിൽ സമയം ചെലവഴിച്ചാലോ നമുക്കിഷ്ടമുള്ള ഡ്രസിട്ട് തിരക്കേറിയ തെരുവോരങ്ങളിലൂടെ നടന്നാലോ ആരും മൈൻഡ് പോലും ചെയ്യില്ലെന്ന് രസ്ന പറയുന്നു.
നിങ്ങൾ മാത്രമുള്ള നിങ്ങളുടെ നിമിഷങ്ങളായിരിക്കും അത്. ബാലിയെ സംബന്ധിച്ച് തന്നെ ഏറെ സന്തോഷിപ്പിച്ച കാര്യവും അതായിരുന്നുവെന്ന് നടി വ്യക്തമാക്കി. യാത്ര ചെയ്യുന്നത് എല്ലാ ടെൻഷനുകളെല്ലാം മറന്നു തിരക്കുകളിൽനിന്നും ബഹളങ്ങളിൽനിന്നും മാറിനിൽക്കാനാണല്ലോ. അങ്ങനെയെങ്കിൽ മനഃസമാധാനത്തോടെ യാത്ര ചെയ്യാൻ പറ്റിയ മികച്ച സ്ഥലമാണ് ബാലിയെന്നും രസ്ന പറഞ്ഞു. അതേസമയം, പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചിത്രത്തിലാണ് രസ്ന അവസാനമായി അഭിനയിച്ചത്. തമിഴിലും മലയാളത്തിലുമായി പുതിയ പ്രോജക്ടുകൾ അണിയറയിൽ ഉണ്ടെന്നാണ് വിവരം


Click it and Unblock the Notifications