പരസ്പരമുള്ള അഡ്ജസ്റ്റ്മെന്റ് പീഡനമല്ല; വിട്ടു വീഴ്ചക്കു ശേഷം തുറന്നു പറയുന്നതിൽ കാര്യമില്ല: റോഷ്ന
സ്ത്രീകൾ പല തരത്തിലുള്ള പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ഇന്ന് മലയാള സിനിമയിൽ നടക്കുന്ന പ്രശ്നങ്ങളെല്ലാം വർഷങ്ങളായി നടക്കുന്നതുമാണ്. പല നടികളും, ജൂനിയർ ആർട്ടിസ്റ്റുകളും തങ്ങൾക്ക് നീതി ലഭിക്കാത്തതിൽ പ്രതിഷേധം അറിയിക്കുന്നു. സിനിമയിലെ അവസരത്തിനു വേണ്ടി തങ്ങളെ ദുരുപയോഗം ചെയ്തു എന്നാണ് പലരും പറയുന്നത്. ആ സമയത്ത് തുറന്നു പറയാതെ ഇപ്പോൾ മാധ്യമങ്ങൾക്കു മുന്നിൽ വിളിച്ചു പറയുന്ന നടികളും ആ കൂട്ടത്തിലുണ്ട്.
സിനിമയിൽ എത്തുന്നത് പോപ്പുലാരിറ്റിക്കു വേണ്ടിയാണ്. ആ മേഖലയിലെ ഉയർച്ചക്കു വേണ്ടി അഡ്ജസ്റ്റ്മെന്റുകൾക്ക് വഴങ്ങിയ ശേഷം വർഷങ്ങൾക്കിപ്പുറം അതൊരു ആക്രമണമായിരുന്നു എന്ന് പറയുന്നത് തെറ്റാണെന്നാണ് നടി റോഷ്ന ആൻ റോയ് വ്യക്തമാക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചും തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചും റോഷ്ന കൗമുദി മൂവീസിലൂടെ പറയുന്നു.

"ഏത് മേഖലയിലും കംഫർട്ടബിളായിട്ട് വർക്ക് ചെയ്യാൻ സാധിക്കണം. അതാണ് എപ്പോഴും പ്രധാനപ്പെട്ടത്. ചൂഷണം ചെയ്യപ്പെടുമ്പോൾ എല്ലാവർക്കും ബുദ്ധിമുട്ടാണ്. അത് സ്ത്രീകൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും അതേ പ്രശ്നങ്ങൾ നേരിടും. അവർക്ക് ചിലപ്പോൾ സിനിമയോടുള്ള അതിയായ ആഗ്രഹം കൊണ്ടായിരിക്കും ഇത്തരത്തിൽ അഡ്ജസ്റ്റ്മെന്റുകൾ ചെയ്യുന്നത്. എന്നാൽ ഇത്തരം അഡ്ജസ്റ്റ്മെന്റുകളെല്ലാം ചെയ്തതിനു ശേഷം പിന്നീട് ആ വ്യക്തി ആക്രമിച്ചു എന്ന് പറയുന്നതിൽ അർത്ഥമില്ല.
സ്വന്തം സ്വാർത്ഥ താത്പര്യത്തിനു വേണ്ടി പല കാര്യങ്ങളിലും വിട്ടു വീഴ്ച ചെയ്തിട്ട് പിന്നീട് ഒന്നും പറയുന്നതിൽ കാര്യമില്ല. സ്വന്തം പോപ്പുലാരിറ്റിക്കു വേണ്ടി പലതും ചെയ്തിട്ട് വേറൊരു അവസരത്തിൽ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പറയുന്നത് ശരിയല്ല. പരസ്പരം പ്രശ്നങ്ങളില്ലാതെ അഡജസ്റ്റ്മെന്റ് ചെയ്യുന്നത് പീഡനമല്ല. എന്നാൽ ഒരാൾ മറ്റൊരാളെ നിർബന്ധിച്ച് ബലപ്രയോഗത്തിലൂടെ ആക്രമിക്കുന്നതാണ് തെറ്റ്. റോഷ്ന പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു പിന്നാലെ നിരവധി താരങ്ങളാണ് മുന്നോട്ട് വന്നിട്ടുള്ളത്. പലരും പല രീതിയിലുള്ള ആരോപണങ്ങൾ ഉയർത്തുന്നുണ്ട്."
സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി അഭിനയത്തിലേക്ക് വന്നെത്തിയ നടിയല്ല റോഷ്ന. ഡാൻസിനോടായിരുന്നു ചെറുപ്പം മുതൽക്കേയുള്ള താത്പര്യം. ഡാൻസറായിട്ടാണ് റോഷ്ന കരിയർ തുടങ്ങുന്നത്. നിരവധി സ്റ്റേജ് ഷോകളിൽ പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. തുടക്കകാലത്ത് ഒരു പ്രോഗ്രാമുകളും കിട്ടിയിരുന്നില്ല. എന്നാൽ കുറച്ച് പ്രോഗ്രാമുകൾ കിട്ടി തുടങ്ങിയതിനു കാരണം മനോജ് ഗിന്നസാണ്. ചെറിയ റോളുകളാണെങ്കിൽ പോലും കോമഡി സ്കിറ്റുകളിൽ അവസരം തരും. അതുപോലെ ഡാൻസുണ്ടെങ്കിൽ അതിലേക്കും അവസരം തരാറുണ്ട്.

"അഞ്ച് ഡാൻസ് ഒരു ദിവസം കളിച്ചാൽ 500 രൂപയാണ് എനിക്ക് കിട്ടിയത്. ചിലപ്പോൾ സമയത്തിന്റെ പരിമിതി മൂലം അത് 4 എണ്ണത്തിലേക്ക് ചുരുക്കും. ചില മാസങ്ങളിൽ ഷോസ് ഉണ്ടാവില്ല. ആ സമയങ്ങളിൽ വലിയ ബുദ്ധിമുട്ടാണ്. പിന്നെ ഞാൻ സ്ഥിരമായി പോകുന്ന ഒരു തട്ടുകടയുണ്ട്. അതിനാൽ പട്ടിണി ഇല്ലാതെ ജീവിക്കാൻ കഴിഞ്ഞു. കുറേ നാളിനു ശേഷമാണ് എനിക്ക് ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. ഒരു ദിവസം അഭിനയിച്ചപ്പോൾ 8000 രൂപ കിട്ടി."
അതായിരുന്നു റോഷ്നയുടെ ടേണിംഗ് പോയിന്റ്. അതോടെയാണ് സിനിമകൾ ചെയ്യണമെന്ന ചിന്ത വന്നത്. പതിയെ ഓഡീഷനുകളിൽ പങ്കെടുക്കാൻ തുടങ്ങി. അങ്ങനെയാണ് സിനിമകളിൽ എത്തിയത്. ചെറിയ വേഷങ്ങളാണെങ്കിൽ പോലും മികച്ച കഥാപാത്രങ്ങളിൽ റോഷ്ന തിളങ്ങിയിട്ടുണ്ട്. ഒരു അടാർ ലവ്, വർണ്യത്തിൽ ആശങ്ക, റോസാപ്പൂ എന്നീ സിനിമകളിൽ റോഷ്ന അഭിനയിച്ചിട്ടുണ്ട്. റോഷ്നയുടെ പേര് ഈയിടെ ചർച്ചകളിൽ നിറഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള വിഷയത്തിൽ റോഷ്നക്ക് പല തരത്തിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്.


Click it and Unblock the Notifications