'എക്സ്പോസ് ചെയ്യുന്ന ഫോട്ടോ ചെയ്യില്ലെന്ന് പറഞ്ഞാൽ എനിക്കാണ് നഷ്ടം; കമന്റുകൾ അതിരു കടന്നു': സാധിക
താരങ്ങളെ സംബന്ധിച്ച് ജീവിതത്തിൽ നിന്ന് മാറ്റി നിർത്താൻ കഴിയാത്ത ഒന്നാണ് ഇന്ന് സോഷ്യൽ മീഡിയ. ഇക്കാലത്ത് അവസരങ്ങള്‍ ലഭിക്കുന്നതിലടക്കം സോഷ്യല്‍ മീഡിയയ്ക്കുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ അതിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് താരങ്ങൾ ശ്രമിക്കുക. അങ്ങനെ സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോൾ അവർക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും വളരെ കൂടുതലാണ്.
പ്രത്യേകിച്ച് നടിമാർക്കാണ് സോഷ്യൽ മീഡിയയിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടാകാറുള്ളത്. സദാചാര ആക്രമങ്ങളും അശ്ലീല കമന്റുകളും എല്ലാം നേരിടേണ്ടി വരാറുണ്ട്. അങ്ങനെ നിരന്തരം സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന നടിയാണ് സാധിക വേണുഗോപാൽ. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെയും ബോൾഡ് ഫാഷൻ സെൻസുകൊണ്ടും ഒരുപറ്റം ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സാധിക.

എന്നാൽ സാധികയെ വിമർശിക്കുന്നവരും നിരവധിയാണ്. അവരുടെയെല്ലാം വായടപ്പിക്കുന്ന തരത്തിൽ കുറിക്കു കൊള്ളുന്ന മറുപടിയാണ് സാധിക നൽകാറുള്ളത്. എന്നാൽ ആദ്യമൊക്കെ ഇത് തന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്ന് പറയുകയാണ് സാധിക. ഒരുപാട് പറഞ്ഞിട്ടുണ്ടെന്നും മോഡലിങ് വേണ്ട എന്ന് പോലും ചിന്തിച്ചിട്ടുണ്ടെന്നും സാധിക പറയുന്നു. മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ട്രോളുകളും കമന്റുകളുമൊക്കെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്. പല കമന്റുകളും കണ്ട് കരഞ്ഞിട്ടുണ്ട്. ഇനി മോഡലിങ്ങ് വേണ്ട എന്നുപോലും ചിന്തിച്ചിട്ടുണ്ട്. സിനിമ കിട്ടാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന രീതിയിലൊക്കെ പലരും സംസാരിച്ചു. അതൊക്കെ ഏറെ വിഷമിപ്പിച്ചു. ഒരു കാലം കഴിയുമ്പോൾ നമ്മളൊക്കെ മാറും. താനും അങ്ങനെയായിരുന്നുവെന്ന് സാധിക പറയുന്നു.
'നമ്മൾ നല്ലത് ചെയ്താലും ചീത്ത ചെയ്താലും പറയാനുള്ളവർ പറഞ്ഞോണ്ടിരിക്കും. നാട്ടുകാരെ ഓർത്ത് എന്തെങ്കിലും ചെയ്യാതിരുന്നാൽ നഷ്ടം നമുക്ക് മാത്രമാണ്. ആളുകളെ പേടിച്ച് എക്സ്പോസ് ചെയ്യുന്ന ഒരു ഫോട്ടോ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞാൽ എനിക്ക് നഷ്ടപ്പെടുന്നത് അവസരങ്ങളാണ്. ഞാൻ ചെയ്തില്ലെങ്കിൽ അത് ചെയ്യാൻ ഒരുപാട് പേരുണ്ട്. നാട്ടുകാരുടെ തെറിവിളി കൊണ്ട് ഞാൻ എന്തിനാണ് എന്റെ സന്തോഷം കളയുന്നത്', സാധിക ചോദിക്കുന്നു.
മോശം കമന്റുകൾക്ക് ആദ്യമൊക്കെ വളരെ റൂഡായിട്ടാണ് റിപ്ലൈ നൽകിയത്. പക്ഷേ, ഇപ്പോൾ ഒരു തമാശ മൂഡിലാണ് റിപ്ലൈ ഒക്കെ കൊടുക്കാറുള്ളത്. പലരും സ്വന്തം പ്രൊഫൈലിൽ നിന്നല്ല ഇത്തരം കമന്റുകൾ ഇടുന്നത്. ഫേക്ക് അക്കൗണ്ടിൽ വന്നാണ് പലതും വിളിച്ച് പറയുന്നത്. എനിക്ക് നട്ടെല്ലുള്ളത് കൊണ്ടാണ് ഞാനിത് ചെയ്യുന്നത് നിങ്ങൾക്ക് അതുപോലും ഇല്ലാത്തതുകൊണ്ടല്ലേ മുഖം പോലുമില്ലാതെ വരുന്നത് എന്നൊക്കെ അവരോട് പറയുമ്പോൾ ഭയങ്കര സന്തോഷമാണ്.
നീ എന്തിനാണ് മറ്റുള്ളവരെ പേടിച്ച് ഇരിക്കുന്നത്, നിനക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യു എന്നാണ് വീട്ടുകാർ പറഞ്ഞിട്ടുള്ളത്. മുന്നോട്ടുള്ള ജീവിതത്തിൽ അതാണ് ഏറ്റവും വലിയ പിന്തുണയെന്നും സാധിക വ്യക്തമാക്കി.
ബോഡിഷെയിമിനെയൊക്കെ വളരെ നിസാരമായ കാര്യമായിട്ടാണ് പലരും കാണുന്നത്. ഇതുപോലത്തെ ചിന്താഗതിയുമായി ആളുകൾ ഇനിയും മുന്നോട്ട് പോയാൽ സമൂഹത്തിന് തന്നെ അത് വലിയൊരു വിപത്താണ്. പലർക്കും ബോഡിഷെയിമിങ്ങ് കാരണം ഡിപ്രഷൻ വരെ ഉണ്ടായിട്ടുണ്ട്. നമ്മളെങ്ങനെയാണോ അതുപോലെ നമ്മളെ സ്വീകരിക്കാൻ മറ്റുള്ളവരും പഠിക്കേണ്ടത് അനിവാര്യമാണെന്നും സാധിക ചൂണ്ടിക്കാട്ടി.

മോഡലായിരിക്കുമ്പോൾ എല്ലാത്തരം വസ്ത്രങ്ങൾ ധരിക്കാനും തയ്യാറായിരിക്കണം എന്നാൽ മാത്രമേ ക്ലൈന്റ്സ് വിളിക്കുകയുള്ളുവെന്നും സാധിക അഭിമുഖത്തിൽ പറഞ്ഞു. നമ്മൾ ഇതുപോലെ മാത്രമേ ചെയ്യു എന്ന് പറഞ്ഞാൻ അവസരം കുറയും എന്നല്ലാതെ വേറെ ഒന്നും സംഭവിക്കില്ല. ഓരോ മോഡലും ഫോട്ടോഗ്രാഫറും കാര്യങ്ങൾ കാണുന്നത് പ്രൊഫഷണലായാണ്. അവിടെ സാധികയുടെ അല്ലെങ്കില്‍ മറ്റ് മോഡലുകളുടെ ബോഡി കണ്ട് ആരും മതിമറക്കുന്നില്ല. ഫോട്ടോയ്ക്ക് ഭംഗി നൽകാൻ മാത്രമാണ് അവർ ശ്രദ്ധിക്കുന്നത്.
എന്നാൽ ചില ചതികളും ഇതിൽ നടക്കുന്നുണ്ട്. സ്ത്രീകളെ യൂസ് ചെയ്യാൻ മാത്രം ഫോട്ടോഷൂട്ട് നടക്കുന്നുണ്ട്. അത് ശ്രദ്ധിക്കണം. പക്ഷേ തനിക്ക് ഇതുവരെ അങ്ങനെയൊരു ദുരനുഭവം ഉണ്ടായിട്ടില്ലെന്നും സാധിക വ്യക്തമാക്കി. നമ്മളൊക്കെയാണ് ബോഡിയെ ഭയങ്കര സംഭവമായി കാണുന്നത്. ശരിക്കും ബോഡി വെറും ബോഡി മാത്രമാണ് അതിൽ കൂടുതലൊന്നും ചിന്തിക്കേണ്ട കാര്യമില്ലെന്നും സാധിക കൂട്ടിച്ചേർത്തു.


Click it and Unblock the Notifications