മമ്മൂട്ടിയാണോ? എങ്കിൽ ഞാനുണ്ട്; ഇതുവരെ ഞാൻ അദ്ദേഹത്തിനെ നേരിട്ട് കണ്ടിട്ടില്ല: ശാരദ
കമലിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത നല്ലൊരു കുടുംബ ചിത്രമായിരുന്നു രാപ്പകൽ മമ്മൂട്ടി, ശാരദ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ആ വർഷത്തെ വലിയ വിജയമായിരുന്നു. അമ്മ-മകൻ കോമ്പോയിൽ ഇറങ്ങിയ ചിത്രത്തിലെ പാട്ടുകളും ഹിറ്റായിരുന്നു. അമ്മ മനസ്സ് തങ്ക മനസ്സ് എന്ന പാട്ട് വർഷാ വർഷം മതേഴ്സ് ഡേയിൽ എല്ലാവരും ഇപ്പോഴും സ്റ്റാറ്റസ് ആക്കാറുണ്ട്.
ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷകമായ ഘടകം ശാരദ എന്ന പ്രതിഭ തന്നെയായിരുന്നു. അങ്ങനെ തുടർച്ചയായി സിനിമകൾ ചെയ്യാതിരുന്നതിനാൽ വല്ലാത്ത പുതുമയുണ്ടായിരുന്നു ആ കഥാപാത്രത്തിന്. സിനിമയിലേക്ക് ശാരദയെ കൊണ്ടു വന്നതിനു പിന്നിലെ കഥ കൗമുദി മൂവിസിലൂടെ കമൽ പറയുന്നു.

2005ലാണ് രാപ്പകൽ എന്ന ചിത്രം വരുന്നത്. അതിൽ അമ്മയുടെ വേഷം ചെയ്യാൻ ശാരദയെ തീരുമാനിക്കുകയും അവരെ വിളിക്കുകയും ചെയ്തു. അവര് കൂറേ വർഷമായിട്ട് മലയാള സിനിമയിലൊന്നും അഭിനയിച്ചിട്ടില്ല. ആന്ധ്രാപ്രദേശിൽ നിന്നുള്ള എം.പി ആയിരുന്നു അവർ. വനിതാ കമ്മീഷൻ പോലെ ഒരു ഡിപ്പാർട്ട്മെൻ്റിന്റെ ചെയർപേഴ്സൺ കൂടി ആയിരുന്നു. അതുകൊണ്ട് തന്നെ അവർ അഭിനയത്തെ കുറിച്ച് ആലോചിച്ചിട്ടില്ല. ഞാൻ ചേച്ചിയെ വിളിച്ചപ്പോ പറഞ്ഞു മമ്മൂട്ടിയാണ് ഇതിലെ പ്രധാന വേഷം ചെയ്യുന്നത് എന്ന്. പെട്ടെന്ന് തന്നെ മമ്മൂട്ടിയാണോ എന്ന് ആവേശത്തിൽ ചോദിച്ചു.
ഞാൻ മമ്മൂട്ടിയെ ഇതുവരെ നേരിട്ട് കണ്ടിട്ട് പോലുമില്ല. മമ്മൂട്ടി അഭിനയിക്കുന്ന സിനിമയാണെങ്കിൽ എനിക്ക് ഭയങ്കര താൽപര്യമുണ്ട് എന്ന് ശാരദ പറഞ്ഞു. സത്യത്തിൽ കഥയും പറഞ്ഞില്ല ഒന്നും പറഞ്ഞില്ല. മമ്മൂക്കയാണെന്ന് കേട്ട സന്തോഷത്തിൽ അവർ ഒകെ പറഞ്ഞു. ലൊക്കേഷനിൽ മമ്മൂക്ക വന്നയുടൻ ശാരദ ചേച്ചി പോയി കെട്ടിപ്പിടിച്ചു. ഞാൻ അഭിനയിക്കണമെന്ന് അതിയായി ആഗ്രഹിച്ച ഒരാളാണ് താങ്കൾ എന്നും അത് എന്താണെന്ന് മാത്രം എനിക്കറിയില്ല എന്നും ശാരദ പറഞ്ഞു. മമ്മൂട്ടിയാണെന്ന് പറഞ്ഞയുടൻ ഞാനത് സ്വീകരിച്ചതാണ്. ഇങ്ങനെയായിരുന്നു ശാരദ ഈ സിനിമയിലെത്തിയതെന്ന് കമൽ വിശദീകരിച്ചു.
സത്യത്തിൽ സരസ്വതിയമ്മ എന്ന വേഷം ചെയ്യാന ശാരദയല്ലാതെ മറ്റൊരു മുഖം പോലും ചിന്തിക്കാൻ സാധിക്കില്ല. അത്രക്കും പെർഫെക്ട് കാസ്റ്റിംഗ് ആയിരുന്നു. മാത്രമല്ല മമ്മൂട്ടിയും ശാരദയും തമ്മിലുള്ള കെമിസ്ട്രിയും മനോഹരമായിരുന്നു. ചില സീനുകൾ മൗന ഭാഷയിലൂടെ കാണികളെ കണ്ണീരിലാഴ്ത്തുകയും ചെയ്തു. ഇങ്ങനെയൊരു അമ്മ വേഷം ശാരദയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്ന് തന്നെയാണ്.

സിനിമയുടെ കഥയും അതിന്റെ കഥ പറഞ്ഞ പശ്ചാത്തലവും എല്ലാം അതി മനോഹരമാണ്. വീണ്ടും അത്തരമൊരു കൂട്ടു കുടുംബ കാലഘട്ടത്തിലേക്ക് തിരിച്ചു പോകുവാൻ തോന്നി പോകും. പെരുമഴക്കാലം എന്ന വലിയ ഹിറ്റിന് ശേഷമാണ് രാപ്പകലുമായി കമൽ എത്തുന്നത്. അതൊരു സങ്കീർണമായ കഥ പറഞ്ഞ ചിത്രമായിരുന്നു. രാപ്പകൽ ആണെങ്കിൽ ഒരു പക്കാ കുടുംബ ചിത്രവും.
അതേ വർഷം തന്നെ സമീർ ദ ഫയർ വിത്തിൻ എന്ന ഹിന്ദി ചിത്രവും കമൽ ചെയ്തിരുന്നു. മമ്മൂട്ടി - ശോഭന ജോഡികൾ അഭിനയിച്ച കമലിന്റെ മഴയെത്തും മുൻപേ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായിരുന്നു അത്. അജയ് ദേവ്ഗൺ, അമീഷാ പട്ടേൽ, മഹിമ ചൗദരി എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്.


Click it and Unblock the Notifications











