മറ്റെന്തെങ്കിലും ജോലി അറിയുമായിരുന്നെങ്കിൽ ഞാൻ അതിന് പോയേനെ; നമ്മൾ സഹായിച്ചിട്ടുള്ളവർ പോലും ഓർക്കാറില്ല!
കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് സീമ ജി നായർ. നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന സീമ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട്. നടി എന്നതിലുപരി സാമൂഹ്യപ്രവർത്തക എന്ന നിലയിലും ശ്രദ്ധേയയാണ് സീമ ജി നായർ. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിലൊക്കെ സീമ ജി നായർ വാർത്തകളിൽ നിറയാറുണ്ട്. ഒരുപക്ഷെ ഇന്ന് അഭിനയത്തേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒരുപക്ഷെ മറ്റുള്ളവരെ സഹായിക്കാനാകും.
തനിക്ക് മുന്നിൽ സഹായം ചോദിച്ച് എത്തുന്ന എല്ലാവർക്കും തന്നാൽ കഴിയുന്ന പോലെ കൈത്താങ്ങാവാൻ സീമ ജി നായർ ശ്രമിക്കാറുണ്ട്. അര്‍ബുദരോഗത്തെ നേരിട്ട നന്ദു മുതല്‍ നടി ശരണ്യ ശശി വരെയുള്ളവര്‍ക്ക് അവരുടെ പോരാട്ടത്തിൽ കൂട്ടായി നടി ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സീമ ജി നായർ, അതിൽ പങ്കുവയ്ക്കുന്ന കുറിപ്പുകളിലൂടെയും ശ്രദ്ധ നേടാറുണ്ട്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാൻ സീമ യാതൊരു മടിയും കാണിക്കാറില്ല.

ഇപ്പോഴിതാ സിനിമയിൽ തനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് സീമ ജി നായർ. ഒരുപാട് അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പല വേഷങ്ങളിൽ നിന്നും താൻ തഴയപ്പെടുകയാണെന്നും സീമ ജി നായർ പറയുന്നു. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് സീമ മനസുതുറന്നത്.
'മലയാള സിനിമയിൽ എന്റെ അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ട് പോയിട്ടുണ്ട്. എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവർ, നമ്മൾ പലരീതിയിൽ സഹായിച്ചിട്ടുള്ളവർ, അവർ ഒരു വർക്ക് ചെയ്യുമ്പോൾ നമ്മളെ ഓർക്കാറില്ല. അവർ എന്നോട് പറഞ്ഞിട്ടുള്ളത്, സീമയെ ഒരുപാട് തവണ വിളിച്ചു, ഫോണിൽ കിട്ടുന്നില്ല എന്നാണ്. പക്ഷെ ആവശ്യക്കാർ എല്ലാം എന്നെ വിളിക്കുന്നുണ്ട്. മെസേജ് അയച്ചാലും എന്നെ കിട്ടുന്നുണ്ട്. പക്ഷെ മലയാള സിനിമയിൽ ഉള്ള ചിലർക്ക് എന്നെ കിട്ടുന്നില്ല,'
'അത് ഒഴിവാക്കാൻ വേണ്ടി പറഞ്ഞത് ആണെന്ന് പിന്നീട് ആണ് എന്റെ തലയിൽ തോന്നിയത്. അലെങ്കിൽ ഇങ്ങനെയാണ് എനിക്ക് ഇക്കണ്ട ജനങ്ങളുടെയെല്ലാം കോളുകൾ കിട്ടുന്നത്. ശരിക്കും പറഞ്ഞാൽ, എനിക്ക് മറ്റെന്തെങ്കിലും ജോലി അറിയുമായിരുന്നെങ്കിൽ, ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ അഭിനയം നിർത്തിയേനെ. എന്നിട്ട് അതിലേക്ക് പോയേനെ. അത്രയധികം അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ട്,'
'ഒരു കോക്കസ് ഉണ്ട്. ആ കോക്കസിനകത്ത് നമ്മൾ പെടണം. അല്ലെങ്കിൽ നമ്മൾ ആരുടെയെങ്കിലുമൊക്കെ കൂട്ടുക്കാരിയോ പരിചയക്കാരിയോ ഫാമിലി ഫ്രണ്ടോ ഒക്കെയാകണം. എന്നാലേ നമുക്കിവിടെ പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളു. അല്ലാതെ കഴിവുണ്ട് എന്ന് പറഞ്ഞത് കൊണ്ട് ആരും എനിക്ക് ഒരു വേഷവും തരില്ല. പിന്നെ സിനിമ ചെയ്താൽ കുഴപ്പമുണ്ടാകില്ല എന്ന് വിചാരിക്കുന്ന അവസരങ്ങൾ മാത്രമേ എനിക്ക് വരാറുള്ളൂ,'

'എന്തുകൊണ്ടാണ് താഴപ്പെടുന്നതെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴും അതിനൊരു ഉത്തരം കണ്ടെത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. കഴിവില്ലാത്തത് കൊണ്ടാണെങ്കിൽ അതാണെന്ന് വയ്ക്കാം. ഇതിപ്പോൾ സീരിയൽ ആയാലും സിനിമ ആയാലും ഏതൊരു വേഷമായാലും എന്ത് നൂറ് ശതമാനം നൽകിയേ ചെയ്തിട്ടുള്ളൂ. എന്നിട്ടും ഒതുക്കപ്പെട്ട് പോയതിന് ഒതുക്കിയവർക്ക് റീസൺ ഉണ്ടാകണം. കിട്ടുന്നത് മതി എന്ന് കരുതി മുന്നോട്ട് പോവുകയാണ് ഞാൻ,' സീമ ജി നായർ പറയുന്നു.
മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ ചാരിറ്റിയുടെ കാര്യം പറഞ്ഞ് പലരും തനിക്ക് അവസരങ്ങള്‍ തരാതെ ഇരുന്നിട്ടുണ്ടെന്ന് സീമ പറയുകയുണ്ടായി. 'സീമയ്ക്ക് ഇനി അഭിനയിച്ച് കാശുണ്ടാക്കേണ്ട ആവശ്യമില്ലല്ലോ, ഇനി അഭിനയിക്കാനൊന്നും സീമയ്ക്ക് നേരം ഉണ്ടാവില്ല എന്നൊക്കെയാണ് പലരും പറയുന്നത്. ചാരിറ്റി നടത്തി ഞാന്‍ പണം ഉണ്ടാക്കുകയല്ല എന്ന് ആരും മനസ്സിലാക്കുന്നില്ല. എനിക്കൊരു അവസരം തന്നാല്‍ അതുകൊണ്ട് ഞാനും രക്ഷപ്പെടും, മറ്റാരെയെങ്കിലും ഞാന്‍ രക്ഷപ്പെടുത്തുകയും ചെയ്യും എന്ന് അവര്‍ ചിന്തിക്കുന്നില്ലെന്ന് സീമ ജി നായർ പറഞ്ഞിരുന്നു.


Click it and Unblock the Notifications