ഷംന കാസിം പ്രസവിച്ചു എന്ന വാർത്ത വരുമ്പോൾ അവരെന്ത് കരുതുമെന്ന് ചിന്തിച്ചു; ഇത്രയും പ്രതീക്ഷിച്ചതല്ല!
അഭിനേത്രി, നർത്തകി എന്നീ നിലകളിലെല്ലാം മലയാളികൾക്ക് പ്രിയങ്കരിയാണ് നടി ഷംന കാസിം. 2004 ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന സിനിമയിലേക്ക് എത്തുന്നത്. കോളേജ് കുമാരന്‍, മകരമഞ്ഞ്, ചട്ടക്കാരി, ഒരു കുട്ടനാടന്‍ ബ്ലോഗ്, മധുര രാജ, ദൃശ്യം 2 എന്നിങ്ങനെ ഒരുപിടി ശ്രദ്ധേയ സിനിമകളിൽ ഷംന അഭിനയിച്ചു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും ഷംന തിളങ്ങി.
തുടക്കം മലയാളത്തിലൂടെ ആയിരുന്നെങ്കിലും ഷംന കൂടുതൽ ശോഭിച്ചത് അന്യഭാഷകളിലാണ്. പൂര്‍ണ എന്ന പേരിലാണ് ഷംന അന്യഭാഷകളില്‍ അറിയപ്പെടുന്നത്. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ആരാധകരാണ് ഷംനയ്ക്ക് ഉള്ളത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. സ്വന്തമായി യൂട്യൂബ് ചാനലടക്കമുള്ള ഷംന തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

കോവിഡ് കാലത്താണ് ഷംന യൂട്യൂബ് ചാനലിൽ ആരംഭിക്കുന്നത്. എന്നാൽ ഗർഭകാലത്താണ് താരം യൂട്യൂബിൽ കൂടുതൽ സജീവമാകുന്നത്. ഡെലിവറി വിശേഷങ്ങളടക്കം ഷംന കാസിം പങ്കുവെച്ചിരുന്നു. വലിയ ടെൻഷനൊന്നുമില്ലാതെയാണ് ആരാധകർ ആ വീഡിയോകളിൽ ഷംനയെ കണ്ടിരുന്നത്. ഇത് ആരാധകർ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ഗർഭകാലത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമൊക്കെ മനസുതുറക്കുകയാണ് ഷംന കാസിം. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
'പൊറോട്ടയും ബീഫും കഴിച്ചിട്ടാണ് ഞാൻ ഡെലിവറിക്ക് പോയത്. അതൊരു ഭയങ്കര കോമഡി ആയിരുന്നു. അന്ന് ഞങ്ങൾ റെസ്റ്റോറന്റിൽ പോയപ്പോൾ അവിടെ കുറേ ആളുകൾ ഉണ്ടായിരുന്നു. എന്നോട് എല്ലാവരും വന്നിട്ട് സുഖമായിരിക്കുന്നോ, എന്നാണ് ഡെലിവറി എന്നൊക്കെ ചോദിച്ചു. നമുക്ക് പറയാൻ പറ്റില്ലല്ലോ ഡെലിവറിക്ക് വേണ്ടി ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയാണെന്ന്',
'ഞാൻ ആ ഉടനെ തന്നെ ഉണ്ടാവും എന്ന് പറഞ്ഞപ്പോൾ ആ ഡേറ്റ് ആയല്ലേ, എന്നാണ് ഡേറ്റ് എന്ന് വീണ്ടും ചോദിച്ചു. അപ്പോൾ ഞാൻ ആലോചിച്ചു, പടച്ചോനെ നാളെ ഷംന കാസിം പ്രസവിച്ചു എന്ന വാർത്ത വരുമ്പോൾ ഇവരൊക്കെ ആലോചിക്കുമല്ലോ ഈ കുട്ടിയല്ലേ ഇന്നലെ അവിടെ പൊറോട്ടയും ബീഫ് കറിയും കഴിച്ചു കൊണ്ടിരുന്നത് എന്ന്. വീട്ടീന്ന് ഇറങ്ങി ഫുഡ് ഒക്കെ കഴിച്ചിട്ട് പോകുമ്പോൾ എന്റെ ഇക്ക പറയുമായിരുന്നു കല്യാണത്തിന് പോകുന്നപോലെ ആണ് ഇവൾ പ്രസവത്തിനു പോകുന്നത് എന്ന്',

'പേടിയൊന്നും ഇല്ലേയെന്ന് എല്ലാവരും ചോദിക്കും. ആദ്യമായത് കൊണ്ട് ഒന്നും അറിയില്ലല്ലോ ഇത്ര വേദന ഉണ്ടാകുമെന്നൊന്നും പ്രതീക്ഷിക്കുന്നതുമില്ല. അത് കഴിഞ്ഞ് എനിക്ക് വേദന തുടങ്ങിയപ്പോൾ ഉമ്മയുടെ സഹോദരിയുടെ മകൻ മൊബൈലും കൊണ്ട് വീഡിയോ എടുക്കാൻ ഒക്കെ വന്നു. അവനെയാണ് വീഡിയോ എടുക്കാൻ ഏൽപിച്ചിരുന്നത്. ഞാൻ പോ എന്നൊക്കെ പറഞ്ഞ് അത് കൈ കൊണ്ട് തട്ടി മറ്റുമായിരുന്നു. അതൊക്കെ ആ വിഡിയോയിൽ ഉണ്ട്. പക്ഷെ അതൊക്കെ ഒരു മെമ്മറി ആണ്', ഷംന പറയുന്നു.
അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമായിരുന്നു ഗർഭകാലമെന്ന് ഷംന പറയുകയുണ്ടായി. പ്രസവ സമയത്ത് ഉമ്മയും ഭർത്താവും ഒപ്പമുണ്ടായിരുന്നത് സന്തോഷമാണെന്നും ഷംന പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു ഷംനയുടെ വിവാഹം. ജൂലൈയിൽ നിക്കാഹ് കഴിഞ്ഞിരുന്നു. ഗർഭിണി ആയിരിക്കെയായിരുന്നു വിവാഹം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. ഈ വർഷം ഏപ്രിലിലാണ് ഇവർക്കൊരു ആൺകുഞ്ഞ് ജനിച്ചത്. ഹംദാൻ ആസിഫ് അലി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.


Click it and Unblock the Notifications