'കളിയാക്കലിന്റെ അപമാനവും മാനസികപ്രശ്നങ്ങളും! ഒരു രാത്രിപോലും കരയാതെ ഉറങ്ങിയിട്ടില്ല'; ഷിബ്‌ല ഫറ പറയുന്നു
കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷിബ്‌ല ഫറ. നായികയായെത്തിയ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഷിബ്‌ലയ്ക്ക് കഴിഞ്ഞു. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമയില്‍ കൂടുതൽ സജീവമാവുകയാണ് ഷിബ്‌ല ഇപ്പോൾ. സിനിമയിൽ എത്തും മുൻപ് ടെലിവിഷനിൽ സജീവമായിരുന്നു ഷിബ്‌ല. അവതാരകയായി തിളങ്ങിയ ശേഷമായിരുന്നു സിനിമയിലേക്കുള്ള വരവ്.
ഇപ്പോൾ പൂർണമായും സിനിമയിലാണ് ഷിബ്‌ലയുടെ ശ്രദ്ധ. അതേ സമയം സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ബോഡി പോസിറ്റിവിറ്റിയെ കുറിച്ചൊക്കെ ഷിബ്‌ല നിരന്തരം സംസാരിക്കാറുണ്ട്. കുറച്ചുകാലം മുൻപ് ബോഡി പോസിറ്റിവിറ്റി എന്ന സന്ദേശം മുന്നോട്ട് വച്ച് ഷിബ്‌ല പങ്കുവച്ച ചിത്രങ്ങളൊക്കെ വൈറലായി മാറിയിരുന്നു. കുട്ടിക്കാലം മുതൽ ശരീരഭാരത്തിന്റെ പേരിൽ കേട്ടിട്ടുള്ള പരിഹാസങ്ങളാണ് ഷിബ്‌ലയ്ക്ക് അതിനെല്ലാം പ്രചോദനമായത്.

ഇപ്പോഴിതാ ശരീരഭാരം കാരണം ചെറിയ പ്രായത്തിൽ തനിക്കുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും താൻ കേട്ട പരിഹാസങ്ങൾ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഷിബ്‌ല ഫറ. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. ടീനേജ് പ്രായത്തിൽ ഭയങ്കര തടിയുള്ള കുട്ടിയായിരുന്നു താനെന്നും അത് കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടെന്നും ഷിബ്‌ല പറയുന്നു.
'ശരിക്കും ഓവർ വെയിറ്റായിരുന്നു. ഒരു ബോൾ പോലെ തോന്നും. പ്രായവും കൂടുതൽ തോന്നിക്കും. തടി കൂടിയതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അന്ന് അനുഭവിച്ചിട്ടുണ്ട്. ശാരീരികമായ പ്രശ്‌നങ്ങള്‍ക്കുപുറമെ, മറ്റുള്ളവരുടെ കളിയാക്കലുകളും കേൾക്കേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ എതിരേ നടന്നുവരുന്ന ഓരോരുത്തരും എന്റെ ശരീരത്തെക്കുറിച്ച് കമന്റടിക്കും. കളിയാക്കലിന്റെ അപമാനവും മാനസികപ്രശ്നങ്ങളും കാരണം ഒരു രാത്രിപോലും ഞാൻ കരയാതെ ഉറങ്ങിയിട്ടില്ല', ഷിബ്‌ല പറയുന്നു.
'ആളുകളെല്ലാം വളരെ നിസ്സാരമായിട്ടാണ് കമന്റടിക്കുന്നത്. അതെന്റെ ശരീരമാണെന്ന് അവർ ഓർക്കാറേയില്ല. എനിക്കെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടോ, അതോ നന്നായി ഭക്ഷണം കഴിച്ചിട്ടാണോ ഇങ്ങനെ തടിക്കുന്നത് എന്നൊന്നും ആരും ചിന്തിക്കില്ല. ചിലപ്പോൾ കൂടുതല്‍ ഭക്ഷണം കഴിച്ചിട്ടൊന്നുമായിരിക്കില്ല തടിക്കുന്നത്. അതൊന്നും കുറ്റം പറയുന്നവർക്ക് പ്രശ്നമല്ല. അവരൊരിക്കലും നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ചിട്ടല്ല സംസാരിക്കുന്നത്',
'ഈ കളിയാക്കലുകൾ കേട്ടുകേട്ട് ഒട്ടും ആരോഗ്യകരമല്ലാത്ത രീതിയില്‍ എന്റെ തടി കുറച്ചത് എനിക്കോർമയുണ്ട്. ചാനലില്‍ ആങ്കറിങ് ചെയ്യുന്ന സമയത്തും തടി കുറവായിരുന്നു. എല്ലാ കൊഴുപ്പും ഒഴിവാക്കി. കാർബോ ഹൈഡ്രേറ്റ്സ് ഒട്ടും കഴിക്കാന്‍ പാടില്ലെന്നു കരുതി ചോറും ചപ്പാത്തിയും കഴിക്കാതാവുകയും ചെയ്തു. ഇതൊന്നും ആരോഗ്യകരമല്ലെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. പിന്നീടാണ് മനസ്സിലായത്', ഷിബ്‌ല ഫറ പറഞ്ഞു.

കുറച്ച് തടിയുള്ളയാള്‍ എന്തു വസ്ത്രം ധരിക്കണമെന്ന് മറ്റുള്ളവരാണ് പലപ്പോഴും തീരുമാനിക്കുന്നത്. പ്ലസ് സൈസുള്ളയാൾ ഷോർട്ട് ഡ്രസ്സിടാൻ പാടില്ല, നിങ്ങളുടെ ശരീരം ഇങ്ങനെയായതുകൊണ്ട് ഈ ഉടുപ്പിട്ടാല്‍ ചേരില്ല, കാലിന് തടിയുളളതുകൊണ്ട് ഷോർട്ട്സിട്ടാൽ ഭംഗിയുണ്ടാവില്ല എന്നൊക്കെ പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഷിബ്‌ല പറയുന്നു. നമുക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കുക. നമ്മുടെ ശരീരം മൂടിവെക്കുന്തോറും അത് കൂടുതല്‍ സെക്ഷ്വലൈസ് ചെയ്യപ്പെടും. വേഷങ്ങളെ ഒരിക്കലും നമ്മുടെ സംസ്കാരവും അന്തസ്സുമായിട്ട് ബന്ധപ്പെടുത്താൻ പാടില്ലെന്നും ഷിബ്‌ല ഫറ വ്യക്തമാക്കി.
രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന സോമന്റെ കൃതാവാണ് ഷിബ്‌ലയുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. വിനയ് ഫോര്‍ട്ടാണ് ചിത്രത്തിലെ നായകന്‍. ഇതുകൂടാതെ എ.കെ.സാജന്‍ സംവിധാനം ചെയ്ത് ജോജു ജോര്‍ജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുലിമട, സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത തേര്‍ഡ് മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളും ഷിബ്‌ലയുടേതായി അണിയറയിൽ ഉണ്ട്.


Click it and Unblock the Notifications