'വേളാങ്കണിയിലൊക്കെ പോയി പ്രാർത്ഥിച്ചു; പക്ഷേ എന്റെ മോൾക്ക് കിട്ടിയില്ലെന്ന് അമ്മ പറഞ്ഞപ്പോൾ തകർന്നുപോയി': ശോഭന
മലയാളികൾ എന്നും നെഞ്ചോട് ചേർക്കുന്ന നായികമാരിൽ ഒരാളാണ് ശോഭന. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരം ഇപ്പോൾ അത്ര സജീവമല്ല. വല്ലപ്പോഴും വന്ന് ഒന്നോ രണ്ടോ സിനിമകൾ സമ്മാനിച്ച് വീണ്ടും നൃത്തത്തിന്റെ ലോകത്തേക്ക് തിരിച്ചു പോകുന്നതാണ് പതിവ്. എങ്കിലും മലയാളികൾക്ക് ശോഭനയോടുള്ള ഇഷ്ടത്തിൽ യാതൊരു കുറവും വരുന്നില്ല എന്നതാണ് സത്യം. 53-ാം വയസ്സിലും പഴയ അതേ ഊർജ്ജത്തോടെ നൃത്ത ലോകത്ത് തിളങ്ങുകയാണ് ശോഭന. സ്റ്റേജ് ഷോകളും ഡാൻസ് സ്‌കൂളുമൊക്കെയായി തിരക്കിലാണ് താരം.
സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായിക്കൊണ്ടാണ് ശോഭന മലയാളികൾക്ക് പ്രിയങ്കരിയാവുന്നത്. മറ്റു തെന്നിന്ത്യൻ ഭാഷകളിലും ശോഭന സാന്നിധ്യമറിയിച്ചിട്ടുണ്ട്. 1984 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന സിനിമയിലൂടെയാണ് ശോഭന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടുള്ള 15 വർഷക്കാലം മലയാള സിനിമയിൽ ശോഭന തിളങ്ങി നിന്നു. അക്കാലത്തെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു ശോഭന. ഒരു വർഷം 15 സിനിമകളിൽ വരെ ശോഭന അഭിനയിച്ചിട്ടുണ്ട്.

നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും മലയാള സിനിമ കൊണ്ടാടിയ മണിച്ചിത്രത്താഴ് എന്ന സിനിമയാണ് ശോഭനയ്ക്ക് ഏറെ ജനപ്രീതി നേടിക്കൊടുത്തത്. ഫാസിൽ സംവിധാനം ചെയ്ത സിനിമയിൽ ഗംഗയായും നാഗവല്ലിയായും ശോഭന പകർന്നാടി ഒരേ സമയം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. സിനിമയിലൂടെ ശോഭനയ്ക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചു. 1993 ലെ ദേശീയ പുരസ്‌കാരമാണ് ശോഭന സ്വന്തമാക്കിയത്.
പുരസ്‌കാര പ്രഖ്യാപനത്തിന്റെ ദിവസമുണ്ടായ ഒരു സംഭവം പങ്കുവച്ചിരിക്കുകയാണ് ശോഭന ഇപ്പോൾ. മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി അവസാന പട്ടികയിൽ ഉൾപ്പെട്ടു എന്ന വിവരം ശോഭന നേരത്തെ അറിഞ്ഞിരുന്നു. ശേഷം പ്രാർത്ഥനയായിരുന്നു ശോഭനയുടെ മാർഗം. വേളാങ്കണ്ണിയിലും, വീടിനടുത്തുള്ള മറ്റൊരു പള്ളിയിലും പോയി ശോഭന മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചു. പക്ഷെ വീട്ടിൽ എത്തിയപ്പോൾ അമ്മയുടെ പ്രതികരണം തന്നെ തകർത്തു എന്നാണ് ശോഭന പറയുന്നത്. ശോഭന തിരിച്ചെത്തിയപ്പോഴേക്കും പുരസ്‌കാര നിർണയം കഴിഞ്ഞിരുന്നു.
'എന്റെ മോൾക്ക് കിട്ടിയില്ല' എന്നായിരുന്നു അമ്മയുടെ പ്രതികരണം. ഇത് തന്നെ ആകെ തളർത്തി എന്ന് സുഹാസിനി മണിരത്നവുമായുള്ള സംഭാഷണത്തിൽ ശോഭന പറയുന്നു. ഒരു തമാശ ഒപ്പിക്കാൻ മാത്രമേ അമ്മ കരുതിയിരുന്നുള്ളൂ. എന്നാൽ ആ വാക്കുകൾ തളർത്തി. പക്ഷേ അപ്പോഴേക്കും അച്ഛൻ അത്യന്തം ആഹ്‌ളാദത്തോടെ മകൾക്ക് ദേശീയ പുരസ്‌കാരം ലഭിച്ച വിവരം അറിയിക്കുകയും ചെയ്തുവെന്ന് ശോഭന പറഞ്ഞു.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. ദുൽഖർ സൽമാനും, കല്യാണി പ്രിയദർശനും നായകനും നായികയുമായി എത്തിയ ചിത്രത്തിൽ സുരേഷ് ഗോപിയാണ് ശോഭനയ്ക്ക് ജോഡിയായി എത്തിയത്. മണിച്ചിത്രത്താഴിൽ അടക്കം ഒന്നിച്ചിട്ടുള്ള ഇവരുടെ ഹിറ്റ് ജോഡി വീണ്ടും സ്‌ക്രീനിൽ എത്തിയപ്പോൾ പ്രേക്ഷകർ അത് ആഘോഷമാക്കി.
അതിനുമുൻപ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിരയിലാണ് ശോഭന അഭിനയിച്ചത്. ഏകദേശം ഏഴ് വർഷങ്ങളുടെ ഇടവേളയാണ് ഈ രണ്ടു സിനിമകൾക്കും ഇടയിൽ ഉണ്ടായിരുന്നത്. വീണ്ടും ശോഭനയെ സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇടയ്ക്ക് ടെലിവിഷൻ പരിപാടികളിൽ അതിഥിയായും മറ്റും താരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്. സോഷ്യൽമീഡിയയിലൂടെ നൃത്ത വീഡിയോകളും വിശേഷങ്ങളുമെല്ലാം ശോഭ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.


Click it and Unblock the Notifications