മരണത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും ആ കണ്ണുകളിലെ തീ അണഞ്ഞില്ല; ഡോക്ടർ പോലും നമിച്ചുപോയി; അച്ഛനെ കുറിച്ച് ശ്രുതി
വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ശ്രുതി ജയൻ. സിനിമകൾക്ക് പുറമെ വെബ് സീരീസുകളിലും ശ്രുതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അടുത്തിടെ കൊറോണ ധവാൻ എന്ന സിനിമയിലൂടെ നായികയായും ശ്രുതി തിളങ്ങിയിരുന്നു. ചിത്രത്തിലെ ശ്രുതിയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു. ജീവിതത്തിൽ വലിയ വിഷമങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട് ശ്രുതിക്ക്.
അച്ഛന്റെയും അനുജന്റെയും മരണമാണ് ശ്രുതിയെ തളർത്തിയത്. അവരുടെ വിയോഗത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചൊക്കെ ശ്രുതി മുൻപ് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ അച്ഛന്റെ രണ്ടാം ശ്രാദ്ധ ദിനത്തിൽ ശ്രുതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. സംഗീതഞ്ജനായ തൃശൂർ ജയന്റെ മകളാണ് ശ്രുതി. ഐസിയുവിൽ മരണത്തിനോട് മല്ലടിച്ച് കിടക്കുമ്പോഴും പാടാൻ ബാക്കിവച്ച വരികളായിരുന്നു അച്ഛന്റെ മനസ്സിലെന്ന് ശ്രുതി പറയുന്നു. ആ അച്ഛന്റെ മകളായി ജനിച്ചതിൽ അഭിമാനമുണ്ടെന്നും ശ്രുതി കുറിച്ചു.

''എന്റെ ശ്വാസത്തിൽ, ഹൃദയത്തിൽ, താളത്തിൽ, ചലനത്തിൽ ജീവിക്കുന്ന അച്ഛൻ. ആ നിഴലിനോളം തണൽ എനിക്ക് മറ്റൊന്നിലും കണ്ടെത്താൻ സാധിക്കില്ല. ഇന്ന് രണ്ടാം ശ്രാദ്ധദിവസം. നന്ദി ഈ അച്ഛന്റെ മകളായി ജനിച്ചതിന്. സ്നേഹവും കരുണയും പകർന്നു തന്നതിന്. എന്നിലെ കലാകാരിയെ വളർത്തിയതിന്. എന്തിനേയും ചിരിച്ച് നേരിടാൻ പഠിപ്പിച്ചതിന്... അച്ഛാ... നിങ്ങളൊരു ധീരനായ പോരാളിയായിരുന്നു... ജീവിതത്തിലെ ഓരോ നിമിഷവും അച്ഛന് വെല്ലുവിളികളായിരുന്നു.
പട്ടിണിയിൽ വളർന്ന ബാല്യകാലം. അമ്മയില്ലാതെ വളർന്ന അച്ഛന്, പിന്നീടങ്ങോട്ട് കുടുംബത്തിലെ എല്ലാവരുടേയും അമ്മയായി മാറേണ്ടി വന്നു. സംഗീതം ആയിരുന്നു അച്ഛന്റെ ആഹാരവും ജീവ ശ്വാസവും. അച്ഛൻ പഠിച്ച വിദ്യാലയത്തിലെ ടീച്ചർമാരുടെ സഹായത്താൽ സംഗീതം പഠിച്ചു. സ്വന്തമായ ശൈലി കൊണ്ട് നൃത്ത സംഗീത രംഗത്ത് സ്വന്തമായ ചുവടുറപ്പിച്ചു.
ജീവിത പങ്കാളി എന്ന നിലയിൽ അമ്മയ്ക്ക് ലഭിച്ച മഹാഭാഗ്യമായിരുന്നു അച്ഛൻ. സെറിബ്രൽ പാൾസി ആയിരുന്ന എന്റെ സഹോദരന് (അമ്പാടി) കിട്ടിയ അനുഗ്രഹമായിരുന്നു അച്ഛൻ. 18 വർഷം അവന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ച മനുഷ്യൻ. അച്ഛന്റെ ഹൃദയത്തിന്റെ താളം ഞങ്ങളുടെ ജീവിതതാളത്തെ തകിടം മറിച്ചപ്പോഴും, സംഗീതം കൊണ്ട് ഹൃദയതാളം അവസാന നിമിഷം വരെ പിടിച്ചു നിർത്തി. സംഗീതത്തോടും താൻ ചെയ്യുന്ന ജോലിയോടും പ്രതിബദ്ധതയും ആത്മ സമർപ്പണവും ഉള്ള വ്യക്തിത്വം ആയിരുന്നു അച്ഛന്റേത്.
ഐസിയുവിൽ മരണത്തിനോട് മല്ലടിച്ച് കിടക്കുമ്പോഴും ഡോക്ടറോടും, ആശുപത്രി അധികൃതരോടും പ്രത്യേകം അപേക്ഷിച്ച് പാടാൻ ബാക്കി വച്ച രണ്ട് വരി പാട്ട് റെക്കോർഡിങ് സ്റ്റുഡിയോയിൽ പോയി പാടി തിരിച്ച് വന്ന് വീണ്ടും ചികിത്സയിലായി. ഞാനും അച്ഛനെ ചികിൽസിച്ച ഡോക്ടറും നമിച്ചു പോയ ദിനങ്ങൾ ആയിരുന്നു അത്... മരണത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും ആ കണ്ണുകളിലെ തീ അണയുന്നത് ഞാൻ കണ്ടില്ല.

2013ൽ എന്റെ സഹോദരന്റെ മരണശേഷം മൂന്നാമത്തെ ദിവസം എനിക്ക് നൃത്തം ചേയ്യേണ്ടതായി വന്നപ്പോൾ ഞാൻ ഒന്നു പതറി. അച്ഛൻ എന്നോട് ഇങ്ങനെ പറഞ്ഞു "നമ്മൾ കലാകാരൻമാർ ആണ്... വേദിയിൽ കയറിയാൽ മരണമോ, ദുഖങ്ങളോ, ആഘോഷങ്ങളോ ഒന്നും പാടില്ല...നമ്മുടെ ജോലി മാത്രം... അവിടെ നീയും നൃത്തവും സംഗീതവും മാത്രം.''-ശ്രുതി കുറിച്ചു. നിരവധിപേരാണ് ശ്രുതിയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ ആയിരുന്നു ശ്രുതിയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് പൈപ്പിന്‍ ചുവട്ടിലെ പ്രണയം, നിത്യഹരിത നായകന്‍, ജൂണ്‍, സത്യം പറഞ്ഞാൽ വിശ്വാസിക്കുമോ? എന്നിങ്ങനെ ഒരുപിടി സിനിമകളിലൂടെ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു. കൊറോണ ധവാനിലാണ് ശ്രുതി അവസാനം അഭിനയിച്ചത്. നാഗ ചൈതന്യ നായകനായ ദൂത എന്ന തെലുങ്ക് വെബ് സീരിസിലും ശ്രുതി ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications