'പതിനാറാം വയസ്സിൽ കണ്ടുമുട്ടി; ഞങ്ങൾ ഒന്നിച്ചാണ് വളർന്നത് ഒപ്പം പ്രണയവും!': ശ്രുതി രാമചന്ദ്രൻ പറയുന്നു
മലയാള സിനിമയിലെ പുതുമുഖ നായികമാരിൽ ശ്രദ്ധേയയാണ് ശ്രുതി രാമചന്ദ്രൻ. പ്രേതം, സൺഡേ ഹോളി ഡേ, കാണെക്കാണെ, മധുരം തുടങ്ങി ഒരുപിടി സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട് ശ്രുതി. 2014ൽ ദുൽഖർ സൽമാൻ നായകനായ ഞാൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. എന്നാൽ പ്രേതം എന്ന ചിത്രത്തിന് ശേഷമാണ് കൂടുതൽ അവസരങ്ങൾ ശ്രുതിയെ തേടി എത്തുന്നത്.
മലയാളത്തിന് പുറമെ തെലുങ്കിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ആർകിടെക്ട് ആയി ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായിട്ടാണ് ശ്രുതി സിനിമയിലെത്തുന്നത്. ഇന്ന് നടി എന്നതിലുപരി ഒരു തിരക്കഥാകൃത്ത് കൂടിയാണ് താരം. ഭർത്താവ് ഫ്രാൻസിസിനൊപ്പം ചേർന്ന് പുത്തൻ പുതു കാലൈ എന്ന ആന്തോളജി സിനിമയിൽ ഇളമൈ ഇദോ ഇദോ എന്ന കഥ എഴുതിയിരുന്നു. 2016 ലാണ് ശ്രുതിയും ഫ്രാൻസിസും വിവാഹിതരാകുന്നത്.

വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ, തന്റെ പ്രണയവിവാഹത്തെ കുറിച്ചും പങ്കാളിയുമായുള്ള ബന്ധത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് ശ്രുതി. പതിനാറാം വയസ്സിലാണ് ഇവർ കണ്ടുമുട്ടിയത്. പരസ്‌പര ബഹുമാനവും മനസിലാക്കലുമാണ് തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ വിജയരഹസ്യമെന്നാണ് ശ്രുതി പറയുന്നത്. പുതിയ ചിത്രമായ നീരജയുടെ പ്രൊമോഷന്റെ ഭാഗമായി 24 ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
'എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫ്രാൻസിസുമായുള്ള പ്രണയം. എന്റെ പതിനാറാമത്തെ വയസ്സിലാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നത്. നമ്മൾ ഒന്നിച്ചാണ് വളർന്നത് ഒപ്പം ഞങ്ങളുടെ പ്രണയവും വളർന്നു. അത് ഞങ്ങളുടെ ബന്ധത്തിലെ ഒരു പോസിറ്റീവ് വശമാകാം. ഞങ്ങൾ ഒരുമിച്ചു വളർന്നപ്പോൾ ഞങ്ങളുടെ കൂടെ വളർന്നു വന്നതാണ് ഞങ്ങളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും. പക്ഷേ റിലേഷൻഷിപ്പും കല്യാണവും രണ്ടും രണ്ടാണ്. അത് ഞങ്ങൾ തിരിച്ചറിഞ്ഞതാണ്', ശ്രുതി പറയുന്നു.
'വിവാഹത്തിന് ശേഷമാണ് ഞങ്ങൾ ഒരുമിച്ചു ജീവിക്കുന്നത്. ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നൊക്കെ പറഞ്ഞാൽ കള്ളമായിരിക്കും. പക്ഷേ ഒരു മ്യൂച്ചൽ റെസ്പെക്റ്റും മ്യൂച്ചൽ അണ്ടർസ്റ്റാൻഡിങ്ങും ഞങ്ങൾക്കിടയിൽ ഉണ്ട്. അത് പതിയെ രൂപപ്പെട്ട് വരുന്നതാണ്. ഇന്ന് ഞാൻ ഫ്രാൻസിസിനെ കണ്ടു, ഇന്ന് മുതൽ ബഹുമാനിക്കും, മനസിലാക്കും എന്നല്ല. അത് ഒന്നിച്ച് മുന്നോട്ട് പോകുന്നതിനൊപ്പം വരുന്നതാണ്,'
'അതിന് ക്ഷമയാണ് വേണ്ടത്. ഞങ്ങൾക്കിടയിൽ നല്ല രീതിയിൽ ഉള്ളത് അതാണ്. ഈ ബന്ധം വിവാഹത്തിലേക്ക് എത്തുന്നത് വരെ നമ്മൾ അതിനായി കുറെ പ്രയത്നിച്ചിട്ടുണ്ട്. ഇപ്പോഴും ഞങ്ങൾ അത് തുടരുന്നുണ്ട്. നാളെയും മറ്റന്നാളും എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല. പക്ഷെ ഞങ്ങൾ ഇന്ന് നല്ല ഹാപ്പിയാണ്,' ശ്രുതി രാമചന്ദ്രൻ പറഞ്ഞു.
അച്ഛനമ്മമാരും കുട്ടികളും തമ്മിലുള്ള കമ്യുണിക്കേഷൻ ഗ്യാപ് ഒഴിവാക്കേണ്ടത് പ്രധാനമാണെന്നും ശ്രുതി അഭിമുഖത്തിൽ പറഞ്ഞു. പ്രണയം വീട്ടിൽ പറയാൻ താൻ അനുഭവിച്ച ബുദ്ധിമുട്ടിനെ കുറിച്ച് പറയുകയായിരുന്നു ശ്രുതി. അച്ഛനും അമ്മയും കുട്ടികളും തമ്മിലുള്ള ബന്ധത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് കമ്മ്യൂണിക്കേഷനാണ്. അച്ഛനമ്മമാരായാലും കുട്ടികളായാലും തുറന്നു സംസാരിക്കാൻ ശ്രമിക്കണം. അവർക്കിടയിൽ ഒരു സ്വാതന്ത്ര്യം ഉണ്ടാവണം.

എന്റെ റിലേഷൻഷിപ്പ് വീട്ടിൽ പറയാൻ എനിക്കുണ്ടായിരുന്ന ബുദ്ധിമുട്ട് ഈ കമ്യൂണിക്കേഷൻ ഗ്യാപ് ആയിരുന്നു. പക്ഷേ അവർ അതിനെ കൂളായിട്ടാണ് എടുത്തത്. പറഞ്ഞ് കഴിഞ്ഞപ്പോൾ പേടിച്ചത് എന്തിനാണെന്ന് ഞാൻ വിചാരിച്ചു. അവർ എന്റെ ജീവിതത്തിലെ വില്ലന്മാരല്ലല്ലോ, എന്നെ സന്തോഷത്തോടെ കാണുക എന്നതാണ് അവർക്ക്. പക്ഷേ ഞങ്ങൾക്കിടയിൽ അങ്ങനെയൊരു കമ്മ്യൂണിക്കേഷൻ ഉണ്ടായിരുന്നില്ലെന്ന് ശ്രുതി പറയുന്നു.
ജൂൺ രണ്ടിനാണ് ശ്രുതിയുടെ പുതിയ ചിത്രമായ നീരജ തിയേറ്ററുകളിൽ എത്തുന്നത്. രാജേഷ് കെ രാജനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗുരു സോമസുന്ദരം, ശ്രിന്ദ, ഗോവിന്ദ് പദ്മസൂര്യ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











