ട്രെയിൻ യാത്രയ്ക്കിടെ മോശം അനുഭവം; തുറന്നുപറഞ്ഞ് സിജ റോസ്! നല്ല ഇടി കൊടുത്തിട്ടുണ്ടെന്ന് നടി
ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് സിജ റോസ്. ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ ദുൽഖർ സൽമാന്റെ സഹോദരിയായി എത്തി ശ്രദ്ധനേടിയ സിജ തമിഴിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. കോഴി കൂവുത് ആണ് ചിത്രം. തുടർന്ന് മലയാളത്തിലും തമിഴിലുമായി ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിജ ശ്രദ്ധനേടുകയായിരുന്നു. അതിനിടെ ട്രാഫിക് എന്ന സിനിമയിലൂടെ ഹിന്ദിയിലും സാന്നിധ്യം അറിയിക്കാനായി. ഏതാനും സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായും സിജ പ്രവർത്തിച്ചു.
മലയാളിയാണെങ്കിലും മസ്കറ്റിലാണ് സിജ ജനിച്ചു വളർന്നത്. ഒരു അവധിക്ക് കേരളത്തിൽ എത്തിയപ്പോഴാണ് സിജയ്ക്ക് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. പിന്നീട് ടെലിവിഷൻ അവതാരകയും മറ്റുമായി അവസരം ലഭിച്ചതോടെ താരം കേരളത്തിൽ സ്ഥിര താമസമാക്കുകയായിരുന്നു. എന്നാൽ തന്റെ ജീവിതത്തിൽ ഏറ്റവും നല്ല മാറ്റങ്ങൾ ഉണ്ടായത് കോളേജ് പഠനകാലത്ത് ആണെന്ന് പറയുകയാണ് സിജ.

മുംബൈയിലായിരുന്നു സിജയുടെ ബിരുദ പഠനം. താൻ കൂടുതൽ ഇൻഡിപെൻഡന്റ് ആയി മാറിയത് ആ കാലഘട്ടത്തിലാണെന്ന് താരം പറയുന്നു. കൗമുദി മൂവീസിന് നൽകിയ ഒരു അഭിമുഖത്തിലാണ് സിജ റോസ് ഇക്കാര്യം പറഞ്ഞത്. മുംബൈയിലെ ട്രെയിൻ യാത്രകളിൽ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും നടി സംസാരിച്ചു.
'മുംബൈയിൽ ആയിരുന്നു എന്റെ കോളേജ് ജീവിതം. അവിടെ നിന്നാണ് ലൈഫ് എന്താണെന്ന് ഞാൻ പഠിച്ചത്. ഇൻഡിപെൻഡന്റ് ആകണമായിരുന്നു. എല്ലാം ഒറ്റയ്ക്ക് ചെയ്യണം. നടന്നു പോകണം, ബസ് പിടിക്കണം, ട്രെയിൻ കയറണം അങ്ങനെ ഒരു പ്രോസസിലേക്ക് പോയി. പെട്ടെന്ന് പുതിയ ഒരു ലോകത്തിലേക്ക് വന്നപോലെ ആയിരുന്നു എനിക്ക്. ആർക്കും സമയമില്ല, എല്ലാവരും തിരക്ക് പിടിച്ച് ഓടുന്നവർ',
'അവിടെ സുഹൃത്തുക്കളെ ഉണ്ടാകുമ്പോഴെല്ലാം രണ്ടുപ്രാവശ്യം ചിന്തിക്കണം. നാട്ടിൽ എല്ലാവരെയും വിശ്വസിക്കുമായിരുന്നു. ബോംബെയിൽ എത്തിയപ്പോൾ അത് പാടില്ലെന്ന് മനസിലായി. ആളുകളെ മനസിലാക്കി കൂട്ടുകൂടാൻ പഠിച്ചത് അവിടെ നിന്നാണ്. സുഹൃത്തുക്കൾക്കിടയിൽ തന്നെ വിശ്വാസത്തിന്റെ പ്രശ്നം വന്നിട്ടുണ്ട്. അതുകാരണം എനിക്ക് സുഹൃത്തുക്കളെ മാറ്റേണ്ടി വന്നിട്ടുണ്ട്', സിജോ റോസ് പറഞ്ഞു.
'അവിടെ ട്രാവലിംഗ് ചെയ്യുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. മുംബൈ ട്രെയിൻ അറിയാലോ, വളരെ ക്രൗഡഡാണ്. ട്രെയിനിലേക്ക് നമ്മൾ ഇടിച്ചു കയറണം. അങ്ങനെ കയറുമ്പോൾ ചിലർ മനഃപൂർവം തൊടുകയും പിടിക്കുകയും ഒക്കെ ചെയ്യും. ആദ്യമൊക്കെ വിഷമം വരുമായിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞപ്പോൾ ഞാൻ അതിനോടൊക്കെ പ്രതികരിച്ചു തുടങ്ങി. ആളുകൾ വന്ന് മനഃപൂർവം തള്ളിയാൽ പോലും ഞാൻ പ്രതികരിക്കും. ഇടിക്കുക വരെ ചെയ്തിട്ടുണ്ട്', സിജ പറഞ്ഞു.

നാട്ടിൽ ട്രെയിനിൽ യാത്ര ചെയ്തപ്പോൾ ഉണ്ടായ ഒരു ദുരനുഭവവും സിജ പങ്കുവച്ചു. 'അച്ഛനും അമ്മയ്ക്കും ഒപ്പം കേരളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു. അതിനിടയിൽ ഒരാൾ എന്റെ എളിയിൽ തോണ്ടുന്നത് പോലെ തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ ഒരാൾ നല്ല ഉറക്കം. ഭയങ്കര ആക്ടിങ്. ഒന്ന് രണ്ടു പ്രാവശ്യം ഇയാൾ അത് തുടർന്നു. അച്ഛനോടും അമ്മയോടും പറയണോ, റിയാക്ട് ചെയ്യണോ എന്നായിരുന്നു എനിക്ക്. ഞാൻ പതിയെ എഴുന്നേറ്റ് റിയാക്ട് ചെയ്തു',
'തൊടരുത് എന്ന് ഞാൻ പറഞ്ഞു. നല്ല തിരക്കുള്ള കമ്പാർട്മെന്റ് ആയിരുന്നു. ഫോർമൽ വസ്ത്രമൊക്കെ ധരിച്ച് വളരെ മാന്യനായാണ് അയാൾ ഇരുന്നിരുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ അവിടെ നിന്നും എഴുന്നേറ്റ് പോയി', സിജ പറഞ്ഞു. അതേസമയം തമിഴിലാണ് സിജ ഇപ്പോൾ കൂടുതൽ സജീവം. ദി സ്‌മൈൽ മാൻ, അർജുൻ ചക്രവർത്തി എന്നിങ്ങനെ രണ്ടു ചിത്രങ്ങളാണ് സിജയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.


Click it and Unblock the Notifications