ആറാം ക്ലാസിൽ തുടങ്ങിയ പ്രണയം! നഴ്സിങ്ങിന് പോയത് പോലും അതിനാണ്; രസകരമായ പ്രണയകഥയുമായി ശ്രീലയ
മലയാള സിനിമയിൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബന്‍. മലയാളത്തിന്റെ എക്കാലത്തേയും ജനപ്രീയ റൊമാന്റിക് നായകന്‍. യുവാക്കളുടെ ഹരമായി മാറിയ നടന് നിരവധി ആരാധികമാർ അക്കാലത്ത് ഉണ്ടായിരുന്നു. അവർക്കെല്ലാം ചാക്കോച്ചനെന്നാൽ ഇന്നും ആ പഴയ ചോക്ലേറ്റ് ഹീറോയാണ്. ഡാന്‍സും പാട്ടുമൊക്കെയായി ആഘോഷിച്ചു ബൈക്കിൽ ചെത്തി നടക്കുന്ന പയ്യൻ.
എന്നാൽ റൊമാൻസൊക്കെ കുറച്ച് എല്ലാത്തരം വേഷങ്ങളും പരീക്ഷിക്കുന്ന നടനായി ഇന്ന് കുഞ്ചാക്കോ ബോബൻ മാറി കഴിഞ്ഞു. എങ്കിലും ചാക്കോച്ചനോടുള്ള മലയാളികളുടെ സ്‌നേഹം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. കാലത്തിനൊപ്പം തന്നിലെ നടനിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് കുഞ്ചാക്കോ ബോബന്‍. വ്യത്യസ്തങ്ങളായ ഒരുപിടി സിനിമകളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

അതിനിടെ ഇപ്പോഴിതാ ആ പഴയ ചോക്ലേറ്റ് ഹീറോയായ ചാക്കോച്ചനെ പ്രണയിച്ച കഥയുമായി എത്തിയിരിക്കുകയാണ് നടി ശ്രീലയ. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനൽ നടത്തിയ കുഞ്ചാക്കോ ബോബൻ ഫാൻസ് മീറ്റിലാണ് ശ്രീലയ രസകരമായ പ്രണയകഥ പങ്കുവച്ചത്. ഇതിന്റെ വീഡിയോ വൈറലായി മാറുകയാണ്. ആറാം ക്‌ളാസിൽ തുടങ്ങിയതാണ് ചാക്കോച്ചനോടുള്ള തന്റെ പ്രണയമെന്ന് ശ്രീലയ പറയുന്നു.
'1999 ചന്ദമാമയുടെ ഷൂട്ടിങ് ലൊക്കേഷൻ, ആലപ്പുഴയിലെ ഒരു ബംഗ്ലാവിന്റെ സെറ്റിലാണ് ഷൂട്ടിങ് നടക്കുന്നത്. അന്ന് ഞാൻ ആറാം ക്‌ളാസിൽ പഠിക്കുകയാണ്. ചെറിയ ഫ്രോക്കൊക്കെ ഇട്ട് ഞാൻ ഇങ്ങനെ നോക്കി കാണുകയാണ് എന്റെ 'ചാ' (ചാക്കോച്ചൻ) യെ. ഞാൻ നോക്കുമ്പോൾ സുധീഷേട്ടന്റെ തോളിൽ ഇങ്ങനെ ചാഞ്ഞുകിടക്കുകയാണ് എന്റെ ചാ', ശ്രീലയ പറയുന്നു
'എന്താ കുട്ടിയുടെ പേര് എന്ന് എന്നോട് ചോദിച്ചു. അന്ന് തുടങ്ങിയതാണ് പ്രണയം. അതായത് പ്രണയം എന്ന് പറഞ്ഞാൽ രണ്ടു സൈഡിലും വേണം എന്നില്ലല്ലോ. അത് സൈഡിൽ കൂടി പോയി. ഞാൻ അന്ന് ആറാം ക്ലാസ്സിൽ അല്ലേ ആയിട്ടുള്ളൂ. അതിനുശേഷം കാലങ്ങൾ ഞാൻ പ്രണയിച്ചു. ഞാൻ പ്ലസ് ടു ആയപ്പോൾ എന്റെ ചായെ പ്രിയ എന്നൊരു പെൺകുട്ടി കൊണ്ടുപോയി. അതോടെ ഞാൻ തകർന്നു',
'സിനിമയിലെത്തിയാൽ ചാക്കോച്ചന്റെ നായിക ആകാമല്ലോ എന്ന് കരുതി ഞാനും അഭിനയത്തിലേക്ക് വന്നു. എന്നാൽ ലാൽ ജോസ് മീര നന്ദനെയും ആൻ അഗസ്റ്റിനേയുമൊക്കെ പിടിച്ച് എന്റെ ചായുടെ നായികമാരാക്കി. അതോടെ ആ പ്രതീക്ഷയും തീർന്നു. എങ്കിലും എനിക്ക് ഇദ്ദേഹത്തെ കാണണമല്ലോ. അങ്ങനെ എനിക്ക് നഴ്സിങ് ഇഷ്ടമല്ലാതിരുന്നിട്ടും അതിന് പോയി',

'എന്തെങ്കിലും അസുഖം വരുമ്പോൾ എന്റെ ചാ ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ വന്നാലോ, അപ്പോൾ തൊട്ടും തലോടിയും ഒരു ഇൻജെക്ഷൻ കൊടുക്കമല്ലോ എന്നോർത്തിട്ടാണ് നഴ്സിങ്ങിന് പോകുന്നതുപോലും. അങ്ങനെ നായികയായില്ല, കുറെ നാൾ കഴിഞ്ഞപ്പോൾ ബഹ്‌റൈനിൽ നിന്നൊരു കഷ്മലൻ വന്ന് എന്നെ അടിച്ചു കൊണ്ടുപോയി. റോബിൻ ചെറിയാൻ എന്നാണ് ആളുടെ പേര്', ശ്രീലയ പറഞ്ഞു. തന്റെ ആഗ്രഹം നടക്കാതെ പോയതുകൊണ്ട് മറ്റൊരു അഭ്യർത്ഥനയും ശ്രീലയ ചാക്കോച്ചനോട് നടത്തി.
'എനിക്ക് ഒരു മകളാണ്. മിൻസാര എന്നാണ് പേര്. ഒന്നര വയസാണ് പ്രായം. ചാക്കോച്ചന് ഒരു മകനല്ലേ, ഇസഹാഖ്, നാളെ കുട്ടികൾക്ക് താൽപര്യമാണെങ്കിൽ മകനെ എന്റെ മകളെ കൊണ്ട് കെട്ടിക്കണം. അവർക്ക് താല്പര്യമുണ്ടെങ്കിൽ മതി', എന്നാണ് ശ്രീലയ പറഞ്ഞത്. ഫാൻസ് മീറ്റിന്റെ ഭാഗമായി ഒരു സ്കിറ്റ് പോലെയാണ് ശ്രീലയ ഇത് അവതരിപ്പിച്ചത്. ശ്രീലയയുടെ പ്രകടനത്തിന് നിരവധി പേരാണ് കയ്യടിക്കുന്നത്.


Click it and Unblock the Notifications