കല്യാണി അത്ഭുതപ്പെടുത്തി! തുടക്കത്തിൽ കുറെയേറെ കഷ്ടപ്പെട്ടു; പക്ഷെ അവർ തോൽക്കാൻ തയ്യാറായിരുന്നില്ല: സുരഭി
മലയാളത്തിലെ താരപുത്രിമാരിൽ തെന്നിന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയിട്ടുള്ള നടിയാണ് കല്യാണി പ്രിയദർശൻ. അമ്മയുടെ പാതയിലൂടെ അഭിനയത്തിലേക്ക് എത്തിയ കല്യാണി തുടർച്ചയായ ഹിറ്റുകളിലൂടെ മലയാള സിനിമയിൽ ഇന്ന് തന്റേതായ ഒരിടം കണ്ടെത്തി കഴിഞ്ഞു. ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ ആയിരുന്നു കല്യാണിയുടെ അരങ്ങേറ്റം. തുടർന്ന് തെലുങ്കിലും തമിഴിലുമായി മൂന്ന് ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കല്യാണി മലയാളത്തിലേക്ക് എത്തുന്നത്.
ദുൽഖർ സൽമാൻ നായകനായ വരനെ ആവശ്യമുണ്ട് എന്ന ആയിരുന്നു കല്യാണിയുടെ ആദ്യ മലയാള ചിത്രം. തുടർന്ന് ബ്രോ ഡാഡി, ഹൃദയം, തല്ലുമാല എന്നിങ്ങനെ ഒരുപിടി ചിത്രങ്ങൾ കല്യാണിയെ തേടിയെത്തി. ഈ ചിത്രങ്ങളെല്ലാം വലിയ ശ്രദ്ധനേടുകയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ശേഷം മൈക്കിൽ ഫാത്തിമ ആണ് കല്യാണിയുടെ പുതിയ ചിത്രം. മനു സി. കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ഫാത്തിമ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്‌ച തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. കമന്റേറ്റർ ആകാനുള്ള ആഗ്രഹവുമായി നടക്കുന്ന മലപ്പുറത്തുകാരിയായ ഫാത്തിമയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ മലപ്പുറം ശൈലിയിൽ ഡബ്ബ് ചെയ്തിരിക്കുന്നത് കല്യാണി തന്നെയാണ്. അതിന് കല്യാണിയെ സഹായിച്ചത് നടി സുരഭി ലക്ഷ്മിയാണ്. ഇപ്പോഴിതാ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാനായി കല്യാണി നടത്തിയ പരിശ്രമത്തെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സുരഭി ലക്ഷ്മി.
കഥാപാത്രത്തിന്റെ പൂർണതയ്ക്കായി കല്യാണി ഏറെ കഷ്ടപ്പെട്ടുവെന്ന് സുരഭി ലക്ഷ്മി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മലബാർ സ്ലാങ്ങിൽ സംസാരിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് കല്യാണി വിളിച്ചപ്പോൾ താൻ ആദ്യം ഒഴിഞ്ഞുമാറാൻ നോക്കിയെന്ന് സുരഭി പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടർമാരുടെ സഹായത്തോടെ കുറച്ചൊക്കെ ഡബ്ബ് ചെയ്തിട്ടുണ്ട്. ബാക്കി ചെയ്യാൻ സഹായിക്കണം. എത്ര കഷ്ടപ്പെടാനും റെഡിയാണ്. സ്വയം ഡബ്ബിങ് ചെയ്യണം എന്നുള്ള ആഗ്രഹം കൊണ്ടാണെന്നും പറഞ്ഞപ്പോൾ സമ്മതം മൂളുകയായിരുന്നുവെന്നും സുരഭി ലക്ഷ്മി കുറിച്ചു.
ടൊവിനോ നായകനാവുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ സുരഭി അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഇടവേളയിലായിരുന്നു താരം കല്യാണിയെ ഡബ്ബിങ്ങിന് സഹായിച്ചത്. 'തുടക്കത്തിൽ കുറെയേറെ കഷ്ടപ്പെട്ടു, പക്ഷെ അവർ തോൽക്കാൻ തയ്യാറായിരുന്നില്ല, മൂന്ന് നാല് ദിവസം കൊണ്ട് മലയാളവും മലബാറും പഠിച്ചെടുക്കുവാൻ അവർ കാണിച്ച കഠിനാധ്വാനം എന്നെ അത്ഭുതപ്പെടുത്തി. ഡബ്ബിങ് കഴിഞ്ഞ് തിരിച്ചെത്തിയാൽ പിറ്റേന്നത്തെ ദിവസം ചെയ്യാനുള്ള സീനുകൾ ഇരുന്ന് പഠിക്കാനും, രാവിലെ ചേച്ചി അത് ഒന്നുകൂടി പറഞ്ഞു തരുമോ എന്ന് ചോദിച്ചു പ്രാക്ടീസ് ചെയ്യും.' സുരഭി പോസ്റ്റിൽ പറഞ്ഞു.
ഒരു നടി എന്ന നിലയ്ക്ക് കല്യാണിക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി അവർ ചെയ്തിട്ടുണ്ട്. വളരെ സന്തോഷം തോന്നുന്നു കല്യാണി. ഒരു നടി തന്റെ അതിർവരമ്പുകൾ പൊളിച്ചെറിഞ്ഞുകൊണ്ടേയിരിക്കണമെന്നും സുരഭി പറഞ്ഞു. കല്യാണിയുടെ ഡബ്ബിങ് സെഷന്റെ വീഡിയോയും കുറിപ്പിനൊപ്പം സുരഭി പോസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ ഒരു അഭിമുഖത്തിൽ സുരഭി ലക്ഷ്മിയാണ് തന്നെ ഡബ്ബിങ്ങിൽ സഹായിച്ചതെന്ന് കല്യാണി പറഞ്ഞിരുന്നു. സിനിമ കണ്ട് അച്ഛൻ പ്രിയദർശൻ തന്റെ ഫാനായി മാറിയെന്നും നിനക്ക് മലയാളം അറിയില്ലെന്ന് ഇനി ആരും പറയില്ലെന്ന് അച്ഛൻ പറഞ്ഞതായും കല്യാണി പറയുകയുണ്ടായി.
കല്യാണിക്ക് പുറമെ മിന്നൽ മുരളി എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ഫെമിന, നടൻ സുധീഷ്, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. മാധ്യമപ്രവർത്തകനായ മനു സി കുമാറിന്റെ ആദ്യ സിനിമയാണ് ശേഷം മൈക്കിൾ ഫാത്തിമ. ഹിഷാം അബ്ദുൽ വഹാബാണ് സംഗീതമൊരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications