'ഇനിയിപ്പോ ഫീല്‍ഡ് ഔട്ടാണെങ്കിലും ഞാൻ ഹാപ്പി'; സംസ്ഥാന അവാർഡിന് ശേഷം വീട്ടിൽ ഇരിപ്പാണെന്ന് വിൻസി
റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് വിൻസി. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി ശ്രദ്ധ നേടുന്നത്. ഷോയിൽ വിജയിച്ചില്ലെങ്കിലും സിനിമയിലേക്കെത്താനും ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാനും വിൻസിക്ക് സാധിച്ചു. ഇപ്പോൾ കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരമടക്കം സ്വന്തമാക്കി തിളങ്ങി നിൽക്കുകയാണ് താരം. രേഖ എന്ന ചിത്രത്തിനായിരുന്നു വിന്‍സിക്ക് അവാര്‍ഡ് ലഭിച്ചത്.
സിനിമയിലെത്തി നാലാം വർഷമാണ് വിൻസി തന്റെ ആദ്യ സംസ്ഥാന പുരസ്‌കാരം നേടുന്നത്. ഈ കാലയളവിൽ ഏകദേശം പത്ത് സിനിമകളിലാണ് വിൻസി അഭിനയിച്ചത്. ഒന്നിന് പുറകെ ഒന്നായി സിനിമകൾ വിൻസിക്ക് ലഭിച്ചിരുന്നു. എന്നാൽ അവാർഡ് ലഭിച്ച ശേഷം വീട്ടില്‍ വെറുതെ ഇരിക്കുകയാണെന്ന് പറയുകയാണ് വിൻസി ഇപ്പോൾ.

ഫിലിം കമ്പാനിയന്‍ സൌത്തിന്‍റെ മലയാളം സിനിമ അഡ 2023 എന്ന പരിപാടിയിൽ സംസാരിക്കവെയാണ് വിന്‍സി ഈ കാര്യം തുറന്നു പറഞ്ഞത്. അവാര്‍ഡ് ലഭിച്ച ശേഷം എന്താണ് ജീവിതത്തില്‍ വന്ന മാറ്റം എന്ന ചോദ്യത്തിനായിരുന്നു വിൻസിയുടെ മറുപടി. വളരെ കുറച്ച് സിനിമകള്‍ മാത്രമേ തന്നെ തേടി എത്തുന്നുള്ളുവെന്നും അതില്‍ സെലക്ടീവ് ആയാല്‍ സിനിമ തീരെയില്ലെന്നും വിൻസി പറയുന്നു.
"അവാര്‍ഡ് കിട്ടിയതിന് ശേഷം വലിയ മാറ്റമാണ് വരുന്നത്. സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചതിന് ശേഷം വലിയ മാറ്റമാണ് കാണുന്നത്. ആളുകള്‍ പെട്ടെന്ന് മാറുന്നത് മനസിലാകും. രേഖ എന്ന ചിത്രം മുതല്‍ പലപ്പോഴും മാറ്റം വന്നിട്ടുണ്ട്. രേഖ തിയേറ്ററില്‍ ഓടിയില്ല. അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ വിചാരിച്ചത് ഇനി വീട്ടിലിരിക്കാന്‍ സമയം ഉണ്ടാകില്ല. വെച്ചടി വെച്ചടി കയറ്റം കുറേപ്പടങ്ങള്‍ എന്നതാണ്. എന്നാല്‍ യഥാർത്ഥത്തിൽ ഞാൻ ഇപ്പോഴും വീട്ടിലിരിക്കുകയാണ്.
എനിക്ക് വരുന്ന പടങ്ങള്‍ വളരെ ലിമിറ്റഡാണ്. സെലക്ടീവ് ആകുമ്പോള്‍ അതും ഇല്ല. അത് റിയാലിറ്റിയാണ്. എന്നാല്‍ കുഴപ്പമില്ല. ഇതില്‍ പോട്ടെ, വരേണ്ടത് കറക്ട് സമയത്ത് കറക്ടായത് എനിക്ക് വരും എന്നാണ് എനിക്ക് തോന്നുന്നത്. അത്രയും കോണ്‍ഫിഡന്‍സ് ഉള്ളതുകൊണ്ട് ഇങ്ങനെ നിന്ന് പോകുന്നു. വരുന്നത് ചെയ്യും. ഇനിയിപ്പോ ഫീല്‍ഡ് ഔട്ടാണെങ്കിലും ഹാപ്പി," വിൻസി പറഞ്ഞു. നേരത്തെ സുരഭി ലക്ഷ്മിയും സ്വാസികയുമെല്ലാം ഇതേ അനുഭവം പങ്കുവെച്ചിട്ടുണ്ട്. അവാർഡിന് ശേഷം തങ്ങൾക്ക് കാര്യമായി അവസരങ്ങൾ ലഭിച്ചിരുന്നില്ല എന്നാണ് ഇവർ പറഞ്ഞത്.

അതേ സമയം, പുരസ്‌കാര നേട്ടത്തിന് ശേഷം വിൻസി തന്റെ പേര് മാറ്റിയത് ശ്രദ്ധ നേടിയിരുന്നു. വിൻസി അലോഷ്യസ് എന്ന തന്റെ പേര്. വിൻ-സി (win c) എന്നാക്കുന്നതായാണ് നടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ തന്റെ പേര് അങ്ങനെ മാറ്റുകയും ചെയ്തിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള സംഭാഷണത്തിനിടയിൽ അദ്ദേഹം തന്റെ പേരിൽ വരുത്തിയ ഒരു കുഞ്ഞ് തിരുത്താണ് തന്നെ പേര് മാറ്റത്തിന് സ്വാധീനിച്ചതെന്നാണ് വിൻസി പറഞ്ഞത്. താൻ മുൻപ് തന്നെ മനസ്സിൽ കണ്ടിരുന്നതാണ് ഈ പേരെന്നും വിൻസി പറഞ്ഞിരുന്നു.
മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന ചിത്രമാണ് വിന്‍സിയുടെ അടുത്തതായി റിലീസ് ആകാനുള്ള ചിത്രം. അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്താണ് നായകൻ. ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിദ്യാ സാഗർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications