എന്റെ പേരിന് ഞാൻ അർത്ഥങ്ങളും കണ്ടുപിടിച്ചു; ജീവിതത്തിന്റെ പല ഘട്ടങ്ങളിലും പേര് ശക്തി പകർന്നിട്ടുണ്ട്: വിൻ സി
മലയാളത്തിലെ യുവ നായികമാരിൽ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള ഒരു താരമാണ് വിൻസി അലോഷ്യസ്‍. നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വിൻസി പിന്നീട് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു. ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായൊരു ഇടം ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ് വിൻസി.
2019ല്‍ പുറത്തിറങ്ങിയ വികൃതി എന്ന സിനിമയിലൂടെയാണ് വിൻസി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് കനകം കാമിനി കലഹം, ജനഗണമന തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു. അതിനുശേഷം വിൻസിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നട്ടിട്ടില്ല. ഈ വർഷത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരമുൾപ്പടെ സ്വന്തമാക്കി കരിയറിൽ ഏറ്റവും മികച്ച ഘട്ടത്തിലൂടെ കടന്നുപോവുകയാണ് താരം.

അതിനിടെ കഴിഞ്ഞ ദിവസമാണ് തന്റെ പേര് മാറ്റുന്നതായും വിൻസി ആരാധകരെ അറിയിച്ചത്. വിൻ സി എന്നാണ് താരത്തിന്റെ പുതിയ പേര്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് വിൻ സി ഇക്കാര്യം പറഞ്ഞത്. മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള സംഭാഷണത്തിനിടയിൽ അദ്ദേഹം തന്റെ പേരിൽ വരുത്തിയ ഒരു കുഞ്ഞ് തിരുത്താന് തന്നെ പേര് മാറ്റത്തിന് സ്വാധീനിച്ചതെന്ന് വിൻ സി പറഞ്ഞിരുന്നു.
ഇപ്പോഴിതാ പേര് മാറ്റത്തിന് പിന്നിലുള്ള കാരണങ്ങളെ കുറിച്ചും പേരിന് താൻ കണ്ട അർത്ഥത്തെ കുറിച്ചുമൊക്കെ മനസുതുറക്കുകയാണ് വിൻ സി. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
പേരിന്റെ അർഥം അറിയാനുള്ള ആകാംക്ഷ കുട്ടിക്കാലത്തേ ഉണ്ടായിരുന്നുവെന്ന് വിൻസി പറയുന്നു. അസിൻ തോട്ടുങ്കൽ എന്നതുപോലുള്ള പേരൊക്കെ കേട്ടപ്പോൾ പ്രത്യേകിച്ചും. അസിൻ എന്നാൽ പാപം ചെയ്യാത്തവൾ എന്നാണ് അർഥം. അച്ഛന്റെ അമ്മ ഇട്ട പേരാണ് വിൻസി എന്നത്. അർഥം നോക്കി ഇട്ടതൊന്നുമല്ല. എന്നാൽ ഞാനതിന് പല അർത്ഥങ്ങളും കണ്ടുപിടിച്ചു. വിൻ എന്നാൽ വിജയം സി എന്നാൽ കാണുന്നത്, അപ്പോൾ വിജയം കാണുന്നവൾ. അല്ലെങ്കിൽ സീ എന്നാൽ കടൽ, അങ്ങനെയാകുമ്പോൾ വിജയക്കടൽ, വിൻ സി പറഞ്ഞു.
ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഈ പേര് ശക്തി പകർന്നു തന്നിട്ടുണ്ട്. ഉള്ളിൽ തോറ്റുപോയാലും ജയിച്ചു കയറിവരാൻ പ്രേരിപ്പിച്ചിരുന്നത് ഈ പേരാണ്. ഗൂഗിളിലൊക്കെ വിൻസിയുടെ മീനിങ് നോക്കുമ്പോൾ വിക്ടറി, വിജയം എന്നു കണ്ടു. ഏത് മേഖലയിൽപോയാലും വിജയം കൈവരിക്കുമെന്ന ഉറപ്പ് അന്ന് മുതൽ തന്റെ മനസ്സിലുണ്ടായിരുന്നുവെന്നും വിൻ സി പറയുന്നു.
'സംസ്ഥാന ചലച്ചിത്ര പുരസ്കാരം കിട്ടിയപ്പോൾ പത്രത്തിൽ അച്ചടിച്ചു വന്ന തലക്കെട്ട് 'WIN സി' എന്നായിരുന്നു. ഞാൻ മനസ്സിൽ കണ്ടത് തന്നെയായിരുന്നു അത്. പലരും ഫോൺ വിളിക്കുമ്പോഴും 'വിൻ' സി എന്നു പറയാറുണ്ട്. അതേ സന്തോഷമായിരുന്നു മമ്മൂക്ക ആ മെസേജ് അയച്ചപ്പോഴും എനിക്ക് ലഭിച്ചത്. കണ്ണൂർ സ്ക്വാഡിന്റെ വിജയാഘോഷത്തിൽ പങ്കെടുത്ത കാര്യം മമ്മൂക്കയോട് പറയാനാണ് വാട്സാപ്പിൽ മെസേജ് അയച്ചത്',

'അവാർഡ് ശിൽപവുമായി എന്നെങ്കിലും മമ്മൂക്കയുടെ അടുത്ത് പോകണം എന്ന ആഗ്രഹമുണ്ടായിരുന്നു. അക്കാര്യം കൂടി ഞാൻ പറഞ്ഞിരുന്നു. അതൊക്കെ കേട്ട ശേഷം അദ്ദേഹം തന്ന മറുപടിയാണ് 'Wincy Aloshious'. അതൊരു വലിയ അംഗീകാരമായിരുന്നു. ഞാൻ എന്നെ എങ്ങനെ മനസ്സിൽ കാണുന്നുവോ അതുപോലെയാണ് അദ്ദേഹം എന്നെയും കണ്ടത്', വിൻ സി പറയുന്നു.
'ആദ്യം വീട്ടുപേരുകൂടി ചേർത്ത് വിൻസി പി. അലോഷ്യസ് എന്നായിരുന്നു എന്റെ പേര്. വീട്ടുപേര് കട്ട് ചെയ്ത്, വിൻസി അലോഷ്യസ് ആക്കി. അപ്പനെ മാത്രമാക്കിയാൽ അമ്മ ഒറ്റയ്ക്കാകില്ലേ എന്ന് ഓർത്ത് അമ്മയുടെ പേരു കൂടി ചേർത്തു. അങ്ങനെ വിൻസി സോണി അലോഷ്യസ് ആയി.
ഇപ്പോൾ ഇവരൊയൊക്കെ തൽക്കാലം മാറ്റി, വിൻസി മാത്രമാക്കുകയാണ്. വിൻ എന്നാകും ഇനി മുതൽ ഞാൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നത്. സി ഇനിഷ്യലും. അതായത് വിൻ സി. അഭിനയിക്കുന്ന സിനിമകളിലും പങ്കെടുക്കുന്ന പരിപാടികളിലുമൊക്കെ ഈ പേരിൽ അറിയപ്പെടാനാണ് ആഗ്രഹം', വിൻ സി വ്യക്തമാക്കി.


Click it and Unblock the Notifications