മോശമല്ലെന്ന് സ്വയം തോന്നുന്ന എന്തും ധരിക്കാം, അതിൽ മറ്റുള്ളവർക്ക് ഒരു റോളും ഇല്ല; സുന്ദരമായ വസ്ത്രം അത്: അദിതി
മലയാളത്തിലെ യുവ നായികമാരിലെ ശ്രദ്ധേയ താരമാണ് നടി അദിതി രവി. മോഡലിങ് രംഗത്തുനിന്നും സിനിമയിലെത്തിയ അദിതി വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയത്. 2014ൽ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെയായിരുന്നു അദിതിയുടെ അരങ്ങേറ്റം. എന്നാൽ 2017 ൽ സണ്ണി വെയ്ൻ നായകനായ അലമാര എന്ന ചിത്രത്തിലൂടെയാണ് ഒരു മുഴുനീള വേഷത്തിൽ അതിദി അഭിനയിച്ചത്.
അതിനുശേഷം കൈനിറയെ അവസരങ്ങളാണ് അദിതിയെ തേടിയെത്തിയത്. പോയ വർഷം ക്രിസ്റ്റഫർ, നേര് എന്നിങ്ങനെ രണ്ടു സൂപ്പർ താര ചിത്രങ്ങളിലാണ് അദിതി അഭിനയിച്ചത്. ഒരുപിടി ചിത്രങ്ങൾ അദിതിയുടെതായി അണിയറയിലുണ്ട്. സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് അദിതി. ഇടയ്ക്ക് പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരം എത്താറുണ്ട്. ഇടയ്ക്ക് അദിതിയുടെ ഫോട്ടോഷൂട്ടുകളൊക്കെ ആരാധകരുടെ ശ്രദ്ധനേടാറുണ്ട്.

ഇപ്പോഴിതാ തന്റെ വസ്ത്രധാരണത്തെ കുറിച്ചൊക്കെ സംസാരിച്ചിരിക്കുകയാണ് അദിതി. സാരി ഉടുക്കാൻ ഇഷ്ടപ്പെടുന്ന, കണ്ണെഴുതി പൊട്ടുതൊട്ട് എപ്പോഴും സുന്ദരിയാക്കി നടക്കാൻ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് അദിതി പറയുന്നു. മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിലാണ് തന്റെ ഫാഷനെയും സ്റ്റൈലിനെയും കുറിച്ചെല്ലാം അദിതി സംസാരിച്ചത്.
അടുത്തിടെയായി വസ്ത്രത്തിന്റെ പേരിൽ പല താരങ്ങളും വിമർശിക്കപ്പെടാറുണ്ട്. പക്ഷേ തനിക്ക് ഇന്നുവരെ അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല എന്ന് അദിതി പറയുന്നു. ഒരാൾ എന്തു ധരിക്കണം എന്ന് തീരുമാനിക്കുന്നത് അയാളാണെന്നും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ഓർക്കേണ്ട ആവശ്യമില്ലെന്നുമാണ് അദിതിയുടെ അഭിപ്രായം.
'എനിക്ക് എന്ത് തോന്നുന്നു എന്നുള്ളതിലാണ് കാര്യം. മറ്റുള്ളവർക്ക് എങ്ങനെ തോന്നും എന്ന് നമ്മൾ ചിന്തിക്കേണ്ട ആവശ്യമില്ല. എന്ത് വസ്ത്രം ധരിക്കണം എങ്ങനെ ധരിക്കണം എന്നൊക്കെയുള്ളത് ഓരോരുത്തരുടെയും സ്വാതന്ത്ര്യവും ഇഷ്ടവും അവകാശവുമാണ്. അതിൽ മറ്റുള്ളവർക്ക് യാതൊരുവിധ റോളും ഇല്ല എന്ന് കരുതുന്ന ആളാണ് ഞാൻ. നമുക്ക് കംഫർട്ടബിൾ ആണോ, നമ്മൾ ധരിക്കുമ്പോൾ മോശമല്ല എന്ന് സ്വയം തോന്നുന്നുണ്ടോ? എങ്കിൽ ഏതു വസ്ത്രവും ധരിക്കാം,' അദിതി പറയുന്നു.

സാരി ആര് ഉടുത്താലും സുന്ദരിയാകും എന്നാണ് അദിതിയുടെ പക്ഷം. സാരി അത്ര സുന്ദരമായ ഒരു വസ്ത്രമാണ്. എനിക്ക് ചെറുപ്പം മുതൽ സാരിയോട് വല്ലാത്തൊരു ഇഷ്ടമാണ്. അമ്മയുടെ സാരിയുടുത്ത് കുഞ്ഞു നാളുകളിൽ ടീച്ചറായും ടിവിയിൽ കാണുന്നതുപോലെയും ഒക്കെ അഭിനയിക്കാനും ഭയങ്കര ഇഷ്ടമായിരുന്നു. വലുതായപ്പോൾ ആ ഇഷ്ടം വളർന്നു. എനിക്ക് കംഫർട്ടബിൾ എന്ന് തോന്നുന്ന ഏതു വസ്ത്രവും ധരിക്കാറുണ്ട്.
'ഒരു വസ്ത്രം ഇടുമ്പോൾ ഇത് എനിക്ക് ചേരും എന്ന് തോന്നിയാൽ അതാണ് എന്റെ കംഫർട്ട്. നമുക്ക് ചേരാത്തത് ധരിച്ചാൽ അത് വല്ലാത്തൊരു അസ്വസ്ഥതയാണ്. ഇപ്പോൾ ഫോട്ടോഷോട്ടുകളുടെ കാലമാണല്ലോ. അപ്പോൾ അതിന് ചേരുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കാറുണ്ട്. എനിക്ക് ചേരുന്നു എന്ന് തോന്നുന്ന ഡ്രസ്സുകൾ മാത്രമാണ് ഞാൻ ഉപയോഗിക്കാറുള്ളൂ എന്നും അദിതി വ്യക്തമാക്കി.


Click it and Unblock the Notifications











