വിട്ടു വീഴ്ചകൾക്കു ശേഷം പരാതിപ്പെടുന്നതെന്തിന്? പത്തു വർഷം മുന്നേ ഒരു അതോറിറ്റി വേണമെന്ന് ആവശ്യപ്പെട്ടു
മലയാള സിനിമയുടെ വളർച്ചയിൽ പലരും അസൂയാവഹമായി ഉറ്റുനോക്കുന്ന സമയത്താണ് ഹേമ കമ്മിറ്റി റിപ്പോർട്ട് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പല തരം വാർത്തകളാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമക്കും സിനിമയിലെ പ്രമുഖർക്കുമെതിരെ ശക്തമായ ആരോപണങ്ങളാണ് ഉയരുന്നത്.
ഇന്ന് ഹേമ കമ്മറ്റി റിപ്പോർട്ട് വന്ന സാഹചര്യത്തിൽ മലയാള സിനിമ വിറങ്ങലിച്ച് നിൽക്കുകയാണ്. എന്നാൽ ഹേമ കമ്മിറ്റിക്കു മുന്നേ അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി സിനിമയുമായി ബന്ധപ്പെട്ട റിപ്പോർട്ട് 2014ൽ സർക്കാരിന് സമർച്ചിരുന്നു. ഇതിനെ കുറിച്ച് പലർക്കും അറിയില്ല. പത്തു വർഷം മുന്നേ സിനിമയിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചായിരുന്നു ആ റിപ്പോർട്ടിലും പരാമർശിച്ചത്. അമൃത ടിവിയിലൂടെ അടൂർ ഗോപാലകൃഷ്ണൻ വിശദീകരിക്കുന്നു.

"ഓഫ്ബീറ്റ് സിനിമകളെ എങ്ങനെ പ്രമോട്ട് ചെയ്യാമെന്നായിരുന്നു പ്രധാനമായും ആ റിപ്പോർട്ടിൽ പറയുന്നത്. മറ്റൊന്ന് സിനിമാ ഇന്റസ്ട്രിക്കുള്ളിലെ തർക്കങ്ങൾ ഒഴിവാക്കാനായി ഇൻ്റസ്ട്രിയും ഗവൺമെന്റും ചേർന്ന് ഒരു അതോറിറ്റി ഉണ്ടാക്കുക. ആ അതോറിറ്റിയുടെ തീരുമാനത്തിൽ കാര്യങ്ങൾ മുന്നോട്ടു പോവുകയും അതുവഴി പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കും. ഒരു ഘട്ടത്തിൽ നടീനടൻമാരെ സിനിമയിൽ വിലക്കുന്ന സാഹചര്യങ്ങൾ വന്നിരുന്നു. ഇതിനെല്ലാം ഒരു പരിഹാരമായാണ് ഒരു റിപ്പോർട്ട് സമർപ്പിച്ചത്.
അതൊരു റെഗുലേറ്ററി അതോറിറ്റിയായിട്ടാണ് മുന്നോട്ട് വെച്ചത്. പക്ഷേ പ്രൊഡ്യൂസേഴ്സ് അതിനെ എതിർത്തതിനെ തുടർന്ന് സർക്കാർ അത് മാറ്റി വെച്ചു. ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് അനാവശ്യ കൈകടത്തലുകൾ ഉണ്ടാവുമെന്നാണ് അന്ന് പലരും പറഞ്ഞത്." അടൂർ പറയുന്നു. 10 വർഷം മുന്നേ അടൂർ ഗോപാലകൃഷ്ണൻ ഇത്തരമൊരു അതോറിറ്റി വരണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്തു. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതോടെ എല്ലാവരും ഒരേസ്വരത്തിൽ പറയുന്നത് ഇവിടെ ഒരു റെഗുലേറ്ററി അതോറിറ്റി വേണമെന്നാണ്.
ഒരു അതോറിറ്റി ഉണ്ടായിരുന്നെങ്കിൽ റിപ്പോർട്ടിൽ പറയുന്ന തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിച്ചേനെ. ഇന്ന് പലരും തങ്ങളെ ആക്രമിച്ചു എന്ന ആരോപണങ്ങളുമായി രംഗത്തെത്തുന്നു. അവസരങ്ങൾ നിഷേധിക്കപ്പെടുമെന്ന ഭയത്തിലാണ് പലരും വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നതെന്ന് പറയുന്നു. "ഞാൻ ഒരിക്കലും വിട്ടു വീഴ്ചകൾക്ക് തയ്യാറാവില്ലെന്ന് ആർട്ടിസ്റ്റുകൾ തീരുമാനിച്ചാൽ അവിടെ പ്രശ്നം അവസാനിക്കും. എന്നാൽ ഇത്തരം വിട്ടു വീഴ്ചകൾക്ക് വഴങ്ങിയതിനു ശേഷം പരാതി നൽകിട്ട് കാര്യമില്ല." അടൂർ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് മാത്രമല്ല വ്യക്തമാക്കുന്നത്. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ചും കൃത്യമായി പറയുന്നുണ്ട്. ഇത്രയും വലിയൊരു ഇന്റ്സ്ട്രിയിൽ വർദ്ധിച്ച ലഹരി ഉപയോഗം അപകടകരമാണ്. അതിനാൽ ഇത്തരത്തിൽ ഉപയോഗിക്കുന്നവരെ അപ്പോൾ തന്നെ ലൊക്കേഷനിൽ നിന്ന് പറഞ്ഞു വിടണമെന്നാണ് അടൂർ പറയുന്നത്. സിനിമക്കുള്ളിലും ലഹരി ഉപയോഗവും സ്ത്രീകൾക്കെതിയെുള്ള അക്രമങ്ങളുമാണ് കൂടുതലും പ്രമേയമാവുന്നത്.
പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത് ഇത്തരം വിഷയങ്ങളാണെന്ന് നിർമ്മാതാക്കൾക്ക് തോന്നുന്നു. അതുകൊണ്ട് തന്നെ വയലൻസ് നിറഞ്ഞ സിനിമകൾ ഉണ്ടാവുന്നു. എന്നാൽ അടൂർ ഗോപാലകൃഷ്ണൻ ചിത്രങ്ങളിൽ വയലൻസ് ഇല്ല. അദ്ദേഹത്തിന്റെ നായകനും നായികയും കഥയാണ്. അതിനാൽ തന്നെ ചെറിയ ബഡ്ജറ്റിൽ ഉണ്ടാക്കിയ കാലികപ്രസക്തിയുള്ള നന്മയുള്ള ചിത്രങ്ങളാണ് അവയെല്ലാം.


Click it and Unblock the Notifications