എല്ലാ വർഷവും കുടുംബമൊന്നിച്ച് യാത്രപോകും; സിനിമയും ജീവിതവും തമ്മിൽ ബാലൻസ് ചെയ്യുന്നത് അങ്ങനെ: ടൊവിനോ പറയുന്നു
മലയാളത്തിലെ യുവനടന്മാരിൽ ഏറ്റവും പ്രധാനിയാണ് ടൊവിനോ തോമസ്. അവസരങ്ങൾക്കായി അലഞ്ഞു നടന്നൊരു ഭൂതകാലമുണ്ട് ടൊവിനോയ്ക്ക്. ചെറിയ വേഷങ്ങളിലൂടെയാണ് ടൊവിനോ കരിയർ ആരംഭിക്കുന്നത്. ആ യാത്രയാണ് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളിലേക്ക് ടൊവിനോയെ കൊണ്ടെത്തിച്ചിരിക്കുന്നത്. ടൊവിനോയുടെ ജീവിതം സിനിമ മോഹം ഉള്ളിൽ കൊണ്ട് നടക്കുന്ന ചെറുപ്പക്കാർക്ക് കൂടുതൽ കരുത്ത് പകരുന്നതാണ്.
സിനിമാ മോഹികളായ പലർക്കും റോൾ മോഡലാണ് ടൊവിനോ തോമസ്. കൈയ്യിലുണ്ടായിരുന്ന നല്ലൊരു ജോലി കളഞ്ഞിട്ടാണ് ടൊവിനോ സിനിമയ്ക്ക് പിന്നാലെ സഞ്ചരിച്ച് തുടങ്ങിയത്. ചാൻസ് തെണ്ടി നടന്നിരുന്ന കാലത്ത് ചേട്ടനായിരുന്നു എല്ലാ സപ്പോർട്ടും നൽകി ഒപ്പമുണ്ടായിരുന്നതെന്ന് ടൊവിനോ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

സിനിമയിൽ അറിയപ്പെടുന്ന താരമായി വളരുന്നതിന് മുൻപായിരുന്നു ടൊവിനോയുടെ വിവാഹം. 2014ലാണ് താരം വിവാഹിതനായത്. തന്റെ ദീർഘകാല പ്രണയിനി ലിഡിയയെ ആണ് നടൻ വിവാഹം ചെയ്തത്. പ്ലസ് ടു കാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്. ഒരുപാട് കാലം പിറകെ നടന്നിട്ടാണ് ലിഡിയ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് ടൊവിനോ തന്നെ നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഇന്ന് രണ്ടു മക്കളുമായി സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് താരം.
സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ശ്രദ്ധിക്കാറുള്ള ഫാമിലി മാൻ കൂടെയാണ് ടൊവിനോ. സിനിമാ പരിപാടികൾക്ക് വരുമ്പോഴും ഷൂട്ടിങ് ലൊക്കേഷനുകളിലുമെല്ലാം ടൊവിനോ കുടുംബത്തേയും ഒപ്പം കൂട്ടാറുണ്ട്. ഇപ്പോഴിതാ കുടുംബവും വർക്കും ബാലൻസ് ചെയ്ത് കൊണ്ടുപോകുന്നതിന് കുറിച്ച് പറയുകയാണ് ടൊവിനോ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
"വർക്കിനൊപ്പം അതും ഞാൻ ബാലൻസ് ചെയ്യുന്നുണ്ട്. ഇപ്പോൾ തന്നെ എസ്റ്റോണിയയിലെ ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഞാൻ ഭാര്യയുമായിട്ടാണ് പോകുന്നത്. ഞങ്ങൾ പോയി കുറച്ചു നല്ല സിനിമകളൊക്കെ കണ്ടു തിരിച്ചുവരാമെന്നാണ് കരുതുന്നത്. അതുപോലെ ഇന്നവളുടെ പിറന്നാളാണ്. ഞാൻ ദുബായിയിൽ നിന്ന് ഷൂട്ട് കഴിഞ്ഞ് ഇന്ന് പുലർച്ചെയാണ് ഇവിടെ എത്തിയത്. എനിക്കിത് കഴിഞ്ഞ് വേണമെങ്കിൽ നേരെ തിരിച്ചു പോകാം.
പക്ഷെ ഞാൻ ഇവിടെ വന്ന ഉടനെ അവളെ വിളിച്ച് എണീപ്പിച്ചു വിഷ് ചെയ്തിട്ടാണ് വന്നത്. ഇനി ഇവിടുന്ന് ചെന്ന് പെട്ടിയും പാക്ക് ചെയ്ത് ഞങ്ങൾ എസ്റ്റോണിയക്ക് പോകാൻ പോവുകയാണ്. അങ്ങനെയൊക്കെയേ പ്ലാൻ ചെയ്യാൻ സാധിക്കുകയുള്ളൂ. അല്ലാതെ എല്ലാ ദിവസവും വൈകുന്നേരം ആറ് മണിക്ക് വീട്ടിലെത്തി ഒന്നിച്ചു അത്താഴം കഴിക്കുന്ന എന്നൊരു ഓപ്‌ഷൻ എനിക്കില്ല. എനിക്കുള്ള ഓപ്‌ഷൻ പരമാവധി ഞാൻ യൂസ് ചെയ്യാറുണ്ട്.

അപ്പൻ, അമ്മ, ചേച്ചി, ചേട്ടൻ അവരുടെ ഫാമിലി, എന്റെ ഫാമിലി അങ്ങനെ എല്ലാവരും ആയിട്ടാണ് ഞങ്ങൾ ടൂർ പോവുക. അത് എല്ലാ വർഷവും പോകും. അങ്ങനെയൊക്കെയാണ് ഞാൻ ബാലൻസ് ചെയ്യുന്നത്. എല്ലാ ദിവസവും വീട്ടിൽ ഉണ്ടായാൽ എന്റെ ഒരു സ്വഭാവം വെച്ച് എന്നോട് ഇത്ര ഇഷ്ടമൊന്നും തോന്നില്ലായിരിക്കും. അപ്പോൾ ഇങ്ങനെ വല്ലപ്പോഴും കാണുമ്പോൾ ഇഷ്ട കൂടുതൽ ഉണ്ടാകുമായിരിക്കും," ടൊവിനോ പറഞ്ഞു.
അതേ സമയം അദൃശ്യജാലകങ്ങളാണ് ടൊവിനോയുടെ പുതിയ ചിത്രം. ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിമിഷ സജയനാണ് മറ്റു പ്രധാന വേഷത്തിൽ എത്തുന്നത്. സസ്പെൻസ് ത്രില്ലറായാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. എസ്റ്റോണിയയിലെ 27-ാമത് ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ടൊവിനോ എസ്റ്റോണിയയിലേക്ക് പോകുന്നത്.


Click it and Unblock the Notifications