പത്തു വർഷം മുന്നേ ഇത്രയും പ്രതീക്ഷിച്ചില്ല; ദുൽഖറിനൊപ്പം അഹാനയും: പുതിയ പോസ്റ്റ് വൈറൽ
മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ താരമാണ് ദുൽഖർ സൽമാൻ. സിനിമയിൽ വന്നിട്ട് പതിമൂന്ന് വർഷങ്ങളായെങ്കിലും ഇന്നും പ്രേക്ഷകർക്ക് പുതുമ നൽകുന്ന കഥാപാത്രങ്ങളുമായാണ് ദുൽഖറിന്റെ വരവ്. ഇന്ന് ജൂലൈ 28. ഇന്നേക്ക് 41 വയസ്സ് തികഞ്ഞു ഈ ചെറുപ്പക്കാരന്. അവിശ്വസനീയം തന്നെ. ദുൽഖറിന്റെ ബർത്ത്ഡെക്ക് വലിയ ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ അഹാന കൃഷ്ണയുടെ സ്നേഹം നിറഞ്ഞ ബർത്ത്ഡെ പോസ്റ്റ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലായി.
"സ്നേഹം നിറഞ്ഞ പിറന്നാളാശംസകൾ ദുൽഖർ. പത്തു വർഷങ്ങൾക്ക് മുൻപ്, എന്നെങ്കിലും ഒരിക്കൽ ദുൽഖറിനെ പരിചയപ്പെടുമോ, അല്ലെങ്കിൽ ദുൽഖർ എന്നെ അറിയുമോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിനിപ്പുറം സുഹൃത്ത് എന്ന് വിളിക്കാവുന്ന നിലയിലായി. പങ്കിട്ട സ്നേഹത്തിനും നല്ല സമയത്തിനും ഭക്ഷണത്തിനും നന്ദി. പ്രിയപ്പെട്ടവർക്ക് നിങ്ങൾ നൽകുന്ന സ്നേഹം, എന്തു നല്ല മനുഷ്യനാണ് നിങ്ങളെന്നതിന് തെളിവാണ്. ജീവിതത്തിലെ ഏറ്റവും നല്ല വർഷങ്ങൾക്കായി എല്ലാ ആശംസകളും നേരുന്നു. ഒരുപാട് കാലമായി സൂക്ഷിച്ചുവച്ച ചിത്രമാണിത്."

ഇൻസ്റ്റഗ്രാമിൽ ദുൽഖറിനൊപ്പം അഹാന പങ്കുവെച്ച ചിത്രത്തിനു താഴെ കുറിച്ച വാചകങ്ങളാണിത്. ദുൽഖറിനെ കുറിച്ച് എഴുതിയ ഓരോ വാചകവും കേൾക്കുമ്പോൾ വല്ലാത്തൊരു പുഞ്ചിരി തോന്നുന്നു. ദുൽഖറും അഹാനയും ഒരുമിച്ച് സിനിമകളൊന്നും ചെയ്തിട്ടില്ല. എന്നാൽ 2023ൽ ഷൈൻ ടോം ചാക്കോയും അഹാനയും ഒരുമിച്ച് അഭിനയിച്ച അടി എന്ന ചിത്രം നിർമ്മിച്ചത് ദുൽഖർ ആയിരുന്നു. അന്ന് തുടങ്ങിയ ആ സൗഹൃദം ഇന്നും ഇരുവരും കാത്തു സൂക്ഷിക്കുന്നു.
അഹാനയുടെ പോസ്റ്റിനു താഴെ ദുൽഖർ മറുപടി കുറിപ്പും എഴുതിയയിട്ടുണ്ട്. "ഈ ചിത്രത്തെ കുറിച്ച് ഞാൻ മറന്നു പോയി. മനോഹരമായ പോസ്റ്റ്. നന്ദി അഹാന." എന്നായിരുന്നു ദുൽഖർ കമന്റ് ചെയ്തത്. നിരവധി പേരാണ് ചിത്രത്തിനു താഴെ ആശംസകളുമായി എത്തിയത്. രണ്ടു പേരും പ്രിയപ്പെട്ടവരാണ് എന്നാണ് ആളുകൾ കമന്റ് ചെയ്യുന്നത്. എന്തായാലും അഹാനയുടെ ചിത്രങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്. ഒരു കറുത്ത ലൂസ് ഷർട്ടും കാർഗോസ് പാന്റ്സുമാണ് ദുൽഖർ ധരിച്ചിട്ടുള്ളത്. രണ്ടു പേരും ഏറെ സന്തോഷത്തോടെ നിൽക്കുന്ന മനോഹര ചിത്രമാണിത്.

തെലുഗിലെ ബ്രഹ്മാണ്ഢ ചിത്രമായ കൽകിയിൽ മികച്ചൊരു വേഷത്തിൽ ദുൽഖർ അഭിനയിച്ചിട്ടുണ്ട്. അതിനു മുന്നേ 2023ൽ റിലീസ് ചെയ്ത കിംഗ് ഓഫ് കൊത്തയിലാണ് ദുൽഖർ ഒരു മുഴനീള നായക വേഷത്തിലെത്തിയത്. ഇനി തെലുഗിൽ ലക്കി ബാസ്കർ എന്ന ചിത്രമാണ് ദുൽഖറിന്റെ പുതിയ റിലീസ്. അതിനിടയിൽ ഗൺസ് ആന്റ് ഗുലാബ്സ് എന്ന വെബ് സീരിസിലും താരം അഭിനയിച്ചിരുന്നു.
അഹാന കൃഷ്ണയുടെ ഒരു മുഴു നീള നായിക വേഷത്തിലെത്തുന്ന സിനിമ നാൻസി റാണി എന്ന ചിത്രമാണ്. സിനിമയുടെ റിലീസ് ഇതുവരെ തീരുമാനിച്ചിട്ടില്ല. അഹാന ഇപ്പോൾ മോഡലിംഗും യൂട്യൂബ് ചാനലുമായി തിരക്കിലാണ്. മാത്രമല്ല താരത്തിന്റെ സഹോദരി ദിയ കൃഷ്ണയുടെ വിവാഹ തിരക്കുകൾ ആരംഭിക്കുകയാണ്. സെപ്റ്റംബറിലാണ് വിവാഹമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. ദിയയുടെ വിവാഹം വലിയൊരു ആഘോഷം തന്നെയായിരിക്കുമെന്നാണ് ആരാധകർ പറയുന്നു.


Click it and Unblock the Notifications











