ആഗ്രഹിച്ചത് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം ലളിത ജീവിതം, പക്ഷെ സംഭവിച്ചത്! ആദ്യ ഭര്‍ത്താവിനോട് നന്ദിയുണ്ട്
സിനിമാ പ്രേമികള്‍ക്കും ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടിയാണ് ഐശ്വര്യ ഭാസ്‌കരന്‍. മോഹന്‍ലാല്‍ നായകനായ പ്രജ, നരസിംഹം തുടങ്ങിയ സൂപ്പര്‍ ഹിറ്റുകളിലെ നായികയാണ് ഐശ്വര്യ. വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളൂവെങ്കിലും തന്നെ അടയാളപ്പെടുത്താന്‍ ഐശ്വര്യയ്ക്ക് സാധിച്ചു.
സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും നിറ സാന്നിധ്യമാണ് ഐശ്വര്യ. സൂപ്പര്‍ ഹിറ്റ് പരമ്പരയായ പാരിജാതത്തിലെ ആന്റിയമ്മയായാണ് ആരാധകര്‍ ഐശ്വര്യയെ ഇന്നും ഓര്‍ക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളം സീരിയല്‍ രംഗത്ത് സജീവമായി മാറുകയാണ് ഐശ്വര്യ.

ഈയ്യടുത്ത് ഐശ്വര്യ തന്റെ ജീവിതത്തെക്കുറിച്ച് നടത്തിയ തുറന്നു പറച്ചിലുകള്‍ വാര്‍ത്തയായിരുന്നു. ഏകാന്ത ജീവിതത്തെക്കുറിച്ചും സോപ്പ് നിര്‍മ്മിച്ച് ജീവിക്കുന്നതിനെക്കുറിച്ചുമൊക്കെ ഐശ്വര്യ തുറന്ന് പറഞ്ഞു. എന്നാല്‍ താന്‍ അതിലൊട്ടും നാണിക്കുന്നില്ലെന്നും അഭിമാനത്തോടെ സ്വന്തം കാലിലാണ് താന്‍ ജീവിക്കുന്നതെന്നുമാണ് ഐശ്വര്യ പറഞ്ഞത്.
തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് മുമ്പൊരു അഭിമുഖത്തില്‍ ഐശ്വര്യ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ദാമ്പത്യ ജീവിതത്തെക്കുറിച്ചും ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചുമൊക്കെയാണ് ഐശ്വര്യ മനസ് തുറന്നത്. തനിക്ക് ജീവിതത്തില്‍ വലിയ ആഗ്രഹങ്ങളൊന്നുമില്ല. കുറേ സ്വര്‍ണവും വസ്ത്രവും വേണമെന്നില്ല. എന്നും അഭിനയത്തില്‍ നിറഞ്ഞു നില്‍ക്കണമെന്നുമില്ലായിരുന്നു. താന്‍ ആഗ്രഹിച്ചത് സ്വന്തമായൊരു വീട്, ഒരു കാറ് എന്നത് മാത്രമായിരുന്നു എന്നാണ് ഐശ്വര്യ പറയുന്നത്.
ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പം ആ വീട്ടില്‍ താമസിക്കണം എന്നായിരുന്നു ആഗ്രഹം. മക്കള്‍ വലുതായി വിവാഹം കഴിച്ച്, സ്വന്തം ജീവിതവുമായി മുന്നോട്ട് പോയ ശേഷവും തങ്ങള്‍ക്ക് ഒരുമിച്ച് സ്‌നേഹത്തോടെ ജീവിക്കാനാകണം. ഇത്രയുമാണ് താന്‍ ആഗ്രഹിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചത് പോലെയല്ല ജീവിതത്തില്‍ സംഭവിക്കുക എന്നാണ് ഐശ്വര്യ പറയുന്നത്. സ്‌നേഹത്തിന്റെ കാര്യത്തിലും ദേഷ്യത്തിന്റെ കാര്യത്തിലും താന്‍ നൂറ് ശതമാനം നല്‍കുന്ന വ്യക്തിയാണെന്നും ഐശ്വര്യ പറഞ്ഞു.
നടുവില്‍ നില്‍ക്കുന്ന ശീലം ഐശ്വര്യയ്ക്കില്ല. അങ്ങനെ തന്നെയായിരുന്നു ഭര്‍ത്താവിനെ സ്‌നേഹിച്ചതും പരിപാലിച്ചതും. കാല് തടവിയും ചോറ് വാരിക്കൊടുത്തും സ്നേഹിക്കുന്നവരെ ഞാന്‍ വല്ലാതെ പരിഗണിക്കും. എന്നാല്‍ അത് മുതലാക്കുകയാണെന്ന് കണ്ടാല്‍ താന്‍ മാറുമെന്നാണ് ഐശ്വര്യ പറയുന്നത്. വിവാഹ മോചിതയാണ് ഐശ്വര്യ. വിവാഹ മോചനത്തിന് ശേഷം തനിക്ക് മറ്റൊരു ബന്ധം വേണമെന്ന തോന്നലുണ്ടായിട്ടില്ല എന്നാണ് ഐശ്വര്യ പറയുന്നത്.

അതേസമയം ജീവിതത്തിലെ ഈ ഘട്ടത്തില്‍ നല്ലൊരു കൂട്ട് ഉണ്ടായിരുന്നുവെങ്കില്‍ നന്നായേനെ എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ ജീവിതത്തിലേക്ക് വരുന്ന വ്യക്തി തെറ്റാണെങ്കില്‍ എല്ലാം അതോടെ തീരും. അതിനാലാണ് മറ്റൊരു വിവാഹത്തിന് താന്‍ താല്‍പര്യം കാണിക്കാത്തത് എന്നാണ് ഐശ്വര്യ തുറന്നു പറയുന്നത്. ജീവിതത്തില്‍ താന്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത് മക്കള്‍ക്കാണെന്നും ഐശ്വര്യ പറഞ്ഞു.
രണ്ടു പേര്‍ പിരിയുന്നത് തെറ്റായി കാണുന്നില്ല ഐശ്വര്യ. എന്നാല്‍ പിരിഞ്ഞ ശേഷം പരസ്പരം ഇഷ്ടമില്ലാത്തതിനാല്‍ മക്കളില്‍ വിഷം കുത്തിവെക്കുന്നത് ശരിയല്ല. അച്ഛന്റെ കുറ്റം അമ്മയും അമ്മയുടെ കുറ്റം അച്ഛനും മക്കളോട് പറയാന്‍ പാടില്ല. ഇക്കാര്യത്തില്‍ തന്റെ മുന്‍ ഭര്‍ത്താവിനെ താന്‍ ബഹുമാനിക്കുന്നതായും ഐശ്വര്യ പറഞ്ഞു. മകളുടെ കല്യാണം താനും ഭര്‍ത്താവും ഒരുമിച്ചാണ് നടത്തിയത്. ഒരുമിച്ച് ജീവിക്കുമ്പോള്‍ നല്ല പങ്കാളികളാകാന്‍ തങ്ങള്‍ക്കായില്ല. പക്ഷെ വിവാഹമോചന ശേഷം നല്ല പങ്കാളികളായി മാറാന്‍ സാധിച്ചുവെന്നും ഐശ്വര്യ പറയുന്നു.


Click it and Unblock the Notifications











