ടൊവിനോയ്‌ക്കൊപ്പം അത്തരം ഒരു സിനിമ വന്നപ്പോള്‍ ചെയ്യില്ലെന്ന് പറഞ്ഞു; കാരണം വെളിപ്പെടുത്തി ഐശ്വര്യ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയിലൂടെ സിനിമയിലെത്തിയ ഐശ്വര്യ മായാനദിയിലൂടെയാണ് ആരാധകരുടെ പ്രിയങ്കരിയായി മാറുന്നത്. മായനദിയിലെ നായിക വേഷം മലയാള സിനിമയിലെ നടപ്പ് രീതികളെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. ഈ ചിത്രത്തിലൂടെ ഒരുപാപട് ആരാധകരെ സ്വന്തമാക്കാന്‍ ഐശ്വര്യയ്ക്ക് സാധിച്ചു. പിന്നാലെ തമിഴിലും സജീവമായി മാറുകയായിരുന്നു ഐശ്വര്യ. ഇപ്പോഴിതാ മായാനദിയിലെ ചുംബനെ രംഗത്തെക്കുറിച്ചുള്ള ഐശ്വര്യയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ മനസ് തുറന്നത്. ഒരു അഭിനേത്രി അതു ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ അനാവശ്യ ചര്‍ച്ചകളും സഭ്യമല്ലാത്ത കമന്റുകളും വരുന്നത്. അതേ രംഗത്തില്‍ അഭിനയിച്ച നടന് അതൊരു വലിയ പ്രശ്‌നമായി വരുന്നില്ല. എന്തുകൊണ്ടാകും ഇതെന്ന ചോദ്യത്തിനായിരുന്നു ഐശ്വര്യ മറുപടി നല്‍കിയത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

എനിക്ക് മനസിലായിട്ടുള്ളത് ഇത് നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനം മാത്രമാണ് എന്നാണ്. പൊതു ഇടത്തില്‍ സ്‌നേഹം പ്രകടപ്പിക്കുന്നത് മോശം സംഗതിയാണെന്ന പൊതുബോധം നിലനില്‍ക്കുന്നുണ്ട്. ചുംബിക്കുന്നത് അതിലും മോശമാണെന്നാണ് ചെറുപ്പം മുതല്‍ നമ്മള്‍ കേട്ടു വരുന്നത്. പക്ഷേ, ഇതു മനുഷ്യന്റെ ശാരീരിക ചോദനകളുടെ ഭാഗം മാത്രമാണെന്ന കാര്യം നാം മനസിലാക്കേണ്ടതുണ്ട് എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. അതില്‍ നാണിക്കേണ്ട കാര്യമില്ലെന്നും ചിരി, സന്തോഷം, സങ്കടം അങ്ങനെ എത്രയോ വികാരങ്ങള്‍ നാം സിനിമയില്‍ കാണിക്കുന്നു. ഈ വികാരം മാത്രമായെന്തിന് നാം മറച്ചു വയ്ക്കണം? എന്നാണ് ഐശ്വര്യ ചോദിക്കുന്നത്. നിങ്ങള്‍ എന്തു വേണമെങ്കിലും പറഞ്ഞോളൂ. ഞാന്‍ എന്റെ രീതിയില്‍ ജീവിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്റെ മനസ്സാക്ഷിക്കു മുമ്പില്‍ ശരിയെന്നു തോന്നുന്നത് ഞാന്‍ ചെയ്യും. മറ്റാരെയും എനിക്ക് ബോധിപ്പിക്കേണ്ട കാര്യമില്ല എന്നും ഐശ്വര്യ വ്യക്തമാക്കുന്നു. അതേസമയം, മുമ്പ് ഇത്തരം കമന്റുകള്‍ എന്നെ വേദനിപ്പിച്ചിരുന്നു എന്നാണ് താരം പറയുന്നത്. മാത്രവുമല്ല ഇനി അത്തരം രംഗങ്ങളില്‍ അഭിനയിക്കില്ല എന്നു വരെ തീരുമാനിച്ചിരുന്നു എന്നും ഐശ്വര്യ വെളിപ്പെടുത്തുന്നുണ്ട്.

ടൊവീനോയുടെ കൂടെ തന്നെ അത്തരം ഒരു സിനിമ വന്നപ്പോള്‍ ഞാന്‍ ചെയ്യില്ല എന്നു തന്നെ പറഞ്ഞു. ആ സമയത്ത് ടൈപ്പ്കാസ്റ്റ് ആയിപ്പോകുമോ എന്നൊരു പേടിയുണ്ടായിരുന്നു. അന്ന് എന്റെ കരിയറില്‍ അങ്ങനെ ഒരു തീരുമാനം ആവശ്യമായിരുന്നു. പക്ഷേ, ഇന്ന് അങ്ങനെയൊരു രംഗമുള്ളതുകൊണ്ട് ഒരു നല്ല സിനിമ ഞാന്‍ ഉപേക്ഷില്ല എന്നാണ് ഐശ്വര്യ പറയുന്നത്. ഇപ്പോള്‍ എനിക്ക് അതിനുള്ള പക്വതയുണ്ട്. അങ്ങനെ ചെയ്യുന്നത് തെറ്റല്ല. സമൂഹത്തിന് അതുള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ വേണ്ട. ഞാന്‍ എന്റെ രീതിയില്‍ ജീവിക്കും. അതാണ് ഇപ്പോഴത്തെ എന്റെ ചിന്ത എന്നു പറഞ്ഞു കൊണ്ട് തന്റെ നിലപാട് വ്യക്തമാക്കുകയാണ് ഐശ്വര്യ ലക്ഷ്മി. അതേസമയം ഐശ്വര്യയുടെ പുതിയ സിനിമയായ അര്‍ച്ചന 31 നോട്ടൗട്ട് റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തെക്കുറിച്ചും ഐശ്വര്യ മനസ് തുറക്കുന്നുണ്ട്.

മിനിമല്‍ ബജറ്റില്‍ ചെയ്‌തൊരു സിനിമയാണ് അര്‍ച്ചന 31 നോട്ടൗട്ട് എന്നാണ് ഐശ്വര്യ പറയുന്നത്. വളരെ ചെറിയ പ്രായത്തിലുള്ളവരാണ് ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും ഐശ്വര്യ ചൂണ്ടിക്കാണിക്കുന്നു. ഷൂട്ട് ചെയ്യുന്ന സമയത്ത് സംവിധായകന് പ്രായം 24 ആയിരുന്നു. ഛായാഗ്രാഹകന്റെ പ്രായം 23. എനിക്കു തോന്നുന്നു ആ സെറ്റില്‍ ഏറ്റവും സീനിയര്‍ ഞാനായിരുന്നു എന്ന്! എന്നാണ് ഐശ്വര്യ പറയുന്നത്. അതേസമയം പ്രായം കുറവായിരുന്നെങ്കിലും അവര്‍ക്ക് നല്ല കാഴ്ചപ്പാട് ഉണ്ടായിരുന്നു. ചെയ്യുന്നതിനെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു എന്നും നായിക അഭിപ്രായപ്പെടുന്നു. കാലികപ്രസക്തമായി വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. അത് എന്റര്‍ടെയ്‌നിങ് ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഐശ്വര്യ പറയുന്നു.
Recommended Video

കാണെക്കാണെയാണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ മലയാളം സിനിമ. മനു അശോക് സംവിധാനം ചെയ്ത ചിത്രത്തിലൂടെ മായാനദിയ്ക്ക് ശേഷം ഐശ്വര്യയും ടൊവിനോയും വീണ്ടും ഒരുമിച്ചിരുന്നു. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. സോണി ലൈവിലൂടെയായിരുന്നു സിനിമയുടെ റിലീസ്. കുമാരി, ബിസ്മി സ്‌പെഷ്യല്‍, തുടങ്ങിയവയാണ് മലയാളത്തിലെ ഐശ്വര്യയുടെ പുതിയ സിനിമകള്‍. തെലുങ്കില്‍ ഗോഡ്‌സെ, തമിഴില്‍ മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍, ക്യാപ്റ്റന്‍ എന്നീ സിനിമകളും ഐശ്വര്യയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.


Click it and Unblock the Notifications