നയൻതാരയുടെ ഡേറ്റ് കിട്ടാൻ കാരണം ധ്യാനിന്റെ ആ കഴിവ്; ഒരു മണിക്കൂർ കൊണ്ടാണ് ഡേറ്റും വാങ്ങി വന്നത്: അജു വർഗീസ്
മലയാളത്തിലെ യുവതാരങ്ങളിൽ ഏറ്റവും ജനപ്രീതിയുള്ള നടനാണ് ധ്യാൻ ശ്രീനിവാസൻ. പൊതുവെ സിനിമകളിലൂടെയാണ് താരങ്ങൾ ജനപ്രീതി ഉണ്ടാക്കിയെടുക്കുന്നതെങ്കിൽ, അഭിമുഖങ്ങളിലൂടെ തന്നെ അതിന് സാധിച്ച നടനാണ് ധ്യാൻ. സിനിമകൾക്ക് ലഭിക്കുന്നതിനേക്കാൾ സ്വീകാര്യതയാണ് ധ്യാൻ നൽകുന്ന ഓരോ അഭിമുഖങ്ങൾക്കും ലഭിക്കുന്നത്.
സിനിമകൾ പരാജയപ്പെടുമ്പോഴും അഭിമുഖങ്ങൾ ഹിറ്റാകുന്നില്ലേ എന്നാണ് ധ്യാൻ തന്നെ തമാശയോടെ ചോദിക്കാറുള്ളത്. കഥകളാണ് ധ്യാനിന്റെ അഭിമുഖങ്ങളുടെ ഹൈലൈറ്റ്. അച്ഛൻ ശ്രീനിവാസൻ, അമ്മ വിമല, ചേട്ടൻ വിനീത്, സിനിമാ സുഹൃത്തുക്കളെല്ലാം ധ്യാനിന്റെ കഥകളിൽ കടന്നുവരാറുണ്ട്. സ്വന്തം ജയ പരാജയങ്ങൾ പോലും രസകരമായാണ് ധ്യാൻ അവതരിപ്പിക്കാറുള്ളത്. ഇടയ്ക്ക് ചില വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും പൊതുവെ ആളുകൾക്ക് ധ്യാനിന്റെ രീതികൾ ഇഷ്ടമാണ്.

സിനിമയിൽ ഒരുപാട് സൗഹൃദങ്ങൾ സൂക്ഷിക്കുന്ന നടൻ കൂടിയാണ് ധ്യാൻ. ധ്യാനിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടൻ അജു വർഗീസ്. ധ്യാനിന്റെ ആദ്യ സംവിധാന സംരംഭമായ ലവ് ആക്ഷൻ ഡ്രാമയുടെ നിർമാതാക്കളിൽ ഒരാൾ അജു ആയിരുന്നു. നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിൽ നായികയായത് നയൻതാരയാണ്. ധ്യാനിന്റെ കഥപറയാനുള്ള കഴിവ് കൊണ്ടാണ് നയൻതാരയുടെ ഡേറ്റ് കിട്ടിയതെന്ന് പറയുകയാണ് അജു വർഗീസ് ഇപ്പോൾ. മൂവി വേൾഡ് മീഡിയ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
'എപ്പോഴും എല്ലാ കാര്യങ്ങളിലും തമാശ കൊണ്ടുവരാൻ ഇഷ്ടമാണ് ധ്യാന്. നല്ല കഥപറച്ചിലുകാരനാണ്. അല്ലെങ്കിൽ നിങ്ങൾക്ക് തോന്നുന്നുണ്ടോ ഒരു മണിക്കൂർ കൊണ്ട് നയൻതാരയെ പോലെയുളള ഒരു വലിയ താരത്തിന്റെ ഡേറ്റും ആയിട്ട് വരുമെന്ന്. അത് ഈ കള്ളത്തരം ഉള്ളത് കൊണ്ടല്ലേ. അപ്പോൾ പറഞ്ഞ കഥയേ അല്ല ലവ് ആക്ഷൻ ഡ്രാമയിലെ കഥ എന്നാണ് എനിക്ക് തോന്നുന്നത്. മാഡത്തിനോട് എന്തോ വലിയ പടമാണെന്നാണ് പറഞ്ഞിരുന്നത്. പാവം', ഒരു ചിരിയോടെ അജു പറയുന്നു.
നയൻതാരയുമായി ഇന്നും ധ്യാനിന് നല്ല ബന്ധമാണുള്ളതും വേണമെങ്കിൽ ഇനിയും കഥ പറയാനുളള അവസരമൊക്കെ കിട്ടുമെന്നും അജു വ്യക്തമാക്കി. താൻ ലൊക്കേഷനുകളിൽ നിൽക്കുമ്പോൾ ആളുകൾ ധ്യാനിന്റെ വിശേഷങ്ങളാണ് തന്നോട് വന്ന് ചോദിക്കുന്നതെന്നും അധികം സിനിമകളൊന്നും ചെയ്യാതെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം ലഭിക്കുന്നത് വലിയ കാര്യമാണെന്നും അജു പറഞ്ഞു.

'ഞാൻ പല ഷൂട്ടിംഗ് ലൊക്കേഷനുകളിലും നിൽക്കുമ്പോൾ പ്രേക്ഷകർ ധ്യാനിന്റെ വിശേഷങ്ങൾ ചോദിച്ച് വരാറുണ്ട്. അതിനുമാത്രം സിനിമകൾ ഒന്നും ചെയ്യാതെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടാൻ കഴിയുന്നു എന്നത് ഒരു ഭാഗ്യം തന്നെയാണ്. ശരിക്കും ഒരു എന്റർടൈനർ തന്നെയാണ് ധ്യാൻ. ആരെയും വേദനിപ്പിച്ച് സംസാരിക്കാറില്ല. മുഖത്തുനോക്കി വിമർശിച്ച് ചിരിപ്പിക്കുന്ന വ്യക്തി കൂടിയാണ് ധ്യാൻ', അജു വർഗീസ് പറഞ്ഞു. ധ്യാനിന്റ വളർച്ചയിൽ സന്തോഷവാനാണെന്നും അജു കൂട്ടിച്ചേർത്തു.
2018 എന്ന സിനിമയിലാണ് അജു വർഗീസ് അവസാനമായി അഭിനയിച്ചത്. കേരള ക്രൈം ഫയൽസ് എന്ന വെബ് സീരീസാണ് ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തുന്ന സീരീസിൽ പോലീസുകാരന്റെ വേഷത്തിലാണ് അജു വർഗീസ് എത്തുന്നത്.
ഹോട്ട്സ്റ്റാറിലെ ആദ്യത്തെ മലയാളം വെബ് സീരീസ് ആണ് കേരള ക്രൈം ഫയൽസ്. നടൻ ലാലാണ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. ക്രൈം ത്രില്ലറായി എത്തുന്ന സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ജൂൺ, മധുരം തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത അഹമ്മദ് കബീറാണ്.


Click it and Unblock the Notifications