മലയാള സിനിമയെ അടച്ചാക്ഷേപിക്കരുത്; 'അമ്മ'യിൽ അംഗത്വമുള്ളവരെല്ലാം അഡ്ജസ്റ്റ് ചെയ്തിട്ടല്ല വരുന്നത്
മലയാള സിനിമയെ ആഴത്തിൽ മുറിവേൽപ്പിക്കാൻ മാത്രം പ്രഹരശേഷിയുള്ള റിപ്പോർട്ടായിരുന്നു ഹേമ കമ്മിറ്റി പുറത്ത് വിട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പലതരത്തിലുള്ള വിമർശനങ്ങളും പ്രശ്നങ്ങളുമാണ് നടക്കുന്നത്. സ്ത്രീകൾ തങ്ങളുടെ നീതിക്കു വേണ്ടിയാണ് ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്നത്. പല പ്രമുഖരും അവരുടെ സ്ഥാനങ്ങളിൽ നിന്നും രാജി വെക്കുന്നു.
ബിഗ്ബോസിൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് നേരത്തെ അഖിൽ മാരാർ തുറന്നു പറഞ്ഞിരുന്നു. അതൊരു ചർച്ചാ വിഷയമായിരുന്നു. അതിലും ഭീകരാവസ്ഥയാണ് മലയാള സിനിമയിൽ കുറേ കാലമായി നടന്നു കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ട് പ്രകാരം വ്യക്തമാവുന്നത്. ഈ വിഷയത്തിൽ മൈൽസ്റ്റോൺ മെയ്ക്കേഴ്സ് ചാനലിലൂടെ അഖിൽ മാരാർ സംസാരിക്കുന്നു.

"ഇത്തരം വിഷയങ്ങൾ മലയാള സിനിമയിൽ നിലനിൽക്കുന്നുണ്ട്. അത് മുൻപ് ഞാനും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇതൊരു വ്യക്തി വിരോധമായി മാറരുത്. മലയാള സിനിമയെ അടച്ച് ആക്ഷേപിച്ചിട്ട് കാര്യമില്ല. ഇപ്പോൾ പലരും പറഞ്ഞ മറ്റൊരു കാര്യം ടോയ്ലറ്റ് സൗകര്യത്തെ കുറിച്ചാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് മുന്നേ തന്നെ ആ പ്രശ്നങ്ങൾ പരിഹരിച്ചതാണ്. ഒരു സിനിമയുടെ ലൊക്കേഷനിൽ ഏകദേശം 500 ഓളം ആളുകൾ ഉണ്ടാവാം.
പണ്ട് ആയിരുന്നെങ്കിൽ ഏകദേശം ഒന്നോ രണ്ടോ ടോയ്ലറ്റ് സൗകര്യം ആയിരിക്കാം. ഇന്ന് അതല്ല അവസ്ഥ, അതിലും കൂടുതൽ സൗകര്യം മെച്ചപ്പെടുത്തി. അതിനാൽ ഇപ്പോൾ അത്തരം പ്രശ്നങ്ങളൊന്നും സിനിമയിൽ ഇല്ല. മാത്രമല്ല ഇതെല്ലാം നേരത്തെ പരിഹരിച്ച പ്രശ്നങ്ങളാണ്. എന്ത് പ്രശ്നമാണ് പരിഹരിക്കപ്പെടേണ്ടത് എന്നറിയണമെങ്കിൽ എത്രപേർ പരാതി കൊടുത്തുവെന്ന് അറിയണം. മുഴുവൻ സ്ത്രീകൾക്കും ഇതേ പരാതിയുണ്ടോ? അല്ലെങ്കിൽ ഡബ്ലൂ.സി.സി യുടെ മാത്രം പരാതിയാണോ? അങ്ങനെ നിരവധി ചോദ്യങ്ങളുണ്ട്. ഇവിടെ ജോലി ചെയ്യുന്ന ഒരുപാട് പേരുണ്ട്.
എല്ലാവരും അഡ്ജസ്റ്റ് ചെയ്തിട്ടാണ് അമ്മയിൽ അംഗത്വം എടുക്കുന്നത് എന്ന് പറയുന്നത് ശരിയല്ല. ഇവിടെ പ്രശ്നങ്ങളില്ലെന്ന് പറയുന്നില്ല. പക്ഷേ കുറച്ച് കൂടി വ്യക്തത ആ റിപ്പോർട്ടിൽ ഉണ്ടാവേണ്ടിയിരുന്നു. ഇതിപ്പോൾ സിനിമയിൽ വർക്ക് ചെയ്യുന്ന പലർക്കും വലിയ അപമാനമാവുന്ന പ്രശ്നം വന്നിട്ടുണ്ട്. എങ്കിലും ബാധിക്കപ്പെട്ടവർക്കെല്ലാം നീതി ലഭിക്കണം. നീതി എന്നത് വലിപ്പച്ചെറുപ്പം നോക്കിയിട്ടല്ല കൊടുക്കേണ്ടത്. സിനിമയിലെ നായിക നടിക്ക് മാത്രമല്ല, ആ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കുന്ന പെൺകുട്ടിക്ക് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽ അവൾക്കും നീതി ലഭിക്കണം." അഖിൽ പറഞ്ഞു.

ഒരു മേഖലയെ കുറിച്ച് സംസാരിക്കുമ്പോൾ അതിനെ അടച്ചാക്ഷേപിക്കാതെ ആ വ്യക്തികളുടെ പേര് പറയണം. അഭിപ്രായം പറയുന്നതു കൊണ്ട് സിനിമയിൽ അവസരം നഷ്ടപ്പെടും എന്നത് തെറ്റായ കാര്യമാണ്. അങ്ങനെയെങ്കിൽ തങ്ങളുടെ അഭിപ്രായങ്ങൾ ഉച്ചത്തിൽ പറയുന്ന താരങ്ങളാണ് മാലാ പാർവതി, സജിതാ മഠത്തിൽ എന്നീ നടികൾ. അവർ ഇപ്പോഴും സിനിമകളിൽ തുടരുന്നുണ്ട്. സ്ത്രീകൾക്ക് മാത്രമല്ല നിരവധി പുരുഷൻമാർക്കും അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ട്. അതിനെ കുറിച്ച് ആരും ഒന്നും പറയാറുമില്ല.
സിനിമയിലുള്ള പ്രശ്നങ്ങളെ വ്യക്തതയോടെ പുറത്ത് പറയണമെന്നാണ് അഖിൽ മുന്നോട്ട് വെക്കുന്നത്. റിപ്പോർട്ടിൽ ഭീകരമായ പ്രശ്നങ്ങളാണ് ഉന്നയിക്കുന്നത്. പ്രത്യേകിച്ച് ടോയ്ലറ്റ് സൗകര്യങ്ങളെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. പക്ഷേ അഖിൽ മാരാർ പറയുന്നത് അത്തരത്തിലുള്ള പ്രശ്നങ്ങൾ മലയാള സിനിമാ ലൊക്കേഷനുകളിൽ നിലനിൽക്കുന്നില്ലെന്നും, എല്ലാം പരിഹരിക്കപ്പെട്ടുവെന്നുമാണ്.


Click it and Unblock the Notifications