വെറുതെ ഇരുന്ന് കോടികള്‍ വാരുകയല്ലേ? യൂട്യൂബ് വരുമാനം എത്ര? ചോദ്യങ്ങള്‍ക്ക് മാസ് മറുപടി നല്‍കി ആലീസ് ക്രിസ്റ്റി
യൂട്യൂബ് ചാനലില്‍ നിന്നുള്ള വരുമാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകളോട് പ്രതികരിച്ച് നടിയും യൂട്യുബറുമായ ആലീസ് ക്രിസ്റ്റി. തന്റെ യുട്യൂബ് വരുമാനത്തെച്ചൊല്ലി സോഷ്യല്‍ മീഡിയിയല്‍ നടക്കുന്ന ചര്‍ച്ചകളോട് പ്രതികരിക്കുകയാണ് താരം. യൂട്യൂബ് വീഡിയോയിലൂടെയാണ് ആലീസ് ക്രിസ്റ്റി പ്രതികരിക്കുന്നത്.
താന്‍ എങ്ങനെയാണ് യൂട്യൂബ് ചാനല്‍ ആരംഭിച്ചതെന്നും ആലീസ് പറയുന്നത്. തന്റെ കല്യാണത്തിന് കുറച്ച് ദിവസങ്ങള്‍ മുമ്പാണ് ചാനല്‍ തുടങ്ങുന്നത്. ആദ്യം ചെയ്ത വീഡിയോ തങ്ങളുടെ സേവ് ദ ഡേറ്റ് ആയിരുന്നു. യൂട്യൂബ് ചാനല്‍ എന്ന ആശയം തന്നോട് നിര്‍ദ്ദേശിക്കുന്നത് നടന്‍ ആനന്ദ് നാരായണന്‍ ആണെന്നും ആലീസ് പറയുന്നുണ്ട്. സഹായത്തിനായി തന്റെ ടീമിനെ അദ്ദേഹം വിട്ടു നല്‍കിയിരുന്നുവെന്നും ആലീസ് പറയുന്നു.

തുടക്കത്തിലെ ഒമ്പത് മാസം ഫുള്‍ ടീമും കൂടെ ഉണ്ടായിരുന്നു. ആഴ്ചയില്‍ രണ്ട് വീഡിയോ എന്ന നിലയില്‍ തന്നെ പോവുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് താന്‍ തന്നെ വീഡിയോ എഡിറ്റ് ചെയ്തിടാന്‍ തുടങ്ങിയെന്നാണ് ആലീസ് പറയുന്നത്. എന്നാല്‍ തിരക്കുകാരണം ആറ് മാസം മുമ്പ് എഡിറ്റ് ചെയ്യാന്‍ വേറെ ആളെ വച്ചു. ഇപ്പോള്‍ തന്റെ കൂടെ ഒരു ടീം തന്നെയുണ്ടെന്നും ആലീസ് പറയുന്നു. പിന്നാലെയാണ് താരം യൂട്യൂബ് വരുമാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകളോട് പ്രതികരിക്കുന്നത്.
ആലീസ് ക്രിസ്റ്റിയുടെ വാക്കുകള്‍:
എവിടെപ്പോയാലും എല്ലാവരും ഒരേ സ്വരത്തില്‍ ചോദിക്കുന്ന കാര്യമാണ് യൂട്യൂബ് റവന്യു എത്രയാണ് എന്നത്. യൂട്യൂബില്‍ നിന്നും കുറേ കിട്ടുന്നുണ്ടല്ലോ, നിങ്ങള്‍ക്കൊക്കെ എന്തും ആകാലോ യൂട്യൂബില്‍ നിന്നും ലക്ഷകണക്കിനല്ലേ കിട്ടുന്നത്, യൂട്യൂബില്‍ നിന്നും ലക്ഷങ്ങളും കോടികളുമാണ് കിട്ടുന്നത് എന്നൊക്കെ പറയുന്നവരുണ്ട്. അതിനൊക്കെയുള്ള മറുപടിയാണ് ഈ വീഡിയോ.
ഈയ്യിടയ്ക്ക് സംസാരിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞത് നിങ്ങള്‍ക്ക് നല്ല സുഖമല്ലേ, വെറുതെ ഡ്രസും മേക്കപ്പ് സാധനങ്ങളും കിട്ടുന്നു. അത് ഇട്ട് റിവ്യു പറഞ്ഞാല്‍ പൈസ കിട്ടുമല്ലോ, സുഖം ജീവിതം ആണല്ലോ എന്ന് പറഞ്ഞു. നിങ്ങള്‍ കാണുന്ന ഈ വീഡിയോ ഒരു വീഡിയോ ആയിട്ട് പുറത്ത് വരാന്‍ ഒരുപാട് കഷ്ടപ്പാടുണ്ട്. നമ്മുടെ സമയം, ഷൂട്ട് ചെയ്യുന്ന ക്യാമറാമാന്റേയും എഡിറ്ററുടേയും കഷ്ടപ്പാടുണ്ട്. രാപകല്‍ ഇല്ലാതെ കഷ്ടപ്പെട്ടാല്‍ മാത്രമേ വീഡിയോ നിങ്ങളുടെ മുന്നിലേക്ക് എത്തുകയുള്ളൂ.
ഏത് ജോലിയാണെങ്കിലും വെറുതെ കാശ് കിട്ടില്ല. യൂട്യൂബില്‍ വെറുതെ വീഡിയോ ചെയ്തിട്ടാല്‍ നമുക്ക് കാശ് തരാന്‍ യൂട്യൂബുകാര്‍ക്ക് വട്ടൊന്നുമില്ല. അവര്‍ ചാരിറ്റിയല്ല നടത്തുന്നത്. അവര്‍ നമ്മളെ വച്ച് കാശുണ്ടാക്കുന്നവരാണ്. ഏത് ജോലിയ്ക്കും കാശുണ്ടാക്കണമെങ്കില്‍ കഷ്ടപ്പെടണം. അതുപോലെ തന്നെയാണ് യൂട്യൂബും. നിങ്ങള്‍ വിചിരിക്കുന്നത്പോലെ വെറുതെ ഒരു വീഡിയോ ഇട്ടാല്‍ അതില്‍ നിന്നും ലക്ഷങ്ങള്‍ കുമിഞ്ഞു കൊണ്ടിരിക്കില്ല.
ഒരു വീഡിയോ വണ്‍ മില്യണ്‍ വ്യൂസ് ആകാന്‍ എന്തോരം കഷ്ടപ്പാടാണെന്ന് അറിയാമോ. എല്ലാ വീഡിയോയും 10 ലക്ഷം വ്യൂസ് വരാനോ അതില്‍ നിന്നും അമ്പതിനായിരമോ ഒരു ലക്ഷമോ രണ്ട് ലക്ഷമോ കിട്ടാന്‍ ഞാനുള്‍പ്പടെയുള്ള ആരും മമ്മൂട്ടിയും മോഹന്‍ലാലും നയന്‍താരയുമൊന്നുമല്ല. നമ്മള്‍ പത്ത് വീഡിയോ ഇട്ടാലാണ് ഒരു വീഡിയോ റീച്ചാവുക.

തുറന്ന് പറഞ്ഞാല്‍ ഞാനൊരു വീഡിയോ ഇട്ടാല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വണ്‍ മില്യണ്‍ വ്യൂസ് വന്നാല്‍ 40000 മുതല്‍ 50000 വരെയാണ് വരുമാനം കിട്ടുക. പക്ഷെ ഒരു വീഡിയോ ഒരു ദിവസം കൊണ്ട് വണ്‍ മില്യണ്‍ ആവാന്‍ ഭയങ്കര പാടാണ്. കല്യാണം കഴിഞ്ഞ സമയത്ത് വ്യൂസ് കിട്ടാന്‍ എളുപ്പമായിരുന്നു. പക്ഷെ ഇപ്പോള്‍ വല്ലപ്പോഴുമാണ് വണ്‍ മില്യണ്‍ കിട്ടുന്നത്. നല്ല കാശുണ്ടാക്കാന്‍ പറ്റും യൂട്യൂബില്‍ നിന്നും. പക്ഷെ അതിന് അതിന്റേതായ കഷ്ടപ്പാടുമുണ്ട്.
എത്രയാണ് വരുമാനം എന്ന് ചോദിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. നിങ്ങളൊരു ജോലിക്ക് പോകുമ്പോള്‍ എത്രയാണ് നിങ്ങളുടെ ശമ്പളം എന്ന് ചോദിച്ചാല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ? ഇല്ലല്ലോ. അതുപോലെ തന്നെയാണ് എനിക്കും.


Click it and Unblock the Notifications











