ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ആണെന്ന് സ്വയം കണ്ടെത്തി; സിനിമ അവസാനിപ്പിക്കുന്നു: അല്‍ഫോണ്‍സ് പുത്രന്‍
യാതൊരു പുതുമയുമില്ലാത്ത സിനിമയെന്നും പറഞ്ഞ് വന്ന് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഇളക്കി മറിച്ച ചിത്രമാണ് പ്രേമം. ആദ്യ ചിത്രമായ നേരത്തിന്റെ വിജയത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ സിനിമ. പ്രേമം നിവിന്‍ പോളിയെ താരത്തില്‍ നിന്നും സൂപ്പര്‍ താരത്തിലേക്ക് എത്തിക്കുക മാത്രമല്ല ചെയ്തത്. മേക്കിംഗിലും അവതരണത്തിലുമെല്ലാം പ്രേമം കൊണ്ടു വന്ന പുതുമ സമാനതകളില്ലാത്തതാണ്. ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയമായി മാറുക മാത്രമല്ല സിനിമാ പ്രേമികളുടെ മനസില്‍ ഒരിക്കലും മായാത്ത ഇടം നേടിയെടുക്കുകയും ചെയ്തു പ്രേമം.
പ്രേമം തീയേറ്ററിലുണ്ടാക്കിയ ഓളം ഇന്നും ആരും മറന്നു കാണില്ല. ഫിലിം മേക്കിംഗിന്റെ പുതിയ രീതിയാണ് പ്രേമത്തിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ പ്രേമത്തിലൂടെ അവതരിപ്പിച്ചത്. സായ് പല്ലവിയേയും അനുപമ പരമേശ്വരനേയും മഡോണയേയുമെല്ലാം സിനിമാ ലോകത്തേക്ക് കൊണ്ടു വരികയും ചെയ്തു. മലയാളത്തില്‍ മാത്രമല്ല, തമിഴിലും കന്നഡയിലും തെലുങ്കിലുമെല്ലാം പ്രേമം വലിയ ചര്‍ച്ചയാവുകയും പല സിനിമാ മോഹികള്‍ക്കും പ്രചോദനമായി മാറുകയും ചെയ്തു.

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സിന്റെ സിനിമയ്ക്കായി വര്‍ഷങ്ങളോളം പ്രേക്ഷകര്‍ അക്ഷരമായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ തിരിച്ചുവരവ് സിനിമയായ ഗോള്‍ഡ് പ്രതീക്ഷിച്ചത് പോലെ വിജയമായില്ല. പക്ഷെ അല്‍ഫോണ്‍സ് പുത്രന്‍ എന്ന സിനിമാക്കാരനിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും വിശ്വാസവുമൊന്നും അവസാനിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അല്‍ഫോണ്‍സിന്റെ ആരാധകരെയും സിനിമാ പ്രേമികളേയും ഒരുപോലെ വേദനിപ്പിക്കുന്നതാണ്.
താന്‍ സിനിമ ചെയ്യുന്നത് അവസാനിപ്പിക്കുയാണെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞിരിക്കുന്നത്. സിനിമ, തിയറ്റര്‍ കരിയര്‍ താന്‍ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അല്‍ഫോണ്‍സ്. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ആണെന്നും അല്‍ഫോണ്‍സ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ്. താരത്തന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയെ കടുത്ത നിരാശയിലാക്കിയിരിക്കുകയാണ്.
''എന്റെ സിനിമ തിയറ്റര്‍ കരിയര്‍ ഞാന്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ആണെന്ന് ഇന്നലെ ഞാന്‍ സ്വയം കണ്ടെത്തി. എനിക്ക് ആര്‍ക്കും ബാധ്യതയാകേണ്ട. പാട്ടുകളും വീഡിയോകളും ഷോര്‍ട്ട് ഫിലിമുകളും ചെയ്യുന്നത് തുടരും. പരമാവധി ഒടിടിയായിരിക്കും. എനിക്ക് സിനിമ ഉപേക്ഷിക്കണ്ട. പക്ഷെ എനിക്ക് മറ്റൊരു മാര്‍ഗ്ഗമില്ല. പാലിക്കാന്‍ പറ്റാത്ത വാഗ്ദാനങ്ങള്‍ നല്‍കാന്‍ വയ്യ. എന്റെ ആരോഗ്യം വളരെ ദുര്‍ബലമാണ്. അപ്രവചനീയമായ ജീവിതം ഇന്റര്‍വെല്‍ പഞ്ച് പോലൊരു ട്വിസ്റ്റ് കൊണ്ടു വരികയാണ്'' എന്നായിരുന്നു അല്‍ഫോണ്‍സിന്റെ പോസ്റ്റ്.
പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയത്. സംവിധായകനോട് സ്വയം രോഗ നിര്‍ണയം നടത്തരുതെന്നും ഡോക്ടറെ കാണണമെന്നും സിനിമ ഉപേക്ഷിക്കരുതെന്നുമൊക്കെ സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടു. താങ്കള്‍ക്ക് ശക്തമായി തന്നെ തിരികെ വരാനാകുമെന്നും സോഷ്യല്‍ മീഡിയ അല്‍ഫോണ്‍സിനോട് പറയുന്നുണ്ട്. കമന്റുകള്‍ കൂടിയതോടെ അല്‍ഫോണ്‍സ് തന്റെ പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ്. ഇതോടെ ആരാധകര്‍ കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള ആകാംഷയും ആശങ്കയുമൊക്കെ ആരാധകരിലുണ്ട്.

2013ലാണ് നേരം എന്ന ചിത്രത്തിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ അരങ്ങേറുന്നത്. കേരളത്തിലും തമിഴ് നാട്ടിലും ചിത്രം വിജയമായി മാറി. പിന്നീട് 2015 ല്‍ പ്രേമവുമായി വന്ന് തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ട്രെന്റ് സെറ്ററായി മാറാന്‍ അല്‍ഫോണ്‍സിന് സാധിച്ചു. പിന്നീടൊരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയെത്തുന്നത് ഈയ്യടുത്താണ്. ഗോള്‍ഡ് ആയിരുന്നു അല്‍ഫോണ്‍സിന്റെ ഒടുവിലിറങ്ങിയ സിനിമ. പൃഥ്വിരാജും നയന്‍താരയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയില്ല.
ഗോള്‍ഡിന്റെ പരാജയത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായി അല്‍ഫോണ്‍സ് നടത്തിയ പ്രതികരണങ്ങളും മറ്റും വിവാദങ്ങളായി മാറിയിരുന്നു. അതോടെ താന്‍ മലയാള സിനിമ ചെയ്യുന്നത് നിര്‍ത്തുകയാണെന്നും തമിഴിലായിരിക്കും ഇനി സിനിമ ചെയ്യുകയെന്നും വരെ അല്‍ഫോണ്‍സ് പറഞ്ഞിരുന്നു. ഗിഫ്റ്റ് എന്ന തമിഴ് ചിത്രമാണ് അല്‍ഫോണ്‍സിന്റെ പുതിയ സിനിമ. ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, കളര്‍ ഗ്രേഡിംഗ് എന്നിവയെല്ലാം അല്‍ഫോണ്‍സ് തന്നെയാണ്. ചിത്രം പൂര്‍ത്തിയാകാനിരിക്കെയാണ് അല്‍ഫോണ്‍സിന്റെ പ്രഖ്യാപനം.


Click it and Unblock the Notifications











