അമല പോൾ വീണ്ടും വിവാഹിതയാകുന്നു; സർപ്രൈസ് പ്രൊപ്പോസലുമായി സുഹൃത്ത്, വീഡിയോ വൈറൽ
മലയാളത്തിൽ നിന്നും മറ്റു ഭാഷകളിലേക്ക് പോയി വിജയം കൈവരിച്ച നിരവധി നടിമാരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി അമല പോൾ. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് സിനിമകളിൽ നായികയായിട്ടുള്ള അമല പോൾ ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികമാരിൽ ഒരാളാണ്. അതേസമയം കരിയറിലും ജീവിതത്തിലുമെല്ലാം ഒരുപാട് ഉയർച്ച താഴ്ചകളിലൂടെയും അമലയ്ക്ക് കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ അമല പോളിനെ കുറിച്ചുള്ള ഒരു സന്തോഷവാർത്തയാണ് പുറത്തുവരുന്നത്.
വിവാഹിതയാകാൻ ഒരുങ്ങുകയാണ് അമല പോൾ. സുഹൃത്ത് ജഗദ് ദേശായി ആണ് അമലയുടെ വരൻ. അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് ജഗദ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. അമല പോളിനെ ടാഗ് ചെയ്തുകൊണ്ടാണ് ജഗദിന്റെ പോസ്റ്റ്. 'മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു' എന്ന അടിക്കുറിപ്പോടെയാണ് ജഗദിന്റെ പോസ്റ്റ്. അമലയുടെ പിറന്നാളാണ് ഇന്ന്. അതിനാൽ പിറന്നാൾ ആശംസകളും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

വെറൈറ്റി പ്രൊപ്പോസൽ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവരും ഹോട്ടലിൽ ഭക്ഷണത്തിനിരിക്കുമ്പോൾ ഒരു കൂട്ടം ഡാൻസേഴ്സ് വന്ന് ഡാൻസ് ചെയ്യുകയും, പെട്ടന്ന് ഡാൻസേഴ്സിന്റെ അടുത്തേക്കെത്തി അവർക്കൊപ്പം ചേരുകയാണ് ജഗദ്. തുടർന്ന് ഡാൻസിനിടെ കയ്യിൽ കരുതിയ മോതിരമെടുത്ത് അമലയെ പ്രപ്പോസ് ചെയ്യുകയായിരുന്നു. അമല സന്തോഷത്തോടെ പ്രൊപ്പോസൽ സ്വീകരിക്കുന്നതും ജഗദ് അമലയ്ക്ക് മോതിരം അണിയുന്നതും അമല ജഗദിന് സ്നേഹ ചുംബനം നൽകുന്നതും വിഡിയോയിൽ കാണാം. വെഡ്ഡിങ് ബെൽസ് എന്ന ഹാഷ്ടാഗും വിഡിയോയ്ക്കൊപ്പം ചേർത്തുകൊണ്ടാണ് ജഗദിന്റെ പോസ്റ്റ്.
അമലയുടെ രണ്ടാം വിവാഹമാണിത്. 2014 ൽ സംവിധായകൻ എ.എൽ. വിജയുമായാണ് അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാൽ അധികം വൈകാതെ ഇവർക്കിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചു, മൂന്ന് വർഷങ്ങൾക്ക് ശേഷം 2017ൽ ഇവർ വിവാഹമോചിതരാവുകയും ചെയ്തു. തമിഴകത്തെയാകെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു ഇത്. വിവാഹശേഷം കരിയറുമായി മുന്നോട്ട് പോകുന്നതിനെ സംവിധായകനും കുടുംബവും പിന്തുണയ്ക്കാതിരുന്നതാണ് വിവാഹമോചനത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്.
വിവാഹ മോചനത്തിന് ശേഷം അടിമുടി മാറ്റങ്ങളുമായാണ് അമല പോൾ ആരാധകർക്ക് മുന്നിലേക്ക് എത്തിയത്. വീണ്ടും പഴയ പോലെ സിനിമകളിൽ സജീവമാവുകയും ചെയ്തു. അതിനിടെ എ.എൽ വിജയ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. 2019 ലാണ് ഡോ. ആർ ഐശ്വര്യയെ എ.എൽ വിജയ് വിവാഹം ചെയ്യുന്നത്. അധികം വൈകാതെ ഇരുവർക്കും ഒരു പെൺകുഞ്ഞും പിറന്നു.

സൗഹൃദപരമായൊരു വേർപിരിയൽ ആയിരുന്നു അമലയുടെയും വിജയുടേതും. വിവാഹമോചനത്തിന് ശേഷം അമലയോ എ.എൽ വിജയോ പരസ്പരം ആരോപണങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല. കരിയറും ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു ഇരുവരും. അതിനിടെ വിജയുടെ രണ്ടാം വിവാഹത്തിന് അമല പോൾ ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.
താരങ്ങൾ അടക്കം നിരവധിപേരാണ് അമല പോളിന് ആശംസകളുമായി എത്തുന്നത്. വിവാഹത്തിന്റെ മറ്റു വിവരങ്ങളൊന്നും ജഗദ് പോസ്റ്റിൽ പറഞ്ഞിട്ടില്ല. അതേസമയം കരിയറിലും മികച്ച ഘട്ടത്തിലൂടെയാണ് അമല കടന്നുപോകുന്നത്. ഭോല ആണ് അമലയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അമലയുടെ ഹിന്ദി അരങ്ങേറ്റമായിരുന്നു ഇത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതം, ധ്വിജ എന്നിങ്ങനെ രണ്ടു മലയാള സിനിമകളാണ് അമല പോളിന്റേതായി അണിയറയിൽ ഉള്ളത്.


Click it and Unblock the Notifications