അച്ഛന്റെ വേര്‍പാട് ഒരിക്കലും നികത്താനാകാത്ത വിടവ്; വിവാദങ്ങള്‍ക്കിടെ സുപ്രിയ പങ്കിട്ട വാക്കുകള്‍
മലയാള സിനിമയെ പിടിച്ചു കുലുക്കിയിരിക്കുകയാണ് എമ്പുരാന്‍ വിവാദം. ചിത്രം പറയുന്ന രാഷ്ട്രീയവും ഗുജറാത്ത് കലാപ രംഗങ്ങളുമാണ് വിവാദത്തിന് വഴിയൊരുക്കിയത്. ചിത്രത്തിനെതിരെ സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തുകയുണ്ടായി. പിന്നാലെ ചിത്രത്തിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റം വരുത്തുകയുണ്ടായി.
ചിത്രം വിവാദമായതോടെയാണ് മോഹന്‍ലാല്‍ മാപ്പ് പറഞ്ഞത്. മോഹന്‍ലാലിന്റെ പോസ്റ്റ് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ് പങ്കുവെക്കുകയും ചെയ്തു. മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് എമ്പുരാന്‍. അതേസമയം ചിത്രവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം മലയാള സിനിമാ ലോകത്തെ തന്നെ ഉലച്ചിരിക്കുകയാണ്.

നേരത്തെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സുപ്രിയ അര്‍ബന്‍ നക്‌സല്‍ ആണെന്നായിരുന്നു ബിജെപി നേതാവിന്റെ ആരോപണം. പൃഥ്വിയെക്കുറിച്ചുള്ള സുപ്രിയയുടെ പോസ്റ്റും വിമര്‍ശകര്‍ ആയുധമാക്കിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ സുപ്രിയ പങ്കുവച്ചൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. അച്ഛന്റെ വേര്‍പാടിനെക്കുറിച്ച് സംസാരിക്കുന്ന ഒരു കുറിപ്പാണ് സുപ്രിയ ഷെയര്‍ ചെയ്തിരിക്കുന്നത്.
''അച്ഛനെ നഷ്ടമായത് എന്റെ ജീവിതത്തിലും എന്നിലും ഒരു ശൂന്യതയുണ്ടാക്കിയിട്ടുണ്ട്. അതിന് ചുറ്റുമാണ് ഞാന്‍ വളര്‍ന്നത്. അതിന് ചുറ്റുമാണ് എന്റെ ലോകം ഉണ്ടായത്. പക്ഷെ ആ വിടവ് എപ്പോഴും അവിടെ തന്നെയുണ്ട്. അത് നികത്താനാകില്ല. ദുഃഖം എന്നത് ജീവിതവുമായും അതിന്റെ പൂര്‍ണ്ണതയുമായും പൊരുത്തപ്പെടാത്ത സ്ഥായിയാ ശൂന്യതയാണ്, പക്ഷേ നമ്മള്‍ രണ്ടും സഹിക്കണം.''എന്നായിരുന്നു സുപ്രിയ പങ്കിട്ട കുറിപ്പ്. വളരെ വളരെ സത്യം എന്നു പറഞ്ഞാണ് സുപ്രിയ കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
മൂന്ന് വര്‍ഷം മുമ്പാണ് സുപ്രിയയുടെ അച്ഛന്‍ മരണപ്പെടുന്നത്. അച്ഛന്റെ കഴിഞ്ഞ ഓര്‍മ്മ ദിവസം സുപ്രിയ പങ്കിട്ട വികാരനിര്‍ഭരമായ കുറിപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. ''നിങ്ങള്‍ പോയ ദിവസത്തിന് ഇന്നേക്ക് മൂന്ന് വര്‍ഷമായിരിക്കുന്നു ഡാഡി. നിങ്ങളെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കാത്ത ഒരു ദിവസം പോലുമില്ല. നിങ്ങളോട് സംസാരിക്കുന്നത് ഞാന്‍ മിസ് ചെയ്യുന്നുണ്ട്. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഫോണെടുത്ത് നിങ്ങളെ വിളിക്കുന്നത് ഞാന്‍ മിസ് ചെയ്യുന്നുണ്ട്. നിങ്ങളുടെ നമ്പര്‍ ഇപ്പോഴും എന്റെ സ്പീഡ് ഡയലിലുണ്ട്. എനിക്കത് ഡിലീറ്റാക്കാന്‍ സാധിക്കുന്നില്ല. നിങ്ങളെ ഞാന്‍ വല്ലാതെ മിസ് ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്.'' എന്നായിരുന്നു സുപ്രിയ കുറിച്ചത്.
ഞാന്‍ എത്തിയോ, ഭക്ഷണം കഴിച്ചോ എന്നൊക്കെ ഉറപ്പു വരുത്തുന്നത് പോലെ, നിങ്ങളൂടേതായ രീതിയില്‍ ഞങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തിയിരുന്നത്. അന്ന് ഞാന്‍ വളര്‍ന്നുവെന്ന് പറഞ്ഞ് ഞാന്‍ ദേഷ്യപ്പെടുമായിരുന്നു. പക്ഷെ ഇന്ന് നിങ്ങളുടെ ആ ഒരു ഫോണ്‍ കോളിനായി ഞാന്‍ എന്തും നല്‍കും എന്നും സുപ്രിയ കുറിപ്പില്‍ പറഞ്ഞിരുന്നു.

ചിലപ്പോഴൊക്കെ നിങ്ങളുടെ മണവും, നിങ്ങളെ തൊടുന്നതും, നിങ്ങളുടെ പരുക്കന്‍ കൈകള്‍ എന്റെ കരം പിടിക്കുന്നതുമെല്ലാം ഞാന്‍ മറക്കുമോ എന്ന് ഞാന്‍ ഭയക്കാറുണ്ടെന്നും സുപ്രിയ പറയുന്നുണ്ട്. നിങ്ങള്‍ എനിക്ക് തന്ന സ്നേഹത്തിന്റെ അടുത്തു പോലും ആര്‍ക്കും എത്താനാകില്ല. നിങ്ങളെ ഞാന്‍ എന്നും മിസ് ചെയ്യും ഡാഡി എന്നും താരപത്‌നി അന്ന് പങ്കുവച്ച കുറിപ്പില്‍ പറയുന്നുണ്ട്.
മലയാളികള്‍ക്ക് ഇന്ന് സുപരിചിതയാണ് സുപ്രിയ മേനോന്‍. പൃഥ്വിരാജിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് മാധ്യമ പ്രവര്‍ത്തകയായിരുന്നു സുപ്രിയ. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. നടനായും സംവിധായകനായുമെല്ലാം പൃഥ്വിരാജ് അരങ്ങില്‍ തകര്‍ക്കുമ്പോള്‍ നിര്‍മ്മാണ കമ്പനിയുമായി സുപ്രിയ ഒപ്പമുണ്ട്. തന്റെ ഉറച്ച കാഴ്ചപ്പാടുകളിലൂടേയും സുപ്രിയ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.


Click it and Unblock the Notifications