എന്റെ കുടുംബം എന്തിന് വേദനിക്കണം? എന്നെ പ്രകോപിപ്പിക്കാനാകില്ല! വിവാദത്തിനിടെ ചര്‍ച്ചയായി നയന്‍താര പറഞ്ഞത്
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് നയന്‍താര. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമയാകെ നിറഞ്ഞു നില്‍ക്കുന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍. ഇപ്പോഴിതാ ബോളിവുഡിലേക്കും നയന്‍താര എത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലൂടെയാണ് നയന്‍താരയുടെ ബോളിവുഡ് എന്‍ട്രി. ആറ്റ്‌ലി സംവിധാനം ചെയ്ത ജവാന്‍ ചരിത്ര വിജയമായി മാറിയിരിക്കുകയാണ്.
ജവാന്‍ വന്‍ വിജയമായെങ്കിലും നയന്‍താര ഹാപ്പിയല്ലെന്നായിരുന്നു ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. ചിത്രത്തിലെ നായികയായ തന്റെ രംഗങ്ങള്‍ വെട്ടിച്ചുരുക്കിയെന്നും അതിഥി വേഷത്തിലെത്തിയ ദീപികയുടെ രംഗങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തി ദീപികയക്ക് പ്രാധാന്യം കൂട്ടിയെന്നതും നയന്‍താരയെ കുപിതയാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താര ആറ്റ്‌ലിയോട് പിണങ്ങയെന്നും ഇനി ഉടനെയൊന്നും ബോളിവുഡിലേക്ക് ഇല്ലെന്ന് തീരുമാനിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ പ്രചരിക്കുന്ന ഈ വാര്‍ത്തകള്‍ ശരിയല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നയന്‍താര. ആറ്റ്‌ലിയ്ക്ക് നയന്‍താര കഴിഞ്ഞ ദിവസം ജന്മദിനാശംസ നേര്‍ന്നിരുന്നു. തനിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നയന്‍താര നിയമനടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഇപ്പോഴിതാ നയന്‍താരയുടെ പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
താന്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കാത്തത് എന്നാണ് വീഡിയോയില്‍ നയന്‍താര പറയുന്നത്. ഏഷ്യാനെറ്റ് നല്‍കിയൊരു അഭിമുഖത്തിലാണ് താരം തുറന്നടിക്കുന്നത്.
''എന്റെ കുടുംബത്തിന് വേദനിക്കില്ലേ? ഞാന്‍ എന്ത് ചെയ്തിട്ടാണ് എന്റെ കുടുംബം വേദനിക്കുന്നത്? ഞാന്‍ ചെയ്യുന്നത് എന്റെ ജോലിയാണ്. എന്റെ സംവിധായകര്‍ എന്താണോ പറയുന്നത് അതാണ് ഞാന്‍ ചെയ്യുന്നത്. അതിനെപ്പറ്റി തെറ്റ് പറയാനാകില്ല. നിങ്ങളെന്താണ് ഗ്ലാമറസ് റോളുകള്‍ ചെയ്യുന്നു, എന്തുകൊണ്ട് ഹോംലി ആയിട്ടുള്ളത് ചെയ്യുന്നില്ല എന്നൊക്കെ ചോദിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ കാണുക, ഇഷ്ടമല്ലില്ലെങ്കില്‍ കാണണ്ട. എന്നെ ഇഷ്ടപ്പെടുന്ന എത്രയോ പേരുണ്ട്.'' നയന്‍താര പറയുന്നു.
''വിമര്‍ശിക്കാം. പക്ഷെ കൃത്യമായിരിക്കണം. അഭിനയിച്ചത് ശരിയായില്ല, ഈ കഥാപാത്രം ഇങ്ങനെ ചെയ്തത് ശരിയായില്ല എന്നൊക്കെ പറയാം. അല്ലാതെ അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊക്കെ പറയാന്‍ ആര്‍ക്കും അവകാശമില്ല. അതുകൊണ്ട് തന്നെയാണ് ഞാന്‍ അഭിമുഖങ്ങള്‍ കൊടുക്കാത്തതും എന്നെക്കുറിച്ച് എന്തെങ്കിലും വിവാദം വന്നാല്‍ പ്രതികരിക്കാത്തതും. വ്യക്തത കൊടുക്കണം എന്ന് എനിക്ക് തോന്നും, അപ്പോള്‍ മാത്രമാണ് ഞാന്‍ സംസാരിക്കുക. അല്ലെങ്കില്‍ ഞാന്‍ മിണ്ടത്തേയില്ല'' എന്നും നയന്‍താര പറയുന്നു.

ഞാന്‍ അഭിമുഖം നല്‍കാറില്ലെന്ന് പറഞ്ഞ് കുറേ പത്രങ്ങള്‍ അവരുടെ ഇഷ്ടത്തിന് എഴുതുകയും എന്നെ പ്രൊവോക്ക് ചെയ്യുകയും ചെയ്യുന്നുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ എഴുതുമ്പോള്‍ നമ്മള്‍ പ്രൊവോക്ക്ഡ് ആകുമല്ലോ. പക്ഷെ ഞാന്‍ പ്രെവോക്ക്ഡ് ആകില്ല. അതെത്ര എഴുതിയാലും ശരി. എനിക്ക് എന്ന് സംസാരിക്കണമെന്ന് തോന്നുമോ അന്നേ ഞാന്‍ സംസാരിക്കുകയുള്ളൂ. എയര്‍പോര്‍ട്ടിലൊക്കെ കാണുമ്പോള്‍ എത്രയോ പേരാണ് ഭര്‍ത്താവ് വന്നില്ലേ എന്ന് ചോദിക്കുന്നത്. അവര്‍ അതൊക്കെ വായിച്ച് വിശ്വസിച്ചിരിക്കുവാണെന്നും നയന്‍താര പറയുന്നു.
അതേസമയം ചരിത്ര വിജയമായി മാറിയിരിക്കുകയാണ് ജവാന്‍. ചിത്രം ഇതിനോടകം തന്നെ 900 കോടി കടന്നിട്ടുണ്ട്. അധികം വൈകാതെ തന്നെ 1000 കോടിയിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇരൈവന്‍ ആണ് നയന്‍താരയുടെ പുതിയ സിനിമ. മലയാളത്തില്‍ ഗോള്‍ഡ് ആണ് നയന്‍താരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications