81 വയസിലും ജോലി ചെയ്യുന്നത് എന്തിനാണ്? ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി അമിതാഭ് ബച്ചൻ
ബോളിവുഡിന്റെ ബിഗ് ബി ഇന്നും ഏറെ തിരക്കുള്ള താരമാണ്. പ്രായം എത്രയെന്നത് അമിതാഭ് ബച്ചൻ സ്ക്രീനിൽ എത്തുമ്പോൾ ഏതൊരു പ്രേക്ഷകനും മറന്നു പോകും. അതായത് ബച്ചൻ എന്നത് വികാരമാണ്, ആ ശക്തിയാണ് ഇന്നും ആരാധകർക്ക് അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും. ഒരുകാലത്ത് ബോളിവുഡിനെ അടക്കിവാണിരുന്ന അമിതാഭ് ബച്ചൻ അന്നത്തെ സിനിമാ പ്രേമികൾക്ക് ആവേശമായിരുന്നു. ഇന്ന് ബച്ചനോട് പക്ഷേ ആരാധകർ ചോദിക്കുന്നത് താങ്കൾ ഈ പ്രായത്തിൽ അഭിനയിക്കുന്നത് എന്തിനാണെന്നാണ്.
1969ൽ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയതാണ് ബച്ചൻ. ആദ്യ സിനിമയിലൂടെ മികച്ച പുതുമുഖ നടനുള്ള ദേശീയ പുരസ്കാരവുമായാണ് അദ്ദേഹം സിനിമാ മേഖലയിൽ ചുവടു വെക്കുന്നത്. അതിനു ശേഷം എത്രയെത്ര സിനിമകൾ ചെയ്തു. എല്ലാം ഇന്നും പ്രേക്ഷകർക്ക് ഫേവറൈറ്റ് ചിത്രങ്ങളാണ്. പലതും കൾട്ട് ക്ലാസിക്ക് ലെവൽ ചിത്രങ്ങൾ. ഷോലെ, അഗ്നിപത്, ചുപ്കേ ചുപ്കേ, ദോ അഞ്ചാനെ, അമർ അക്ബർ ആന്റണി തുടങ്ങിയ ചിത്രങ്ങളെല്ലാം വമ്പൻ ഹിറ്റായിരുന്നു.

ഇപ്പോൾ 81ാം വയസിൽ എന്തിനാണ് ബച്ചൻ അഭിനയിക്കുന്നതെന്നാണ് ആളുകൾക്ക് ആകാംഷ. സാമ്പത്തിക ഭദ്രതക്കു വേണ്ടി അദ്ദേഹത്തിനു സിനിമ ചെയ്യേണ്ട ആവശ്യമില്ല. അതിനാൽ തീർച്ചയായും സിനിമയോടുള്ള അടങ്ങാത്ത പ്രണയമാവും അദ്ദേഹത്തെ ഇന്നും അഭിനയത്തിൽ സജീവമായി തുടരാൻ സഹായിക്കുന്നത്. സിനിമ പോലെ തന്നെ അദ്ദേഹം കൂടുതൽ പ്രേക്ഷകർക്കിടയിലേക്ക് എത്തിയത് 2000ൽ സംപ്രേഷണം തുടങ്ങിയ 'കോൻ ബനേഗ ക്രോർപതി' എന്ന ഷോ ആണ്.
അമിതാഭ് ബച്ചൻ ഹോസ്റ്റ് ചെയ്ത ഈ ഷോ 16 സീസണുകൾ സംപ്രേഷണം ചെയ്തു. ഇപ്പോഴും ഷോ നടക്കുന്നുണ്ട്. ഒരു സീസൺ ഒഴികെ ബാക്കി എല്ലാ സീസണിലും ബച്ചൻ തന്നെയാണ് എത്തിയത്. അതിനിടെ 2009ൽ ബിഗ് ബോസ് സീസൺ 3 യിലും ബിഗ് ബി ഹോസ്റ്റ് ചെയ്യാൻ എത്തിയിരുന്നു. കോൻ ബനേഗാ ക്രോർപതി എന്ന ഷോ ചെയ്യുന്നതിനിടെ താൻ ഇപ്പോഴും ജോലി ചെയ്യുന്നതിൻ്റെ കാരണം ഒരാള്‍ ബച്ചനോട് ചോദിച്ചിരുന്നുവെന്ന് ഈയിടെ തന്റെ ബ്ലോഗിലൂടെ പങ്കു വെച്ചിരുന്നു.
"സെറ്റിൽ അവർ എന്നോട് ചോദിക്കുന്നു .. ഞാൻ ഇപ്പോഴും ജോലി ചെയ്യാനുള്ള കാരണം .. ഇതിന് എനിക്ക് ഉത്തരമില്ല , എനിക്ക് വീണ്ടും ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നു. അല്ലാതെ മറ്റെന്താണ് കാരണം . അവസരങ്ങളുടെയും സാഹചര്യങ്ങളുടെയും വിലയിരുത്തലിലൂടെ മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ വേറെ ഉത്തരം കിട്ടിയേക്കും, ആ ഉത്തരങ്ങളും ചില സമയം ഞാന്‍ ഇഷ്ടപ്പെടുന്നു.. ഞാന്‍ എന്‍റെ വഴി നടക്കുന്നു അവസരം കണ്ടെത്തുന്നു.

നിങ്ങൾ പറഞ്ഞത് ശരിയായിരിക്കാം.. ചിലപ്പോൾ അല്ലായിരിക്കാം.. നിങ്ങളുടെ നിഗമനങ്ങളിൽ എത്തിച്ചേരാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്, എനിക്ക് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ട്" അമിതാഭ് ബച്ചൻ തൻ്റെ ബ്ലോഗിൽ കുറിച്ചു. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ ഷോ ആണ് കോൻ ബനേഗ ക്രോർപതി. ഹിന്ദിയിൽ വന്നതിനു ശേഷം ഇന്ത്യയിലെ പ്രമുഖ ഭാഷകളിലെല്ലാം ഈ ഷോ വിവിധ പേരുകളിൽ സംപ്രേഷണം ചെയ്യാൻ തുടങ്ങി.
ക്യാമറക്കു മുന്നിൽ അമിതാഭ് ബച്ചൻ എന്ന ലെജന്റിനെ കാണുമ്പോൾ രോമാഞ്ചവും ആവേശവും ഉണ്ടാവും. അതിനാൽ ഈ 81 വയസിലും ആരോഗ്യത്തോടെ ജോലി ചെയ്യുന്നത് തികച്ചും വ്യക്തിപരമാണ്. കൽകിയിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച അമിതാഭ് ബച്ചൻ ആദ്യ തമിഴ് ചിത്രമായ വേട്ടയ്യനിലൂടെ വീണ്ടും അത്ഭുതപ്പെടുത്താൻ ഒരുങ്ങുന്നു. ബോളിവുഡിൽ മാത്രമല്ല ഏത് ഭാഷയിലും തനിക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനാവുമെന്ന് വീണ്ടും തെളിയിക്കുന്നു.


Click it and Unblock the Notifications