ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ
മലയാളികള്‍ക്ക് സുപരിചിതയാണ് അനന്യ. മലയാളത്തില്‍ മാത്രമല്ല തമിഴിലടക്കം കയ്യടി നേടാന്‍ അനന്യയ്ക്ക് സാധിച്ചിട്ടുണ്ട്. ശിക്കാര്‍ മുതല്‍ അനന്യ തന്റെ മികവ് തെളിയിച്ച സിനിമകള്‍ നിരവധിയാണ്. നായികയായി മാത്രമല്ല സഹനടിയായും അനന്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതേസമയം ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അനന്യ.
പൃഥ്വിരാജ് നായകനായ ഭ്രമം എന്ന ചിത്രത്തിലൂടെയായിരുന്നു അനന്യയുടെ തിരിച്ചുവരവ്. പിന്നാലെ വന്ന അപ്പനിലെ പ്രകടനവും കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ഇടവേളയെക്കുറിച്ചും അതിന് കാരണമായി മാറിയ തെറ്റായ പ്രചരണത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അനന്യ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

2017 ല്‍ ടിയാന്‍ ചെയ്തതിന് ശേഷമാണ് രണ്ടു മൂന്നു വര്‍ഷത്തെ ഗ്യാപ് വരുന്നത്. അതിന് ശേഷം 20-21 ലാണ് മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ചിത്രമായ ഭ്രമം ചെയ്യുന്നത്. അതുകൊണ്ട് സിനിമയിലേ ഉണ്ടായിരുന്നില്ല എന്നര്‍ത്ഥമില്ല. അന്യഭാഷ ചിത്രങ്ങള്‍ പലതും ചെയ്തിരുന്നുവെന്നാണ് അനന്യ പറയുന്നത്.
ഞാന്‍ കേരളത്തിലല്ല പുറത്തെവിടെയോ ആണു താമസം, സിനിമയില്‍ അഭിനയിക്കുന്നില്ല എന്നിങ്ങനെയുള്ള സംസാരങ്ങള്‍ മലയാള സിനിമയില്‍ തെറ്റായി പരന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണെന്ന് തോന്നുന്നു സിനിമാ അവസരങ്ങളൊന്നും ഇടയ്ക്ക് വന്നില്ലെന്നാണ് അനന്യ പറയുന്നത്. തന്നെ കാസ്റ്റ് ചെയ്യണം എന്ന് ആഗ്രഹിച്ചവര്‍ പോലും താന്‍ പടങ്ങള്‍ ചെയ്യുന്നില്ല എന്ന ധാരണയില്‍ തന്നിലേക്ക് എത്താതെ പോയെന്നും താരം പറയുന്നു.
തേടിയെത്തിയവരുടെ കഥകള്‍ ഞാന്‍ കേട്ടിരുന്നെങ്കിലും നല്ല പ്ലോട്ടോ തിരക്കഥയോ അല്ലാത്തതിനാല്‍ ചെയ്തുമില്ലെന്നും അനന്യ പറയുന്നു. ഭ്രമത്തിന്റെ ഹിന്ദി പതിപ്പ് അന്ധാധുന്‍ ഹിറ്റ് ആണെന്നതിനാലാണ് ഭ്രമം ചെയ്യാന്‍ തീരുമാനിക്കുന്നതെന്നും അനന്യ പറയുന്നു. രവി കെ ചന്ദ്രനാണ് സംവിധായകന്‍, നായകന്‍ പൃഥ്വിരാജ് അതിനാല് വേണ്ടെന്ന് വെക്കേണ്ട കാര്യമില്ലായിരുന്നുവെന്നും താരം പറയുന്നു.
ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച പോലീസുകാരന്റെ ഭാര്യയുടെ വേഷമായിരുന്നു അനന്യയുടേത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ണി മുകുന്ദനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അനന്യ സംസാരിക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ ആദ്യ സിനിമ സീദനില്‍ ഞാനായിരുന്നു നായിക. പതിനൊന്ന് വര്‍ഷത്തിന് ശേഷം ഉണ്ണിയുടെ അഭിനയിക്കാനായി എന്നതും ഭ്രമത്തിന്റെ പ്രത്യേകതയായിരുന്നുവെന്നാണ് അനന്യ പറയുന്നത്.

ചെറിയ റോളായിരുന്നുവെങ്കിലും ഭ്രമത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം മലയാളത്തില്‍ കുറച്ച് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുവെന്നും അനന്യ തുറന്നു പറയുന്നുണ്ട്. ഒരേ പോലുള്ള കഥാപാത്രങ്ങള്‍ തുടരെ തുടരെ വന്നുവെന്നും എന്നാല്‍ അപ്പന് ശേഷം അതില്‍ മാറ്റം വന്നുവെന്നും അനന്യ പറയുന്നു. ചിത്രത്തിന്റെ ഔട്ട്‌ലൈന്‍ കേട്ടതും താല്‍പര്യം തോന്നിയെന്നാണ് അനന്യ പറയുന്നത്. പുതിയ കാലത്തിന് യോജിച്ച, പുതിയ തരം മേക്കിങ്ങില്‍ ഒരുങ്ങിയ സിനിമയായിരുന്നു അപ്പനെന്നും താരം പറയുന്നു.
അനന്യയുടെ അടുത്ത മലയാള സിനിമ തേര്‍ഡ് മര്‍ഡര്‍ ആണ്. മലയാളത്തിലും തമിഴിലുമായി അനന്യയുടെ സിനിമയില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്തു നോക്കണമെന്ന ആഗ്രഹമുണ്ടെന്നും അനന്യ പറയുന്നു. ചെറിയ റോള്‍ ആണെങ്കിലും എന്തെങ്കിലും പ്രത്യേകത വേണമെന്നും അനന്യ പറയുന്നു. താനിപ്പോള്‍ സെലക്ടീവാണെന്നും നായിക വേഷമല്ല നല്ല കഥാപാത്രങ്ങളെയാണ് കാത്തിരിക്കുന്നതെന്നും അനന്യ പറയുന്നു.


Click it and Unblock the Notifications











