പൃഥ്വിരാജ് ദേഷ്യപ്പെട്ടു, എനിക്ക് പേടിയായി; ജയസൂര്യ കാരണം കരഞ്ഞിട്ടുണ്ടെന്നും അനന്യ! തുറന്നു പറച്ചില്‍
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനന്യ. ബാലതാരമായിട്ടാണ് അനന്യ സിനിമയിലെത്തുന്നത്. പിന്നീട് നായികയായി മാറുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും അനന്യ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തില്‍ നിന്നും ഒരു ഇടവേളയെടുത്ത അനന്യ ഈയ്യടുത്താണ് തിരികെ വന്നത്. ഭ്രമം എന്ന ചിത്രത്തിലൂടെയായിരുന്നു അനന്യയുടെ തിരിച്ചു വരവ്. പിന്നാലെ അഭിനയിച്ച അപ്പനിലെ പ്രകടനവും കയ്യടി നേടി.
ഇപ്പോഴിതാ പൃഥ്വിരാജിനെക്കുറിച്ചും ജയസൂര്യയെക്കുറിച്ചുമൊക്കെ രസകരമായ കഥകള്‍ പങ്കുവെക്കുകയാണ് അനന്യ. പൃഥ്വിരാജ് തന്നോട് ദേഷ്യപ്പെട്ട സംഭവത്തെക്കുറിച്ചും ജയസൂര്യ കാരണം കരയേണ്ടി വന്ന സംഭവത്തെക്കുറിച്ചുമൊക്കെയാണ് അനന്യ പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

''ടിയാന്‍ ചെയ്യുന്ന സമയത്താണ്. ഹൈദരാബാദാണ് ഷൂട്ട്. ഇന്ദ്രേട്ടനുമുണ്ട് രാജുവുമുണ്ട്. ഇവര്‍ രണ്ടു പേരുടേയും കൂടെ എനിക്ക് സീനുകളുണ്ട്. ഞാന്‍ എന്ത് കേട്ടാലും ചിരിക്കുന്നയാളാണ്. വളരെ സീരിയസായിട്ടുള്ള ഒരു സീനാണ്. ക്ലൈമാക്‌സോ ടെയില്‍ എന്‍ഡോ ആണെന്ന് തോന്നുന്നു. ഞങ്ങള്‍ എന്തോ തമാശ പറഞ്ഞത് മനസില്‍ കിടക്കുന്നുണ്ടായിരുന്നു. ഡയലോഗ് പറയുമ്പോള്‍ എനിക്ക് ചിരി വന്നു. ചിരി നിയന്ത്രിക്കാനായില്ല''.
ഒന്ന് രണ്ട് തവണ ആള്‍ക്കും ചിരി വന്നു. പിന്നെ എന്നോട് പറഞ്ഞു, നിങ്ങള്‍ അഭിനയിക്കുന്നത് അവരുടെ കൂടെയാണ്. അഭിനയിക്കുന്നത് ശരിയായില്ലെങ്കില്‍ നിങ്ങള്‍ക്കല്ലേ മോശം എന്ന്. ഒരു കുന്നിന്റെ മുകളിലായിരുന്നു ഷൂട്ട്. നല്ല വെയിലുമുണ്ട്. അപ്പോള്‍ എവിടെ നിന്നോ ഒരു കോഴിയുടെ കൂവലമുണ്ടായി. എനിക്ക് ചിരി വന്നു, ഞാന്‍ ചിരിച്ചു പോയെന്നാണ് അനന്യ പറയുന്നത്.
രാജു വളരെ സീരിയസായിട്ടാണ് പറഞ്ഞത്. ഞാന്‍ പേടിച്ചു പോയി. രാജു എന്നോട് അങ്ങനെ ഒരിക്കലും സംസാരിച്ചിട്ടില്ല. അത്രയും പ്രധാനപ്പെട്ട സീന്‍ ആയതു കൊണ്ടാണ് എന്നോട് അങ്ങനെ പറഞ്ഞതെന്നും താരം പറയുന്നു. പിന്നാലെ ജയസൂര്യയുമായി അഭിനയിച്ചപ്പോഴുള്ള ഓര്‍മ്മകളും അനന്യ പങ്കുവെക്കുന്നു. ജയസൂര്യ നായകനായ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് അനന്യ നായികയായി മാറുന്നത്.
ഞാന്‍ കുറച്ച് ചബ്ബിയായിരുന്നു. അനിയനും അങ്ങനെയാണ്. പോസിറ്റീവ് ചെയ്യുന്ന സമയത്ത് നായികയായി അഭിനയിക്കണം എന്നുണ്ടെങ്കില്‍ വണ്ണം നിയന്ത്രിച്ച് നിര്‍ത്തണമെന്ന് ജയന്‍ ചേട്ടന്‍ പറഞ്ഞു. ജയന്‍ ചേട്ടന്‍ കഥാപാത്രത്തിന് അനുസരിച്ച് വണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ആളാണല്ലോ. എനിക്ക് ചോറും കറികളുമൊക്കെയാണ് ഇഷ്ടം. ഞാന്‍ അത്യാവശ്യം നന്നായി തന്നെ കഴിക്കുമായിരുന്നുവെന്നും അനന്യ പറയുന്നു.

ഒരു ദിവസം ലൊക്കേഷനില്‍ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ജയന്‍ ചേട്ടന്‍ പറഞ്ഞു അവള്‍ക്ക് രണ്ട് ചപ്പാത്തി കൊടുത്താല്‍ മതിയെന്ന്. എനിക്ക് കരച്ചില്‍ വന്നു. ചപ്പാത്തി എനിക്ക് അന്നും ഇന്നും ഇഷ്ടമില്ലാത്തതാണ്. ഞാന്‍ കരച്ചില്‍ തുടങ്ങി. ശരിക്കും കരഞ്ഞു. മോള്‍ വിഷമിക്കണ്ട മോള് എടുത്ത് വെക്കാമെന്ന് മമ്മി പറഞ്ഞു. ജയന്‍ ചേട്ടന്‍ എന്റെ ഭാവിയെ കരുതി പറഞ്ഞതാണ്. പക്ഷെ എനിക്ക് വിഷമമായെന്നാണ് താരം പറയുന്നത്.
തേര്‍ഡ് മര്‍ഡര്‍ ആണ് അനന്യയുടെ പുതിയ സിനിമ. പിന്നാലെ ഡീസല്‍ എന്ന ചിത്രത്തിലും അനന്യ അഭിനയിക്കുന്നുണ്ട്. അപ്പനിലൂടെ ശക്തമായ തിരിച്ചുവരവും മേക്കോവറുമായിരുന്നു അനന്യ നടത്തിയത്. താരത്തിന്റെ പുതിയ കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











