അച്ഛന്‍ കരഞ്ഞു, നിന്റെ സീന്‍ വരല്ലേ എന്നായിരുന്നു പ്രാര്‍ത്ഥന! അനു മിണ്ടുന്നില്ല, എന്തോ പറ്റിയെന്ന് അമ്മ
ബാലതാരമായി സിനിമയിലെത്തി ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികയായി മാറിയ നടിയാണ് അനശ്വര രാജന്‍. അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെയാണ് അനശ്വര രാജന്‍ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളത്തിലെ ജനപ്രീയ നായികയാകുന്നത്. പോയവര്‍ഷം പുറത്തിറങ്ങിയ നേരം, ഈ വര്‍ഷം ആദ്യം ഇറങ്ങിയ ഓസ്ലര്‍ എന്നീ ചിത്രങ്ങളിലൂടെ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമെപ്പം അഭിനയിക്കാനും അനശ്വരയ്ക്ക് സാധിച്ചു.
ഇരു ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. അനശ്വരയുടെ പ്രകടനങ്ങളും കയ്യടി നേടി. നേരിലെ അനശ്വരയുടെ പ്രകടനം കരിയര്‍ ബെസ്റ്റാണെന്നായിരുന്നു പ്രേക്ഷകര്‍ വിലയിരുത്തിയത്. ഇപ്പോഴിതാ നേരിന്റെ ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അനശ്വര. സഹോദരി ഐശ്വര്യയ്‌ക്കൊപ്പം ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനശ്വര മനസ് തുറന്നത്.

ഓസ്ലറിന്റെ ലൊക്കേഷനില്‍ നിന്നാണ് നേരിന്റെ ലൊക്കേഷനിലേക്ക് പോകുന്നത്. ഓസ്ലറില്‍ പൊട്ടുതൊട്ട്, കണ്ണെഴുതി, പൂവ് ചൂടി എണ്‍പതുകളിലെ കഥാപാത്രമായിരുന്നു. നേരില്‍ മേക്കപ്പില്ല, ഹെയര്‍സ്റ്റൈലിങ്ങില്ല. ചിരിക്കുന്ന ഒരു സീന്‍ പോലുമില്ല. ഒരാള്‍ എന്നെ ഉപദ്രവിക്കുകയാണെന്നും ഞാനൊരു റേപ്പ് വിക്ടിമാണെന്നും മനസിലുറപ്പിച്ചു. സിദ്ദിക്കയുമായുശള്ള കോമ്പിനേഷന്‍ സീനുകള്‍ക്ക് ഒരുപാട് അഭിനന്ദനം കിട്ടിയിരുന്നുവെന്നാണ് അനശ്വര പറയുന്നത്.
ആ സീനില്‍ ഞാന്‍ കരയുന്നത് ഗ്ലിസറിന്‍ ഉപയോഗിക്കാതെയാണ്. സാധാരണ എല്ലാ സെറ്റിലും ഞാന്‍ നല്ല ആക്ടീവാണ്. പക്ഷെ നേരിന്റെ ലൊക്കേഷനില്‍ ആരോടും അധികം സംസാരിച്ചിട്ടില്ലെന്നും അനശ്വര പറയുന്നു. എവിടെയെങ്കിലും പാളപ്പോയാലോ എന്ന ടെന്‍ഷനുണ്ടായിരുന്നുവെന്നാണ് അനശ്വര പറയുന്നത്. പിന്നാലെ സഹോദരി ഐശ്വര്യ നേരിന്റെ ലൊക്കേഷനില്‍ നിന്നും അമ്മ വിളിച്ച് പറയുന്നതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്.
നേരിന്റെ ലൊക്കേഷനില്‍ നിന്നും അമ്മ എന്നും വിളിച്ച് അനു മിണ്ടുന്നില്ല, അവള്‍ക്കെന്തോ പറ്റി എന്ന് സങ്കടം പറയുമെന്നാണ് ഐശ്വര്യ പറയുന്നത്. അങ്ങനെ ഓണത്തിന് താന്‍ കൂട്ടുകാരേയും കൊണ്ട് ഇവളെ കാണാന്‍ സെറ്റില്‍ പോയി. ഞങ്ങളെ കണ്ടിട്ടും അവള്‍ ഓക്കെയായില്ലെന്നാണ് ഐശ്വര്യ പറയുന്നത്. നേര് കണ്ട അച്ഛന്റെ അനുഭവവും അനശ്വര പങ്കുവെക്കുന്നുണ്ട്.
മോഹന്‍ലാല്‍-ജീത്തു ജോസഫ് സിനിമയായതു കൊണ്ടാണ് നേര് തിരഞ്ഞെടുത്തത്. അച്ഛന്‍ കടുത്ത ലാലേട്ടന്‍ ഫാനാണ്. സൂപ്പര്‍ ശരണ്യയും തണ്ണീര്‍ മത്തന്‍ ദിനങ്ങളുമെല്ലാം കണ്ടെങ്കിലും കൊള്ളാമെന്നു മാത്രമേ പറഞ്ഞുള്ളൂ. പക്ഷെ നേര് കണ്ട് അച്ഛന്‍ കരഞ്ഞു. നിന്റെ സീന്‍ വരല്ലേ എന്നായിരുന്നു പ്രാര്‍ത്ഥനയെന്ന് പറഞ്ഞു. അച്ഛനെ ഏറ്റവും ഇമോഷണലാക്കിയ സിനിമ നേരായിരിക്കുമെന്നും അനശ്വര പറയുന്നുണ്ട്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് നേര്. മോഹന്‍ലാലും അനശ്വരയുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറുകയും ചെയ്തിരുന്നു.
അതേസമയം ഗുരുവായൂര്‍ അമ്പലനടയില്‍ ആണ് അനശ്വരയുടെ പുതിയ സിനിമ. പെരുങ്കളിയാട്ടം, മലയാളി ഫ്രം ഇന്ത്യ, എന്റെ സ്വന്തം പുണ്യാളന്‍ എന്നീ സിനിമകളും റിലീസിനൊരുങ്ങുന്നുണ്ട്. ഇതിന് പുറമെ ഒരു തമിഴ് ചിത്രവും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. അഭിനയത്തിന് പുറമെ ബിഎസ്ഡബ്ല്യു പഠിത്തവും അനശ്വര മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാണുന്ന നടിയാണ് അനശ്വര.


Click it and Unblock the Notifications