'ശരീരം എക്സ്പോസ് ചെയ്ത് കാണിക്കുന്നത് നല്ല സ്വഭാവമല്ല, നിങ്ങളെ വെറുത്തു പോവുകയാണ്'; അനുപമയോട് ആരാധകർ!
പ്രേമത്തിലെ മേരിയായി വന്ന് തെന്നിന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് അനുപമ പരമേശ്വരൻ. തുടക്കം മലയാളത്തിലൂടെ ആണെങ്കിലും തെലുങ്കിലാണ് അനുപമ ഇപ്പോൾ തിളങ്ങി നിൽക്കുന്നത്. തെലുങ്കിലെ യുവനായികമാരിൽ പ്രധാനിയാണ് അനുപമ. തുടരെ സിനിമകൾ ചെയ്യുന്ന കൂട്ടത്തിലല്ല താരം. വളരെ സെലക്ടീവായാണ് അനുപമ സിനിമകൾ തിരഞ്ഞെടുക്കുന്നത്. മലയാളത്തിനും തെലുങ്കിനും പുറമെ തമിഴ്, കന്നഡ ഭാഷകളിലും അനുപമ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
സോഷ്യൽമീഡിയയിലും വളരെ സജീവമാണ് അനുപമ. തന്റെ വിശേഷങ്ങളും ഒപ്പം പുത്തൻ ചിത്രങ്ങളുമെല്ലാം അനുപമ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്ന തെന്നിന്ത്യൻ നായികമാരിൽ ഒരാൾ കൂടിയാണ് അനുപമ. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളൊക്കെ അതിവേഗം വൈറലായി മാറാറുണ്ട്.

തെലുങ്കിലെ ശ്രദ്ധേയ താരമായി നിൽക്കുമ്പോഴും അതീവ ഗ്ലാമറസ് വേഷങ്ങളിലൊന്നും അനുപമ അഭിനയിക്കാറില്ല. ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളുടെ കാര്യത്തിലാണെങ്കിൽ പോലും താരം അക്കാര്യം ശ്രദ്ധിക്കാറുണ്ട്. അതുകാരണം കൊണ്ട് അനുപമയെ ഇഷ്ടപ്പെടുന്ന നിരവധി ആരാധകരുണ്ട്. എന്നാൽ അനുപമയുടെ പുതിയ പോസ്റ്റ് ആ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പങ്കുവച്ച അനുപമയുടെ പുതിയ സെൽഫികളാണ് ഒരു കൂട്ടം ആരാധകരെ നിരാശരാക്കിയിരിക്കുന്നത്.
ചിത്രങ്ങളിൽ അൽപം ക്‌ളീവേജ് കാണാം എന്നതാണ് ഇവരുടെ പ്രശ്‌നം. എന്തിനാണ് ഇതുപോലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് എന്നാണ് ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റുകൾ. 'എന്തിനാണ് ഇങ്ങനെ എക്സ്പോസ് ചെയ്യുന്നത്. എല്ലാം എക്സ്പോസ് ചെയ്ത് കാണിക്കുന്നതല്ല നല്ല സ്വഭാവം, മറ്റുള്ളവരോട് എളിമയോടെയും ദയയോടും പെരുമാറുന്നതാണ് നല്ല സ്വഭാവം. ഇത് വളരെ മോശമാണ്. നിങ്ങൾ ആരാധകരെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവർ ആഗ്രഹിക്കുന്നത് പോലെ വസ്ത്രം ചെയ്യൂ, ഇങ്ങനെ കാണിക്കല്ലേ', എന്നായിരുന്നു ഒരാളുടെ കമന്റ്.
'പതിയെ വെറുത്ത് പോവുകയാണ്. നിങ്ങളെ ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്നില്ല, ബോളിവുഡിന്റെ എഫക്റ്റ് തെന്നിന്ത്യൻ സിനിമകളിലും കണ്ടുതുടങ്ങി, ഇതുപോലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ ഞങ്ങൾ ആരാധകർക്കാണ് വേദനിക്കുന്നത്, നിങ്ങൾ മാറി പോയി. ഞങ്ങൾക്ക് പഴയ അനുപമയെയാണ് വേണ്ടത്, നിങ്ങളോടുള്ള ബഹുമാനം പോകുന്നു' എന്നിങ്ങനെയുള്ള കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്.
അടുത്തിടെ താൻ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ടില്ലു സ്വകയറിന്റെ പോസ്റ്റർ പങ്കുവച്ചപ്പോഴും അനുപമയ്‌ക്ക് ഇത്തരം കമന്റുകൾ നേരിടേണ്ടി വന്നിരുന്നു. നായകനൊപ്പമുള്ള ഒരു ഇന്റിമേറ്റ് രംഗമായിരുന്നു പോസ്റ്ററിൽ. ഇതാണ് ഒരുകൂട്ടം ആരാധകരെ അസ്വസ്ഥരാക്കിയത്. അനുപമ ഇത്തരം സിനിമകൾ ചെയ്യുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞു കൊണ്ടുള്ള കമന്റുകൾ ആയിരുന്നു ഏറെയും. അതേസമയം തെലുങ്ക് ആരാധകരുടേതാണ് കൂടുതൽ കമന്റുകളും.

പ്രേമത്തിന് ശേഷം ജോ മോന്റെ സുവിശേഷം, മണിയറയിലെ അശോകന്‍, കുറുപ്പ് തുടങ്ങിയ സിനിമകളാണ് അനുപമ മലയാളത്തിൽ ചെയ്തത്. ഈ ചിത്രങ്ങളിലെല്ലാം പൊതുവെ ചെറിയ വേഷങ്ങളിലാണ് അനുപമ എത്തിയത്. അടുത്തിടെ ഒരു തെലുങ്ക് സിനിമയുടെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയപ്പോൾ മലയാളത്തിൽ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നും നല്ല തിരക്കഥകൾക്കായി കാത്തിരിക്കുകയാണെന്നും അനുപമ വ്യക്തമാക്കിയിരുന്നു.
അതേസമയം തെലുങ്കിലും തമിഴിലുമൊക്കെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് അനുപമ. ബട്ടര്‍ഫ്‌ളൈ, 18 പേജസ് തുടങ്ങിയ സിനിമകളാണ് അനുപമയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. തെലുങ്കിൽ ഈഗിൾ എന്നൊരു സിനിമയും തമിഴിൽ സൈറൺ എന്നൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ സുരേഷ് ഗോപി നായകനാകുന്ന ജെഎസ്കെ എന്ന സിനിമയാണ് അനുപമയുടേതായി അണിയറയിൽ ഉള്ളത്. മലയാളത്തിലേക്കുള്ള അനുപമയുടെ ഗംഭീര തിരിച്ചുവരവാകും ഇതെന്നാണ് ആരാധകരുടെ പ്രതീക്ഷ.


Click it and Unblock the Notifications