ലാലേട്ടന്‍ എനിക്ക് മാത്രമായി ചോക്ലേറ്റ് തരും, അത് കണ്ട് മറ്റുള്ളവര്‍ക്ക് അസൂയായി; അഞ്ജു പറയുന്നു
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഞ്ജു. ബാലതാരമായി സിനിമിയിലെത്തിയ അഞ്ജു പിന്നീട് നായികയായി മാറുകയായിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള നടിയാണ് അഞ്ജു. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അഞ്ജു കുറച്ച് നാളുകളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
ഇപ്പോഴിതാ മോഹന്‍ലാലിനോടുള്ള തന്റെ ബഹുമാനത്തെക്കുറിച്ചും അദ്ദേഹത്തിനൊപ്പം മിന്നാരം എന്ന സിനിമയില്‍ അഭിനയിച്ച ഓര്‍മ്മകളുമൊക്കെ പങ്കുവെക്കുകയാണ് അഞ്ജു. അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു അഞ്ജു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഒരുപാട് ഒരുപാട് ഓര്‍മ്മകളുണ്ട്. ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഞാന്‍ ഭയങ്കര ഫ്രീയായിരിക്കും. അവര്‍ എനിക്കൊരു അധ്യാപകനെ പോലെയാണ്. മിന്നാരം സിനിമ ചെയ്യുമ്പോള്‍ എനിക്ക് എന്റെ കഥാപാത്രം എന്താണെന്ന് ആദ്യം അറിയില്ല. ലാലേട്ടനുണ്ട് പ്രിയന്‍ സാറുണ്ട് എന്താണെങ്കിലും ഞാന്‍ ചെയ്യുന്നു എന്നാണ് പറഞ്ഞത്. അവിടെ ചെന്ന ശേഷമാണ് അറിയുന്നത് ലാലേട്ടന്റെ പെയര്‍ ആണെന്നാണ്. എനിക്കത് സര്‍പ്രൈസായിരുന്നുവെന്നാണ് അഞ്ജു പറയുന്നത്.
ഷൂട്ടിംഗ് ഊട്ടിലായിരുന്നു. ഒരു സീനില്‍ സാധനങ്ങളൊക്കെ എടുത്ത് വച്ചു കൊണ്ട് ഡയലോഗ് പറയുന്നുണ്ടായിരുന്നു. എനിക്ക് ഡയലോഗ് പറയുമ്പോള്‍ സാധനങ്ങള്‍ എടുത്ത് വെക്കാനാകില്ല, സാധനങ്ങള്‍ ശരിയായി എടുത്ത് വെക്കുമ്പോള്‍ ഡയലോഗ് ശരിയാകില്ല. എനിക്ക് ഭയങ്കര ടെന്‍ഷനായി. ആ സമയത്ത് ലാലേട്ടന്റെ എന്റെയടുത്ത് വന്ന് സംസാരിച്ചുവെന്നാണ് അഞ്ജു ഓര്‍ക്കുന്നത്.

നിനക്കെന്താണ് പറ്റിയത്? നീ ഇത്രയും സീനിയറായ നടിയല്ലേ. നീ വേണ്ടേ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍? എന്ന് ചോദിച്ചു. ഇങ്ങനെ ടെന്‍ഷന്‍ ആകണ്ട. ഫ്രീയാകൂ, നീ വീട്ടില്‍ എങ്ങനെയാണോ അതു പോലെ ചെയ്യെന്ന് പറഞ്ഞു. ക്യാമറാ കോണ്‍ഷ്യസ് ആകണ്ടെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ക്യാമറയല്ല പ്രശ്‌നം നിങ്ങളെ കണ്ടപ്പോഴാണ് കോണ്‍ഷ്യസായിപ്പോയതെന്ന് ഞാന്‍ പറഞ്ഞുവെന്നും അഞ്ജു പറയുന്നു.
ഞാന്‍ നിന്നെ ചെറുപ്പത്തില്‍ തൊട്ട് കാണുന്നതല്ലേ എന്ന് അദ്ദേഹം പറഞ്ഞു. ആ സംസാരത്തിന് ശേഷം ഞാന്‍ ഫ്രീയായെന്നും പിന്നെ ശരിയായി ചെയ്തുവെന്നും താരം പറയുന്നുണ്ട്. മോഹന്‍ലാല്‍ തനിക്ക് സ്ഥിരമായി ചോക്ലേറ്റ് തന്നിരുന്നതും അഞ്ജു ഓര്‍ക്കുന്നുണ്ട്. എന്നും രാവിലെ ഞാന്‍ മേക്കപ്പിനായി ഇരിക്കുമ്പോള്‍ കുറേ ചോക്ലേറ്റുകള്‍ എന്റെ മടിയില്‍ ഇട്ടിട്ട് പോകും. ലാലേട്ടാ ഇതെന്താ ഞാന്‍ ഡയറ്റിലാണെന്ന് പറയും. ഓ എന്ത് ഡയറ്റ് കഴിക്കെടി എന്ന് പറയുമായിരുന്നുവെന്നാണ് അഞ്ജു ഓര്‍ക്കുന്നത്.

എന്റെ കോ ആര്‍ട്ടിസ്റ്റുകളൊക്കെ അസൂയപ്പെടും. എന്താണ് നിനക്ക് മാത്രം ചോക്ലേറ്റ് എന്ന് ചോദിക്കും. ആ സിനിമയിലാണെങ്കില്‍ കുറേ കുട്ടികളും ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും പങ്കിട്ടാണ് ആ ചോക്ലേറ്റുകള്‍ കഴിച്ചിരുന്നതെന്നും അഞ്ജു പറയുന്നു. പ്രിയദര്‍ശന്റെ സിനിമയുടെ സെറ്റിലെ ഓര്‍മ്മകളും അഞ്ജു പറയുന്നുണ്ട്. ആറ് മണി വരെയായിരുന്നു ഷൂട്ടുണ്ടായിരുന്നത്. അതിന് ശേഷം ഞങ്ങള്‍ തന്നെ ഫുഡൊക്കെയുണ്ടാകും. എല്ലാവരും പ്രിയദര്‍ശന്‍ സാറിന്റെ റൂമിലായിരിക്കും. രാവിലെ ആറ് മുതല്‍ ഷൂട്ടാണെങ്കില്‍ വൈകിട്ട് ആറ് മുതല്‍ എല്ലാവരും ചില്ലാണെന്നാണ് അഞ്ജു പറയുന്നത്.

ഓര്‍മ്മയ്ക്കായി എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ അഞ്ജു അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി ഹിറ്റുകളുടെ ഭാഗമായി മാറുകയായിരുന്നു അഞ്ജു. മലയാളത്തിന് പുറമെ തമിഴിലും സജീവമായിരുന്നു അഞ്ജു. തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും മാറി നിന്ന അഞ്ജു പിന്നീട് ടെലിവിഷനിലൂടെ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുകയായിരുന്നു. ഇപ്പോള്‍ സീ തമിഴില്‍ വിദ്യ നമ്പര്‍ 1 എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.


Click it and Unblock the Notifications