അക്കാര്യത്തില്‍ ഞാനും ദീപികയും തുല്യദു:ഖിതര്‍; മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ട്?
മലയാള സിനിമയിലെ മിന്നും താരമാണ് അന്ന ബെന്‍. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ അന്ന ബെന്നിന് സാധിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല ഇപ്പോഴിതാ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യം അറിയിക്കുകയാണ് അന്ന ബെന്‍. ഈയ്യടുത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രം കല്‍ക്കിയിലടക്കം കയ്യടി നേടാന്‍ അന്ന ബെന്നിന് സാധിച്ചിട്ടുണ്ട്.
അമിതാഭ് ബച്ചന്‍, പ്രഭാസ്, ദീപിക പദുക്കോണ്‍,ശോഭന, പശുപതി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന ചിത്രമായിരുന്നു കല്‍ക്കി. ചിത്രത്തിലെ അന്ന ബെന്നിന്റെ പ്രകടനവും കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ കല്‍ക്കിയിലെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അന്ന ബെന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

''ഞാനും ദീപിക മാഡവും കുറച്ച് ദിവസങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു എങ്കിലും ഞങ്ങള്‍ രണ്ടു പേരും ഉള്ള സീനുകള്‍ കുറവായിരുന്നു. മലയാളിയാണെന്ന് കേട്ടപ്പോള്‍ വലിയ സ്നേഹമായിരുന്നു അവര്‍ക്ക്. മലയാള സിനിമ അഴര്‍ കാണാറുണ്ട്. സെറ്റില്‍ വച്ച് അവര്‍ എന്നോട് പറഞ്ഞു. കുമ്പളങ്ങി നൈറ്റ്സ് അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. പക്ഷെ രണ്‍വീര്‍ സിങ് കാണുകയും അവരോട് സിനിമയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു.
വളരെ പ്രൊഫഷണല്‍ ആണ്. കൃത്യസമയത്ത് വരിക, ഷൂട്ടിങ് കഴിഞ്ഞ് കൃത്യസമയത്ത് തിരിച്ചു പോവുക. അതാണ് രീതി. പിന്നെ അവര്‍ക്ക് എന്നോടുള്ള പ്രത്യേക താല്‍പര്യം എന്തായിരുന്നുവെന്ന് ചോദിച്ചാല്‍ ഭാഷയുടെ കാര്യത്തില്‍ ഞങ്ങള്‍ തുല്യദുഖിതര്‍ ആയിരുന്നു. എനിക്കും തെലുങ്ക് അറിയില്ല. അവര്‍ക്കും അറിയില്ല'' അന്ന പറയുന്നു.
ശോഭനയ്‌ക്കൊപ്പമുള്ള അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. കല്‍ക്കിയില്‍ തങ്ങള്‍ ഒരുമിച്ചുള്ള സീനുകള്‍ ഉണ്ടായിരുന്നുവെങ്കിലും സിനിമയിലേക്ക് എത്തിയപ്പോള്‍ അത് കട്ട് ചെയ്തുവെന്നാണ് അന്ന സങ്കടത്തോടെ പറയുന്നത്.
''കുട്ടിക്കാലം മുതലേ ഞാനൊരു ശോഭന ഫാന്‍ ആണ്. മണിച്ചിത്രത്താഴും മിന്നാരവുമൊക്കെ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. മുന്‍പ് ഒരു പ്രാവശ്യം സംസാരിച്ചിട്ടുണ്ട്. അന്നു ഞാന്‍ പറഞ്ഞു. ഞാന്‍ മാഡത്തിന്റെ ആരാധികയാണ്. എനിക്ക് ഒരു സീനില്‍ എങ്കിലും ഒപ്പം അഭിനയിക്കണം എന്ന് മോഹമുണ്ട്. കപ്പേളയില്‍ അഭിനയിച്ച കുട്ടിയല്ലേ താന്‍. അതിനെന്താ അവസരം വരട്ടെ. നമുക്ക് ഒരുമിച്ച് അഭിനയിക്കാമല്ലോ എന്നും പറഞ്ഞിരുന്നു.

കല്‍ക്കിയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ ഞാനിക്കാര്യം ഓര്‍മ്മിപ്പിച്ചു. ഞങ്ങള്‍ രണ്ടു പേരും ഉള്ള മൂന്നുനാല് സീനുകള്‍ എടുത്തിട്ടുണ്ടായിരുന്നു. പക്ഷെ അതൊന്നും സിനിമയില്‍ വന്നില്ല. ഇനി മലയാളത്തില്‍ ഒരു സിനിമയില്‍ എങ്കിലും ഒന്നിച്ച് അഭിനയിക്കാന്‍ കഴിയണേ എന്ന് പ്രാര്‍ത്ഥിക്കുന്നു'' എന്നാണ് അന്ന പറയുന്നത്.
അതേസമയം, മലയാളത്തില്‍ അന്ന ബെന്നിന്റേതായൊരു സിനിമയിറങ്ങിയിട്ട് കുറച്ച് നാളുകളായി. ''ഒരു വര്‍ഷം മുമ്പ് ത്രിശങ്കു എന്ന സിനിമയിലാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. നല്ലൊരു മലയാള സിനിമയ്ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്'' എന്നാണ് അന്ന ബെന്‍ പറയുന്നത്.


Click it and Unblock the Notifications











