'13-ാം വയസ്സിൽ അമ്മ പോയി! ആ സമയത്ത് കൂടെ നിന്നതും കാര്യങ്ങൾ പഠിപ്പിച്ചതും ഏട്ടന്റെ അമ്മ'; ആനി പറയുന്നു
മലയാള സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന നായികമാരില്‍ ഒരാളാണ് ആനി. മഴയെത്തും മുന്‍പെ പോലുളള സിനിമകളിലൂടെയാണ് ആനി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് മൂന്ന് വർഷത്തിനിടെ പത്തിലധികം സിനിമകളിൽ ആനി അഭിനയിച്ചു. എന്നാൽ 1996ല്‍ സംവിധായകന്‍ ഷാജികൈലാസുമായുളള പ്രണയ വിവാഹത്തോടെ സിനിമ വിടുകയായിരുന്നു താരം.
വിവാഹം കഴിഞ്ഞ ആനിയെ പിന്നീട് പ്രേക്ഷകർ കണ്ടത് ടെലിവിഷൻ പരിപാടികളിലാണ്. ആനീസ് കിച്ചൺ എന്ന കുക്കറി ഷോയുമായെത്തി ശ്രദ്ധ നേടുകയായിരുന്നു താരം. ആനീസ് കിച്ചണ് പുറമെ വേറെയും നിരവധി ടെലിവിഷൻ പരിപാടികളുടെ ഭാഗമാകാൻ ആനിക്ക് കഴിഞ്ഞു. റിയാലിറ്റി ഷോകളിൽ ജഡ്ജായും മെന്ററായുമെല്ലാം ആനി എത്തുകയുണ്ടായി. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആനീസ് കിച്ചണുമായി എത്തുകയാണ് ആനി. അതിന്റെ ഭാഗമായി അടുത്തിടെ സൂപ്പർ അമ്മയും മകളും ഷോയിലും ആനി എത്തിയിരുന്നു.

ഷോയിൽ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളൊക്കെ ആനി പങ്കുവെച്ചിരുന്നു. ഒപ്പം തന്റെ അമ്മയെയും അമ്മായി അമ്മയെ കുറിച്ചും നടി വാചാലയായി. ആ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്. പതിമൂന്നാം വയസ്സിൽ സ്വന്തം അമ്മയെ നഷ്‌ടമായ ആളാണ് ആനി. ഒരു ദിവസം ഒരു നേരമെങ്കിലും അമ്മയെ കുറിച്ച് താൻ ഓർക്കാറുണ്ടെന്ന് ആനി പറയുന്നു.
അമ്മയില്ലാത്ത വേദന അറിയാതെ വേണം നമ്മുടെ മക്കൾ വളരാൻ അവർക്ക് അതിനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്നും അമ്മ എന്ന വാക്കിനു ഒരായിരം അർഥങ്ങൾ ഉണ്ട്, അതിനു പകരം വയ്ക്കാൻ ഒന്നുമില്ലെന്നും ആനി പറയുന്നു. 2023 ലെ ഏറ്റവും വലിയ സങ്കടം അമ്മായി അമ്മയുടെ വേർപാട് ആയിരുന്നുവെന്നും അമ്മയും മകളും ഷോയിൽ ആനി പറഞ്ഞു.
എന്റെ അനീസ് കിച്ചണിന്റെ ഏറ്റവും വലിയ ആരാധിക അമ്മ ആയിരുന്നു. ഇന്ന് അമ്മയില്ല. എനിക്ക് ഒരു സുഹൃത്ത് ആയിരുന്നു, എനിക്ക് വേണ്ടുന്നത് എല്ലാം പറഞ്ഞുതരുമായിരുന്നു അമ്മ. ആ വേർപാട് വലിയ നഷ്ടം തന്നെയാണ്. അമ്മ എന്ന് പറയുന്ന രണ്ടക്ഷരം ഞാൻ എന്റെ ജീവിതത്തിൽ ഒരുപാട് മിസ് ചെയ്തിട്ടുണ്ട്. എനിക്ക് പതിമൂന്നുവയസ്സുള്ളപ്പോഴാണ് അമ്മയുടെ മരണം. അമ്മയുടെ ഒപ്പമുള്ള നല്ല നിമിഷങ്ങൾ ഒന്നും തന്നെ ഇല്ല.

എന്റെ അമ്മയെ പോയി കെട്ടിപിടിക്കാനോ ഉമ്മ വയ്ക്കാനോ, സംസാരിക്കാനോ, സോറി പറയാനോ ഒന്നും സാധിച്ചിട്ടില്ല. അതൊക്കെ ഒരുപാട് മിസ് ചെയ്തിട്ടുണ്ട്. ഇനിയും അത് സാധിക്കില്ല എന്ന് അറിയാം. പക്ഷേ ഞാൻ എപ്പോഴും ദൈവത്തോട് പ്രാർത്ഥിക്കും എല്ലാ അമ്മമാരും മക്കളും തമ്മിൽ പരസ്പരം നല്ലൊരു ബന്ധം ഉണ്ടായിരിക്കണമെന്ന്, നമ്മുടെ അവസാന ശ്വാസം വരെ അമ്മ നമ്മുടെ കൂടെ വേണ്ടതാണെന്നും താരം പറയുന്നു.
അമ്മയില്ലാതെയുള്ള എന്റെ ജീവിതത്തിൽ ആ വിടവ് നികത്താൻ ആർക്കും സാധിച്ചിട്ടില്ല. അമ്മയുടെ വേർപാട് അറിഞ്ഞിട്ടുള്ള എല്ലാവർക്കും ആ വേദന മനസിലാകും. എന്റെ അമ്മയോട് ഒരുപാട് സംസാരിക്കണം എന്നൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. അത് നടന്നിട്ടില്ല. ഞാൻ ഒരു നല്ല അമ്മയായി നിൽക്കുന്നത് കാണാൻ എന്റെ അമ്മയും ആഗ്രഹിച്ചിട്ടുണ്ട്. എനിക്ക് അറിയാം. എന്റെ വിഷമം കുറച്ചെങ്കിലും മാറുന്നത് ഏട്ടന്റെ അമ്മയെ കിട്ടിയപ്പോഴാണ്.
എന്റെ മൂന്നു പിളേളരുടെ പ്രസവത്തിനും എന്റെ കൂടെ എല്ലാ കാര്യത്തിനും അമ്മയാണ് നിന്നത്. അമ്മ എന്ന വാക്ക് ആര് പറഞ്ഞാലും അത് ഇമോഷണലി ഫീൽ ആകും. അമ്മയെ കാണാനും സംസാരിക്കാനും ഒക്കെ എനിക്ക് മിസ് ചെയ്യുന്നുണ്ട്. ഒരിക്കലും ഒരു കുഞ്ഞും ആ വേദന അറിയരുത് എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ആനി പറയുന്നു.


Click it and Unblock the Notifications











