മേക്കപ്പ് ഇടാറില്ലേ മോളേ എന്ന് ചോദിച്ചത് ആളുകള്‍ വേറെ രീതിയില്‍ എടുത്തു; കോട്ടയം സ്ലാങ് കള്ളമെന്നും പറയും!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആനി. വളരെ ചുരുങ്ങിയ കാലത്തിനുള്ള, കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ തന്നിലെ പ്രതിഭയെ അടയാളപ്പെടുത്താനും ഒരിക്കലും മറക്കാനാകാത്ത ഒരിടവും നേടിയെടുക്കാന്‍ ആനിയ്ക്ക് സാധിച്ചിരുന്നു. സംവിധായകന്‍ ഷാജി കൈലാസാണ് ആനിയുടെ ഭര്‍ത്താവ്. വിവാഹ ശേഷം സിനിമയോട് വിട പറഞ്ഞ ആനി പക്ഷെ മിനി സ്‌ക്രീനില്‍ നിറ സാന്നിധ്യമായി മാറുകയായിരുന്നു.
ആനീസ് കിച്ചണ്‍ അടക്കമുള്ള പരിപാടികളിലൂടെ ആനി ടെലിവിഷനില്‍ കയ്യടി നേടിയിട്ടുണ്ട്. അതേസമയം ആനീസ് കിച്ചണിലെ ചില എപ്പിസോഡുകള്‍ വിമര്‍ശനങ്ങള്‍ക്കും ഇടയായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത ട്രോളുകളും വിമര്‍ശനങ്ങളും ആനിയ്ക്ക് നേരിടേണ്ടി വന്നിരുന്നു. നടി നിമിഷ സജയന്‍ മേക്കപ്പ് ഇടാറില്ലെന്ന് പറഞ്ഞതിനോടുള്ള ആനിയുടെ പ്രതികരണം ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് ആനി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആനി മനസ് തുറന്നത്.

''ആനീസ് കിച്ചണിന്റെ എപ്പിസോഡുകള്‍ക്കെതിരെ ട്രോളുകള്‍ വരുന്നത് ആദ്യമൊക്കെ ബാധിച്ചിരുന്നു. അതിലെ എന്റെ ചോദ്യങ്ങളൊന്നും മോശം ഉദ്ദേശത്തോടു കൂടിയുള്ളതല്ല. ഒരു ആര്‍ട്ടിസ്റ്റിനോട് മേക്കപ്പ് ഇടാറില്ലേ മോളേ എന്ന് ചോദിച്ചത് എല്ലാവരും എടുത്തത് വേറെ രീതിയിലാണ്. ആ കുട്ടി പുതുമുഖമായിരുന്നു. മേക്കപ്പില്ലാതെ അഭിനയിക്കുക എന്ന് പറഞ്ഞാല്‍ ഭയങ്കര വ്യത്യസ്തതയാണ്. അത്രയും ഡെഡിക്കേഷന്‍ ഉള്ളതു കൊണ്ടാണല്ല അങ്ങനെ ചെയ്യുന്നത്. ആ ആത്മാര്‍ത്ഥയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പക്ഷെ ആളുകള്‍ തെറ്റായി വ്യാഖ്യാനിച്ചു. പിന്നെ ഞാന്‍ ഓര്‍ത്തു അങ്ങനെ നെഗറ്റീവ് പറയുന്നവര്‍ക്ക് അതാണ് സന്തോഷമെങ്കില്‍ അവര്‍ പറയട്ടെ എന്ന്. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കില്‍ എനിക്ക് എന്തിനാണ് സങ്കടം. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ സജീവമല്ല. മൊബൈലില്‍ ഏറ്റവും കൂടുതല്‍ കാണുന്നത് കുക്കറി ചാനലുകളാണ്.'' എന്നാണ് ആനി പറയുന്നത്.
അതേസമയം തന്റെ കോട്ടയം സ്ലാങ്ങിന്റെ പേരിലും ആനി സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ നേരിട്ടിണ്ട്. ഇതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. 'അതെനിക്കുമറിയാന്മേല. കാരണം എന്നാന്നുവച്ചാ അപ്പായും അമ്മായും കോട്ടയംകാരാ. പക്ഷെ ഈ പറഞ്ഞതു പോലെ തനി കോട്ടയം കാരിയാന്നോന്ന് ചോദിച്ചാ പറയാനൊക്കുകേല' എന്നാണ് തനത് ശൈലിയില്‍ ആനി പറയുന്നത്.

താന്‍ ജനിച്ചതും വളര്‍ന്നതും തിരുവനന്തപുരത്താണെങ്കിലും വീട്ടില്‍ കോട്ടയം ഭാഷ കേട്ടാണ് വളര്‍ന്നതെന്നാണ് ആനി പറയുന്നത്. ഞാന്‍ മനപ്പൂര്‍വ്വം അച്ചായന്‍ ഭാഷ പറയുന്നു എന്നൊക്കെയാണ് ആരോപണം. ഒണ്ടാക്കിപ്പറയുവാ എന്നൊക്കെ പറയും. ആളുകള്‍ കുറ്റപ്പെടുത്തുമെന്നു കരുതി സ്വന്തം സംസാരരീതി മാറ്റാനൊക്കുമോ? എന്നും താരം ചോദിക്കുന്നുണ്ട്. താന്‍ അഭിനയിച്ചിരുന്ന കാലത്തെ അനുഭവങ്ങളും സെറ്റിലെ രീതികളും ആനി പങ്കുവെക്കുന്നുണ്ട്.
അന്നത്തെ ബന്ധങ്ങള്‍ കുറച്ചുകൂടി ദൃഢമാണെന്ന് തോന്നിയിട്ടുണ്ടെന്നാണ് ആനി പറയുന്നത്. ലളിതച്ചേച്ചി എപ്പോഴും വിളിക്കുമായിരുന്നു. സുകുമാരിയമ്മയും ശരിക്കും എന്റെ അമ്മയായിരുന്നു. അവര്‍ ഏട്ടന്റെ കസിന്‍ കൂടിയായിരുന്നുവെന്നും താരം പറയുന്നു. എന്റെ മൂന്ന് മക്കളേയും സുകുമാരിയമ്മ സ്വന്തം പേരക്കുട്ടികളെപ്പോലെ സ്‌നേഹിച്ചു. സെറ്റുകളിലായാലും ജീവിതത്തിലായാലും ഞാന്‍ ഭയങ്കര ബഹളക്കാരിയാണ്. എല്ലാവരോടും ഓടി നടന്ന് വര്‍ത്തമാനം പറയുന്ന ആളായിരുന്നുവെന്നും ആനി പറയുന്നുണ്ട്.


Click it and Unblock the Notifications











