ഫഹദ് മാപ്പ് അർഹിക്കുന്നില്ല, അയാള്‍ക്ക് എല്ലാം ഒറ്റക്ക് തിന്നണം എന്ന ചിന്ത; തുറന്നടിച്ച് അനൂപ് ചന്ദ്രന്‍
കഴിഞ്ഞ ദിവസമായിരുന്നു താരസംഘടനയായ അമ്മയുടെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ എതിരാളികളില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവിന്റെ പിന്‍ഗാമിയായ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് നടന്‍ സിദ്ധീഖാണ്. അതേസമയം തിരഞ്ഞെടുപ്പ് വിവാദങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമെല്ലാം വഴിയൊരുക്കുകയും ചെയ്തിരുന്നു.
ഇതിനിടെ ഇപ്പോഴിതാ നടന്‍ ഫഹദ് ഫാസിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അനൂപ് ചന്ദ്രന്‍. യോഗത്തില്‍ പങ്കെടുക്കാതെ സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയതിനാണ് അനൂപ് ചന്ദ്രന്‍ ഫഹദിനെ വിമര്‍ശിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ ഒരാളായിരുന്നു അനൂപ് ചന്ദ്രന്‍. വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

യുവാക്കളുടെ ഭാഗത്ത് നിന്നും കൂടുതല്‍ സജീവമായ പങ്കാളത്തമുണ്ടാകേണ്ടതുണ്ട്. ഫഹദ് ഫാസിലിന്റേയൊക്കെ നിലപാടില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് അനൂപ് ചന്ദ്രന്‍ പറയുന്നത്. അയാള്‍ കോടിക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന വ്യക്തിയാണ്. അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ അയാളും ഭാര്യയും എറണാകുളത്തുണ്ട്. മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ രണ്ടുപേരും പങ്കെടുത്തിരുന്നു. എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ലെന്നാണ് അനൂപ് ചന്ദ്രന്‍ പറയുന്നത്. എനിക്ക് കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയല്ലേ അതിന് കാരണം എന്നും അദ്ദേഹം ചോദിക്കുന്നു.
ഒരുമിച്ച് നടന്ന് പോകുന്നവര്‍,കാലിടറി വീഴുമ്പോള്‍ അവരെ ചേര്‍ത്ത് നിര്‍ത്താന്‍ വേണ്ടിയാണ് അമ്മ ഉണ്ടാക്കിയത്. അതുപോലൊരു സംഘടനയുടെ യോഗത്തിന് വന്നാല്‍ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞ് പോകുന്നത് എന്ന് തുറന്നടിക്കുന്നുണ്ട് അനൂപ് ചന്ദ്രന്‍. ചെറുപ്പക്കാര്‍ പൊതുവെ സെല്‍ഫിഷായി പോകുകയാണ്. അതില്‍ എനിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ് എന്നും അദ്ദേഹം പറയുന്നു.
ഇത്രയും ശമ്പളം മേടിക്കുന്ന, അമ്മ അംഗമായ ഒരാള്‍ അതിന്റെ ഒരു ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്. എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം യോഗത്തിലേക്ക് വരാതിരുന്നത് ഒരു തരത്തിലും മാപ്പ് അര്‍ഹിക്കാത്ത തെറ്റാണെന്നും അനൂപ് ചന്ദ്രന്‍ പറയുന്നു.
അമ്മയിലെ തിരഞ്ഞെടുപ്പിലുണ്ടായ ആശയക്കുഴപ്പത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. നമ്മുടേത് ഒരു ചാരിറ്റി സംഘടനയുടെ ബൈലോയാണ്. ആ ബൈലോക്ക് അകത്ത് ഭരണസമിതിയില്‍ 4 വനിതാ പ്രതിനിധികള്‍ വേണമെന്ന് കൃത്യമായി പറയുന്നുണ്ട്. രണ്ട് സ്ത്രീകള്‍ പ്രധാനപ്പെട്ട ഭാരവാഹി പദവികളിലേക്കും മൂന്ന് പേര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും മത്സരിച്ചിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കുക്കു പരമേശ്വരനോ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മഞ്ജു പിള്ളയോ വിജയിച്ചിരുന്നുവെങ്കില്‍ എക്‌സിക്യൂട്ടീവില്‍ രണ്ട് വനിതകള്‍ മാത്രം മതിയാകുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

നിര്‍ഭാഗ്യവശാല്‍ കുക്കു പരമേശ്വരനും മഞ്ജു പിള്ളയും തോറ്റു പോയി. അപ്പോള്‍ സ്വാഭാവികമായും എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് മത്സരിച്ച മൂന്ന് സ്ത്രീകളും ഓട്ടോമാറ്റിക്കലി തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞുവെന്നാണ് താരം പറയുന്നത്. ഇതാണ് നമ്മുടെ ബൈലോ. അത് മനസ്സിലാക്കിയിട്ട് വേണമായിരുന്നു മത്സരിക്കാന്‍. വരണാധികാരിയ നിന്ന ആ 'കിഴങ്ങന്‍ വക്കീല്‍' ഒറ്റ ഒരുത്തനാണ് ആ പ്രശ്‌നം ഉണ്ടാക്കിയതെന്നും അനൂപ് ചന്ദ്രന്‍ പറയുന്നു.
പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞ് മുഴുവന്‍ ആളുകളേയും വിളിച്ച് സംവരണവുമായി ബന്ധപ്പെട്ട കാര്യം സംസാരിച്ചു. അതായത് നാല് സ്ത്രീകളില്‍ എല്ലാവരും വിജയിച്ചാല്‍ കമ്മിറ്റിയിലേക്ക് വരുമെന്ന്. പക്ഷെ ആദ്യത്തെ രണ്ടുപേര്‍ പരാജയപ്പെട്ടു. ആ സാഹചര്യത്തില്‍ എക്‌സിക്യൂട്ടീവിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ ഫലം മാറ്റി നിര്‍ത്തി പുരുഷന്മാരുടെ ഫലം മാത്രം പുറത്ത് വിട്ടാല്‍ മതിയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.


Click it and Unblock the Notifications











