മുപ്പത് കഴിഞ്ഞപ്പോഴും വിവാഹത്തെക്കുറിച്ച് ചിന്ത ഉണ്ടായിരുന്നില്ല; ഷേമ എന്റെ ഏറ്റവും നല്ല സുഹൃത്ത്: അനൂപ് മേനോൻ
മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് അനൂപ് മേനോന്‍. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, ഗാനരചയിതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട് അദ്ദേഹം. ടെവിഷനിലൂടെയാണ് അനൂപ് മേനോന്റെ തുടക്കം. അവതാരകനായും സീരിയല്‍ താരമായും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ശേഷമാണ് സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. വളരെ പെട്ടെന്ന് തന്നെ സിനിമയിലും സ്വന്തമായൊരു ഇടം കണ്ടെത്താൻ അനൂപിന് സാധിച്ചു.
പഠനത്തിൽ മികവ് പുലർത്തിയിരുന്ന അനൂപ് മേനോൻ നിയമ ബിരുദം പൂർത്തിയാക്കിയ ശേഷം അഭിഭാഷക ജോലി വേണ്ടെന്ന് വെച്ചാണ് സിനിമ തിരഞ്ഞെടുക്കുന്നത്. പഠനസമയത്തും സിനിമ എന്ന മാജിക്കിനോട് തന്നെ ആയിരുന്നു തനിക്ക് ഭ്രമമെന്ന് അനൂപ് പറയുന്നു. എൽഎൽബി റാങ്കോടെ പാസായിട്ടും സിനിമയ്ക്ക് പിന്നാലെ പോയതിന് ഏറെക്കാലം കുടുംബക്കാരുടെ ചീത്തവിളി കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും നടൻ പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ സംസാരിക്കുകയായിരുന്നു അനൂപ് മേനോൻ.

നിയമപഠനം കഴിഞ്ഞ് അതൊരു പ്രൊഫഷനാക്കാൻ തീരുമാനിച്ചിരുന്നില്ല. ഒരു ബാക്കപ് പ്ലാനായിരുന്നെന്ന് വേണമെങ്കിൽ പറയാം. അച്ഛനും അമ്മയും ഒഴികെയുള്ള ബന്ധുക്കൾ ഒരുപാട് ചീത്ത വിളിച്ചിട്ടുണ്ട്. ആദ്യ സിനിമയൊക്കെ ഫ്ലോപ്പായപ്പോൾ പരിഹാസമായിരുന്നു. എന്നാൽ അച്ഛനും അമ്മയും അപ്പോഴെല്ലാം കട്ടയ്ക്ക് കൂടെയുണ്ടായിരുന്നു. അവരുടെ വിശ്വാസം ആയിരുന്നു എന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം.
ഞാൻ രക്ഷപ്പെട്ടുവെന്ന് അവർക്ക് തോന്നിയ ഒരു പോയിന്റ് വരെയും ബന്ധുക്കൾ പരിഹാസവും ചീത്തവിളിയും ആയിരുന്നു. അവന് എന്തിന്റെ കുറവാണ്, നല്ലൊരു പ്രൊഫഷൻ ഉണ്ടായിട്ടും എല്ലാം കൊണ്ട് തുലച്ചില്ലേ, ആ കുട്ടി നശിച്ചു പോയില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അനൂപ് മേനോൻ പറയുന്നു.
റിട്ടയർമെന്റ് എന്നൊരു കാര്യം ഉണ്ടാകരുതേ എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അനൂപ് വ്യക്തമാക്കി. 'ഇക്കിഗായ് എന്നൊരു ജാപ്പനീസ് കോൺസെപ്റ്റ് ഉണ്ട്, മരണം വരെ ഓരോ ദിവസവും ഉണരാൻ ഒരു കാരണമുണ്ടായിരിക്കണം എന്നാണ് അത് പറയുന്നത്. അതിൽ തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മുടെ രാഷ്ട്രീയ പ്രവർത്തകരൊക്കെ 90 ദിവസം വരെ ജീവിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? അവർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതുകൊണ്ടാണ്', അനൂപ് മേനോൻ പറഞ്ഞു.
ഏറെനാൾ ബാച്ചിലറായി ഇരുന്ന് പിന്നീട് വിവാഹിതനായതിനെ കുറിച്ചും അനൂപ് സംസാരിച്ചു. 'ഞാൻ ഒരിക്കലും വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്ന ആളല്ല. മുപ്പത് കഴിഞ്ഞെങ്കിലും അങ്ങനെയൊരു ചിന്ത ഉണ്ടായിരുന്നില്ല. പിന്നീട് ഞാൻ എന്റെ ഏറ്റവും നല്ല സുഹൃത്തിനെയാണ് വിവാഹം ചെയ്തത്. വിവാഹം എപ്പോഴും നമ്മുടെ സ്വന്തം തീരുമാനം ആയിരിക്കണം. അതൊരിക്കലും ഒരിക്കലും ഒരു സൊസൈറ്റിയുടെ തീരുമാനം ആകരുത്',

'പിന്നെ പ്രായം ഒരു ഘടകമാണ്. ഇരുപത്തഞ്ച് വയസ്സായ ഒരാൾക്ക് ചിലപ്പോൾ ഇത് പറയാൻ കഴിഞ്ഞേക്കില്ല. എനിക്ക് അന്ന് എന്റെ തീരുമാനം തുറന്നുപറയാനും തീരുമാനിക്കാനും ഒക്കെയുള്ള ഫിനാൻഷ്യൽ ഫ്രീഡം ഉണ്ടായിരുന്നു', അനൂപ് പറയുന്നു. ഏതൊരു വിവാഹവും ഒരു കംപാനിയൻ ഷിപ്പ് ആണ്. നല്ല സുഹൃത്തുക്കളാണെങ്കിൽ അത് നല്ല രീതിയിൽ മുന്നോട്ട് പോകും. അല്ലെങ്കിൽ അതിൽ പല വിള്ളലുകളും ഉണ്ടായേക്കാം എന്നും അനൂപ് മേനോൻ കൂട്ടിച്ചേർത്തു.
ഷേമ ആണ് അനൂപിന്റെ ഭാര്യ. 2014ലാണ് ഇരുവരുടേയും വിവാഹം. ഷേമയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭാര്‍ത്താവ് 2006ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. നേരത്തെ മറ്റൊരു അഭിമുഖത്തിൽ ഷേമയെ അല്ലാതെ താൻ മറ്റാരെയും വിവാഹം കഴിക്കാനുള്ള സാധ്യത ഉണ്ടായിരുന്നില്ലെന്നും അനൂപ് മേനോൻ പറഞ്ഞിരുന്നു.


Click it and Unblock the Notifications











